2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

മഹാനുഭാവനായ സി.എച്ച്

*മഹാനുഭാവനായ സി.എച്ച്* 



*✍🏻മുസ്തഫ മച്ചിനടുക്കം*


 സി.എച്ച് മുഹമ്മദ് കോയ സാഹിബ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് പോയിട്ട്
നീണ്ടമുപ്പത്തൊമ്പതാണ്ട് പിന്നിടുകയാണിന്ന്

പിന്നോക്കത്തിൻ്റെ കാവടിയേന്താൻ വിധിക്കപ്പെട്ടൊരു സമുദായത്തെ   ആത്മാഭിമാനത്തിൻ്റെ നെറുകയിലേക്ക്   കൈപിടിച്ചാനയിച്ച മഹാ മനീഷിയായിരുന്നു സി.എച്ച്

അരപ്പട്ട കെട്ടിയ കാക്കമാരോടും ,കാച്ചി തുണിയുടുത്ത ഉമ്മമാരോടും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും  അറബി മലയാളം മാത്രം കൈമുതലായിരുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിലേക്ക് കാലിക്കറ്റ് സർവ്വകലാശാല സമർപ്പിക്കുകയും ചെയ്ത പരിഷ്കർത്താവായിരുന്നു സി.എച്ച്

 അറബി ഭാഷാ അദ്ധ്യാപനത്തിനും അദ്ധ്യാപക നിയമത്തിനും ഉടക്ക് വെക്കാൻ ശ്രമിച്ചവരുടെ ആക്ഷേപങ്ങൾക്ക് മുമ്പിൽ കൂസാതെ നിലകൊള്ളുകയും  സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയഅറബി ഭാഷാ ദ്ധ്യാപകരോട്  നിങ്ങൾ പിരിഞ്ഞ് പോവണമെന്നും ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു എന്നും പറയാൻ ആർജ്ജവം കാട്ടുകയും
യൂത്ത് ലീഗിനെ സമര സജ്ജമാക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു സി.എച്ച് 

നെരിയാണിക്ക് മേലെ കയറ്റിയുടുത്ത മുണ്ടും മുഴുകൈയ്യൻ ഷർട്ടുമിട്ട്
രോമ തൊപ്പിയും വെച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുമ്പോഴും ഞാനൊരു അടിയുറച്ച മുസൽമാനാണെന്നുറക്കെ പറയാനും  ആരുടെയും മുടിനാരിഴ അവകാശം ഞങ്ങൾ കവർന്നെടുക്കുകയില്ലെന്നും   തലനാരിഴ അവകാശം ആർക്കും വിട്ടു കൊടുക്കുകയില്ലെന്നും പ്രഖ്യാപിക്കാൻ മടിയേതും കാണിക്കാത്ത ആർജ്ജവത്തിൻ്റെ നാമമായിരുന്നു സി.എച്ച്

കാലിക്കറ്റ് മാത്രമല്ല ശാസ്ത്ര സാങ്കേതിക സർവകലാശാലയായ കുസാറ്റും സി.എച്ചിൻ്റെ സംഭാവനയായിരുന്നു

 അധികാരങ്ങളും പദവികളും ആസ്വാദനത്തിനും അഹങ്കാരത്തി മായല്ലെന്നും ഉത്തരവാദിത്വ നിർവ്വഹണത്തിനാണെന്നുമുള്ള   ഉത്തമ ബോദ്ധ്യത്തോടെ   നീതി പൂർവ്വം പ്രവർത്തിച്ച    ഭരണാധികാരിയും സമുദായ സേവകനുമായിരുന്നു സി.എച്ച് എന്ന ദ്വയാക്ഷരി

 അനുയായി വൃന്ദത്തെ ആവേശത്തിൻ്റെ കൊടുമുടി കയറ്റി തെരുവിൽ ചാവേറുകളാക്കി പാതിവഴിയിലുപേക്ഷിച്ച്
പോവാതെ   അവരെ ദിശാബോധമുള്ളൊരു സമൂഹമാക്കി പരിവർത്തിപ്പിക്കുകയും ചെയ്ത ധിഷണാ ശാലിയുടെ നാമമാണ് സി എച്ച് 

കെ.ആർ ചുമ്മാർ കോറിയിട്ട പോലെ ജവഹർലാൽ നെഹ്റുവിനാൽ ചത്ത കുതിരയെന്ന് വിളിക്കപ്പെട്ട മുസ്ലിം ലീഗ് പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ കുളമ്പടിയൊച്ചയുതിർത്ത് കൊണ്ട് അധികാരത്തിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ആ കുതിര പുറത്ത് മുസ്ലിം ലീഗിൻ്റെ വിജയ വൈജയന്തിയായി നിലയുറപ്പിച്ച മഹാനായിരുന്നു സി.എച്ച്  മുഹമ്മദ് കോയ സാഹിബ്  


അക്ഷരങ്ങളെ വജ്രായുധമാക്കിയ
തൂലികയേന്തിയ പടനായകനെ കുറിച്ച്
എഴുതാൻ ആവനാഴിയിലേറെയുണ്ടെങ്കിലും തത്ക്കാലം ചുരുക്കുന്നു