2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

രാജ്യത്തിൻ്റെ യശസ്സുയർത്തിയ പ്രധാനമന്ത്രി

ശ്രീമതി -
 ഇന്ദിരാഗാന്ധിയുടെ  മുപ്പത്തി ഒമ്പതാം ചരമ വാർഷിക ദിനമാണിന്ന്

ഇന്ത്യ കണ്ട പ്രധാന മന്ത്രിമാരിലെ   ഏക വനിതയായിരുന്നു  ഇന്ദിര     1984 ഒക്ടോബർ 31 ന്   സ്വന്തം അംഗരക്ഷകരാൽ   വെടിയേറ്റ്   മരിക്കുമ്പോൾ 67 വയസ്സായിരുന്നു  അവരുടെ   പ്രായം

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ പുത്രിയെന്നതിനപ്പുറം സ്വന്തമായ വ്യക്തിത്വം കൊണ്ട് തന്നെ   ശ്രദ്ധേയമായിരുന്നു  ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ  പൊതു ജീവിതം    നെഹ്റു വിൻ്റെയും   ,ലാൽ ബഹദൂർ ശാസ്ത്രിയുടെയും മന്ത്രിസഭയിൽ  അംഗമായിരുന്ന   ഇന്ദിര ശാസ്ത്രിയുടെ   മരണ ശേഷമാണ്  പ്രധാനമന്ത്രി പദവിയിലെത്തുന്നത്

1969ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വി.വി ഗിരിയെ   പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരിൽ    മത്സരിപ്പിച്ച്   വിജയിപ്പിച്ച     തൻ്റേടിയായിരുന്നു  അവർ.       പാർട്ടിയിലും
സർക്കാരിലും   ഏകാധിപതിയെന്ന ആക്ഷേപത്തിനിരയായെങ്കിലും     രാജ്യത്തിൻ്റെ യശസ്സ് ഉയർത്തുന്നതിൽ മികച്ച സംഭാവന നൽകിയ പ്രധാനമന്ത്രിയായിരുന്നു അവർ.      ബാങ്ക് ദേശസാൽകരണവും പ്രീ വിപ്പേർസ് നിർത്തലാക്കൽ തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങൾ   അവരുടെ ഇഛാശക്തിയുടെ  വിജയമായിരുന്നു    

1975 ലെ  അടിയന്തിരാവസ്ഥാ പ്രഖ്യാപനവും പ്രതിപക്ഷ മാധ്യമ വേട്ടയും  തുടർന്നു 1977 ൽ നടന്ന  തിരഞ്ഞെടുപ്പിലെ തോൽവിയും   അവരുടെ ജീവിതത്തിലെ   ഇരുണ്ട അദ്ധ്യായങ്ങളായിരുന്നുവെങ്കിലും   1980-ൽ പൂർവാധികം ശക്തിയോടെ അധികാരത്തിൽ  തിരിച്ചെത്തിയ  ശ്രീമതി ഗാന്ധിയുടെ  വ്യക്തി പ്രഭാവം    വേറിട്ടു നിൽക്കുന്നു 

പശ്ചിമേഷ്യയിൽ    ഇസ്രയേലിൻ്റെ     താന്തോന്നിത്തത്തിന് 
മുന്നിൽ  മറുത്ത് പറയാൻ  വൻ ശക്തികൾ പോലും അറച്ചു  നിൽക്കുകയും
ഇസ്രയേലിനെതിരായ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിൽക്കുകയും  ഫലസ്തീനിൽ മാനുഷിക മൂല്യങ്ങൾ ചവിട്ടിമെതിച്ച് കൊണ്ട്
ദിനം പ്രതി കുഞ്ഞുങ്ങളടക്കം  ആയിരങ്ങൾ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ        വൻ ശക്തികളുടെ ഇംഗിതത്തിന് വഴങ്ങാത്ത  ചേരി ചേരാ നയത്തിലൂടെ ഭാരതത്തിൻ്റെ യശസ്സുയർത്തിയ ഇന്ദിരയുടെ ഓർമ്മകൾക്ക് പ്രസക്തിയേറുകയാണ്

പി.എൽ ഒ. ചെയർമാനും പാലസ്തീൻ  പ്രസിഡൻ്റുമായിരുന്ന യാസർ  അറഫാത്ത് 
എൻ്റെ സ്വന്തം സഹോദരിയെന്നായിരുന്നു    ശ്രീമതി ഗാന്ധിയെ വിശേഷിപ്പിച്ചിരുന്നത്
ഇന്ത്യയുമായി യാസര്‍ അറഫാത്തിന്‍റെ ബന്ധങ്ങള്‍ എപ്പോഴും നല്ലതായിരുന്നു. 1974ല്‍ പലസ്തീനിനെ അംഗീകരിച്ച ഇന്ത്യ അറബ് രാജ്യമല്ലാത്ത ആദ്യത്തെ രാജ്യമായിരുന്നു

രാജ്യത്തിൻ്റെ മതേതര സ്വഭാവവും ബഹുസ്വരതയും നില നിർത്തുന്നതിലും ശ്രീമതി ഇന്ദിരാഗാന്ധിയുടെ  സംഭാവന    ഏറെ വലുതായിരുന്നു

ഇന്ത്യയെന്നാൽ ഇന്ദിര'യെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു രാജ്യത്തിന്റെ തെരുവുകളിൽ. സമാനതകളില്ലാത്ത ജീവിതമായിരുന്നു ഇന്ദിരാ ഗാന്ധിയുടേത് എന്നതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും സംശയമുണ്ടാകില്ല. മരിക്കുന്നതിന് തലേദിവസം ഒറീസയിലെ ഭുവനേശ്വറിൽ അവർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗം ഇങ്ങനെ ആയിരുന്നു. 'ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. പക്ഷേ ദേശീയ താത്പര്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഞാനിത് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. എനിക്ക് നേരെ എത്ര വധശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആർക്കും കണക്കുണ്ടാവില്ല. ലാത്തിയ്ക്കുള്ള അടികളും. ഇവിടെ ഭുവനേശ്വറിലെത്തിയപ്പോൾ തന്നെ ഒരു ഇഷ്ടിക കഷ്ണം എന്റെ മേൽ പതിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും എന്നെ ആക്രമിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. 

ദീർഘമായ ജീവിതം ഇതുവരെ ജീവിച്ചു. എന്റെ ജനങ്ങളെ സേവിക്കുന്നതിനാണ് ജീവിതം ഉഴിഞ്ഞുവച്ചതെന്ന് പറയുന്നതിൽ എനിക്ക് തികഞ്ഞ അഭിമാനം ഉണ്ട്. അതിൽ മാത്രമാണ് എനിക്ക് അഭിമാനം. അവസാന ശ്വാസം വരെ ആ സേവനം ഞാൻ തുടരുക തന്നെ ചെയ്യും. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരുമെന്ന് എനിക്ക് പറയാൻ സാധിക്കും'.
ഭുവനേശ്വറിലെ പ്രസംഗം അറംപറ്റിയതു പോലെയായി. പരിപാടി കഴിഞ്ഞ് ഡൽഹിയിലെ വസതിയിലേക്ക് ഇന്ദിര മടങ്ങി. പിറ്റേ ദിവസം രാവിലെ ബ്രിട്ടീഷ് നടനും അവതാരകനുമായ പീറ്റർ യൂസ്റ്റിനോവുമായി ഐറിഷ് ടെലിവിഷനുള്ള അഭിമുഖം തീരുമാനിച്ചിരുന്നു. 1984 ഒക്ടോബർ 31 ന് രാവിലെ ഇളം ഓറഞ്ച് സാരിയും കറുത്ത ചെരുപ്പുകളും കയ്യിലൊരു ചുവന്ന ബാഗുമായി ഇന്ദിരാ ഗാന്ധി സഫ്ദർജങിലെ വീട്ടിൽ നിന്നും ഒരു ഗേറ്റിനപ്പുറമുള്ള അക്ബർ റോഡിലെ ഓഫീസിലേക്ക് ഇറങ്ങി. നിമിഷങ്ങൾക്കകം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.






✍🏻 മുസ്തഫ മച്ചിനടുക്കം'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ