2018, മാർച്ച് 31, ശനിയാഴ്‌ച

ശിഹാബ്തങ്ങള്‍ ഇനി ഓര്‍മയിലെ തണല്‍വൃക്ഷം

ശിഹാബ്തങ്ങള്‍ ഇനി ഓര്‍മയിലെ തണല്‍വൃക്ഷം

By: പി. ബാലകൃഷ്ണന്‍

Published:3 Aug 2009, 03:30 am

മലപ്പുറം: അവര്‍ വാഹനങ്ങളിലും വഴിനടന്നും ഏറെദൂരം സഞ്ചരിച്ച് ആ വീട്ടുമുറ്റത്തെത്തി. മിക്കവരും ദരിദ്രരായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നും ഒടുവില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ എന്ന ലാളിത്യമാര്‍ന്ന ആ മനുഷ്യനുമുമ്പില്‍ എല്ലാ സങ്കടങ്ങളും തുറന്നുപറഞ്ഞു. പലരും കരഞ്ഞു. പക്ഷേ, എല്ലാറ്റിനും അവിടെ പരിഹാരമുണ്ടായിരുന്നു. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് മടങ്ങുക. ഏത് മതസ്ഥര്‍ക്കും ഏത് സാമ്പത്തികസ്ഥിതിയിലുള്ളവര്‍ക്കും ഏതുസമയത്തും വന്ന് മനസ്സിലുള്ളതെല്ലാം തുറന്നുപറയാനും വേദനകള്‍ ഇറക്കിവെക്കാനുമുള്ള അത്താണിയാണ് തങ്ങള്‍ വിടപറഞ്ഞതോടെ നഷ്ടമായത്. ഈ നഷ്ടബോധം നെഞ്ചില്‍പേറുന്നവരാണ് നാടിന്റെ നാനാതുറകളില്‍നിന്നും ഓടിയെത്തി ഞായറാഴ്ച മലപ്പുറത്തിന്റെ വഴികളെ നിറച്ചത്. അക്കൂട്ടത്തില്‍ പണക്കാരനും ദരിദ്രനുമുണ്ടായിരുന്നു. പക്ഷേ, എല്ലാവരും പങ്കുവെക്കുന്നത് ഒരേ നഷ്ടബോധം - എന്തിനും പരിഹാരം കണ്ടെത്താന്‍ എപ്പോഴും സാന്ത്വനമാകാന്‍ ഇനി ശിഹാബ്തങ്ങളില്ല. തങ്ങള്‍ എന്നത് ഒരു വ്യക്തിയായിരുന്നില്ല; വലിയൊരു തണലായിരുന്നു. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട് ഒരു മരുപ്പച്ചയും. സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെപ്പോലെ തിരക്കുള്ള ഒരു നേതാവിനെ കണ്ടുമുട്ടുക പ്രയാസമായിരിക്കും. മതം, രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിരവധി തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയപ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനും കെട്ടുപിണഞ്ഞ തര്‍ക്കങ്ങളില്‍ മാധ്യസ്ഥം വഹിക്കാനും മഹാസമ്മേളനങ്ങള്‍ മുതല്‍ ഗൃഹപ്രവേശംവരെയുള്ള മത, രാഷ്ട്രീയ, കുടുംബ ചടങ്ങുകള്‍ക്ക് ക്ഷണിക്കാനും മസ്ജിദുകള്‍ മുതല്‍ കച്ചവടസ്ഥാപനങ്ങള്‍വരെ ഉദ്ഘാടനംചെയ്യാനും തുറക്കാനുംവേണ്ടി കാത്തുനില്‍ക്കുന്നവര്‍ക്ക് അദ്ദേഹം സമയംകണ്ടെത്തുന്നു. അതേ അവസരത്തില്‍ത്തന്നെ ആധികളുടെയും വ്യാധികളുടെയും ഭാണ്ഡക്കെട്ടുകളുമായി കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുവെന്നത് തങ്ങളിലെ മനുഷ്യസ്‌നേഹം പ്രകടമാക്കുന്നു. അശരണരുടെയും അഗതികളുടെയും ദുഃഖസാന്ദ്രമായ കഥകള്‍ ഒരു യോഗിയുടെ മനസ്സോടെ തങ്ങള്‍ എന്നും കേട്ടുകൊണ്ടിരുന്നു. അവരുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനുള്ള സിദ്ധി പൈതൃകമായി ലഭിച്ചതാണെന്ന് തങ്ങള്‍ വിശ്വസിച്ചു. പിതാവ് പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍ ഉപയോഗിച്ചിരുന്ന അതേ വട്ടമേശയുടെ സമീപത്തിരുന്നാണ് അദ്ദേഹം പാവങ്ങളുടെ കഥ കേട്ടത്. ഈ സമയത്ത് എത്തുന്ന വിശിഷ്ടാതിഥികളെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുക മാത്രമേ അദ്ദേഹം ചെയ്യുമായിരുന്നുള്ളൂ. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സജീവമായിരുന്ന പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ പൂമുഖം പൈതൃകമായി ഇനി പുതിയ തലമുറയ്ക്ക് വഴിമാറുകയാണ്. അശരണരും അഗതികളും മറ്റു വിവിധ തുറകളിലുള്ളവരും ഇനിയും ആ മുറ്റത്തെത്തും. അപ്പോഴും അവരുടെയെല്ലാം മനസ്സില്‍ തങ്ങളെക്കുറിച്ചുള്ള ഓര്‍മകളായിരിക്കും.

 

 


ശിഹാബ് തങ്ങൾ

ദേശാഭിമാനിയായ സമുദായസേവകന്‍

By: കെ.പി. കുഞ്ഞിമൂസ

Published:2 Aug 2009, 03:30 am

സാമുദായികമൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച തങ്ങള്‍, ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അംബാസഡറായിരുന്നു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. നന്മയുടെ കൂട്ടായ്മയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. പോഷകസംഘടനകളെ സേവനപാതയിലൂടെ ചരിപ്പിക്കാന്‍ ആത്മാര്‍ഥമായി അദ്ദേഹം യത്‌നിച്ചു

മുസ്‌ലിങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും രാഷ്ട്രനിര്‍മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ദേശീയകടമയാണ് മുസ്‌ലിം ലീഗിന് നിര്‍വഹിക്കാനുള്ളതെന്ന് ഉറച്ചുവിശ്വസിച്ച സമാദരണീയനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങള്‍ വസിക്കുന്ന ഇന്ത്യയെപ്പോലുള്ള മഹാരാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗമാണ് ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും മറ്റുനേതാക്കളും കാണിച്ചുതന്നതെന്ന് ആവര്‍ത്തിച്ചുപറയാറുള്ള ശിഹാബ് തങ്ങള്‍, ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് നേതൃസ്ഥാനത്ത് സ്വീകരിച്ചത്. സാംസ്‌കാരികവും വിശ്വാസപരവുമായ വ്യക്തിത്വം നിലനിര്‍ത്താനുള്ള അവകാശം, എല്ലാ പുരോമനരാഷ്ട്രങ്ങളും അംഗീകരിച്ച മൗലികാവകാശമാണെന്ന് സമര്‍ഥിക്കാറുള്ള ശിഹാബ് തങ്ങള്‍ മതേതര, ജനാധിപത്യ വിശ്വാസികളുമായി സഹകരിച്ച് രാഷ്ട്രീയദൗത്യം നിര്‍വഹിക്കാന്‍മുന്‍കൈയടുത്തു. ഏതുകാര്യവും ഏറെ ചിട്ടയോടെയും കൃത്യതയോടെയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ രീതി. ചെറുപ്പംമുതലേ എഴുത്തുകാരനായിരുന്നു തങ്ങള്‍. ഈജിപ്തില്‍ പഠിച്ചുകൊണ്ടിരിക്കെ, ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതാറുള്ള തങ്ങള്‍, പിന്നീട് 'ചന്ദ്രിക'യുടെ നടത്തിപ്പുകാരായ മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ വഹിച്ച സ്ഥാനങ്ങള്‍ ഏറ്റെടുത്ത ശിഹാബ് തങ്ങള്‍ക്ക്, ഭാര്യാപിതാവ് സെയ്ദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ രാഷ്ട്രീയപ്രബുദ്ധത ഏറെ സഹായകമായി. സി.എച്ച്. മുഹമ്മദ്‌കോയയുടെയും ബി.പി. അബ്ദുള്ളക്കോയയുടെയും സ്ഥിരമായ സാന്നിധ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നയരൂപവത്കരണത്തില്‍ ശിഹാബ്തങ്ങള്‍ക്ക് താങ്ങും തണലുമായി. സംഘടനാപിളര്‍പ്പിനുശേഷം വീണ്ടും മുസ്‌ലിം ലീഗ് യോജിച്ചുനിന്നപ്പോള്‍ സെയ്ദ് ഉമര്‍ ബാഫഖി തങ്ങളും കേയി സാഹിബും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഉപദേശങ്ങള്‍ അദ്ദേഹം തേടി. ശിഹാബ് തങ്ങളുടെ ഈജിപ്തിലെ സഹപാഠികളായി ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. മാലിയിലെ മന്ത്രിയായ ഫാത്തുള്ള ജമീല്‍ എന്ന സഹപാഠി ക്ഷണിച്ചതനുസരിച്ച് മാലിദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ അന്ന് 'ചന്ദ്രിക' അസിസ്റ്റന്റ് എഡിറ്ററായിരുന്ന, യു.എ. ബീരാന്‍ സാഹിബിനെ കൂടെ കൊണ്ടുപോയി. കയ്‌റോവിലെ മറ്റൊരു സതീര്‍ഥ്യനായിരുന്ന ബര്‍മ സ്വദേശി ജമാല്‍, മാലിയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നപ്പോഴാണ് സന്ദര്‍ശനം. മാലി പ്രസിഡന്റ് മഖ്മൂല്‍ അബ്ദുള്‍ ഖയൂമും വിദേശകാര്യമന്ത്രി ജമീലും കേരളം സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാന്‍ തങ്ങള്‍ കൊച്ചിയിലെത്തി. ചരിത്രകുതുകിയായ തങ്ങള്‍, എവിടെയെത്തിയാലും ചരിത്രശകലങ്ങള്‍ പെറുക്കിയെടുക്കുന്നതില്‍ വലിയ തത്പരനായിരുന്നു. സലാലയിലും കുവൈത്തിലും ചരിത്ര സ്മാരകങ്ങളിലും മ്യൂസിയത്തിലും മണിക്കൂറുകള്‍ തങ്ങള്‍ ചെലവഴിക്കുമായിരുന്നു. അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രം ചികഞ്ഞുകൊണ്ട് അദ്ദേഹം കണ്ണൂരില്‍ പഠനപര്യടനംതന്നെ നടത്തിയിട്ടുണ്ട്. അറബി, ഉറുദു ഭാഷകളുടെ നിലനില്പിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. സാമുദായികമൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച തങ്ങള്‍, ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അംബാസഡറായിരുന്നു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. നന്മയുടെ കൂട്ടായ്മയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. പോഷകസംഘടനകളെ സേവനപാതയിലൂടെ ചരിപ്പിക്കാന്‍ ആത്മാര്‍ഥമായി അദ്ദേഹം യത്‌നിച്ചു. പൂര്‍വികര്‍ കൂട്ടായ്മയിലൂടെ ചൊരിഞ്ഞ ചിന്തയുടെ കനലുകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം. സ്നേഹവികാരങ്ങളുടെ പിന്‍ബലത്തോടെ വിനയാന്വിതനായി ചുമതലകള്‍ നിര്‍വഹിച്ച തങ്ങളെ, ഉദ്ഘാടനത്തിനു കിട്ടാന്‍ സ്ഥാപനങ്ങളും വ്യക്തികളും പാണക്കാട്ട് തമ്പടിച്ചിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ക്ക് തങ്ങള്‍ അവതാരികകള്‍ എഴുതിയിട്ടുണ്ട്. മണ്‍മറഞ്ഞ വ്യക്തികളെക്കുറിച്ച് തങ്ങള്‍ എഴുതിയ അനുസ്മരണലേഖനങ്ങള്‍ മുഴുക്കെ അവരുടെ ശ്രദ്ധേയമായ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നവയായിരുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വൈദേശികാധിപത്യത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ അര്‍പ്പിച്ച രക്തത്തിന്റെ അളവും ത്യാഗത്തിന്റെ ആഴവും വിവരണാതീതമാണെന്ന് പുതിയ തലമുറയെ അദ്ദേഹം ബോധവാന്മാരാക്കി. വിഭജനത്തെത്തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ആത്മധൈര്യം ചോര്‍ന്നുപോയതും അതിശക്തമായ അപകര്‍ഷബോധവുമായി ജനപഥം അലക്ഷ്യമായി നീങ്ങിയതും പാഠമാക്കി ആത്മധൈര്യവും ചൈതന്യവും നല്‍കി അവരെ ദേശീയജീവിതത്തിന്റെ ധാരയിലേക്ക് കൈപിടിച്ചാനയിച്ച മുസ്‌ലിം ലീഗിന്റെ നേതൃത്വം, ശ്രമകരവും ക്ലേശപൂര്‍ണവുമായ ഒരു ദൗത്യമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ദേശീയജീവിതത്തിന്റെ ധാരയില്‍നിന്ന് ഒറ്റപ്പെടാതെ അഭിമാനവും അന്തസ്സുമുള്ള ഒരു സമൂഹമായി ന്യൂനപക്ഷത്തെ മുന്നോട്ടു നയിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. സ്വദേശസ്നേഹവും സമുദായസ്നേഹവും ഒരിക്കലും കൂട്ടിമുട്ടാത്തരണ്ടു നേര്‍രേഖകളായിരുന്നു എന്നദ്ദേഹം തെളിയിച്ചു. സ്വതന്ത്രഭാരത്തില്‍, വിശിഷ്യാ കേരളത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തിയെ ന്യായീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലും അദ്ദേഹം പ്രിയങ്കരനായിരുന്നു. ദേശാഭിമാനിയായ സമുദായസേവകനാണ് തങ്ങളുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത്.

 


.

2018, മാർച്ച് 25, ഞായറാഴ്‌ച

ചന്ദ്രികക്ക് 84 വയസ്സ്


ഇരുള്‍ വഴികളിലെ ചന്ദ്രികാവെളിച്ചം

ചന്ദ്രികക്ക് ഇന്ന് 84

March 26, 2018

    

കെ.പി കുഞ്ഞിമ്മൂസ

പ്രതിവാര പത്രമായി 1934-ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്നത് മത-സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വടക്കെ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി പരിണമിച്ചപ്പോള്‍ ബാസല്‍ മിഷനറിമാരില്‍നിന്ന് അച്ചടിയുടെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു തലശ്ശേരി പട്ടണത്തിലെ പൂര്‍വ്വികര്‍.
കേരളത്തിലെ പ്രഥമ മുസ്‌ലിം മുദ്രണാലയം തലശ്ശേരിയില്‍ സ്ഥാപിതമാവുന്നതിന് മുമ്പ് ബോംബെയില്‍ പായക്കപ്പലില്‍ പോയി കല്ലച്ചില്‍ മുദ്രണം ചെയ്തുകൊണ്ടുവരുന്ന കിത്താബുകള്‍ക്കായിരുന്നു പ്രചാരം. തലശ്ശേരിയിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഈ സമ്പ്രദായത്തിന് അറുതിവരുത്തി. മായന്‍കുട്ടി എളയ, പുതിയോട്ടില്‍ അബ്ദുല്ല മുസ്‌ല്യാര്‍, വയപ്രത്ത് ബങ്കളയില്‍ കുട്ട്യാത്ത തുടങ്ങിയവര്‍ ഭാഷാ സംസ്‌കാരത്തിന്റെ പാരമ്പര്യ മഹത്വത്തിന് വെളിച്ചം വീശിയപ്പോള്‍ ഉദാരമതികളും ധര്‍മ്മിഷ്ഠരും സംസ്‌കാര സമ്പന്നരുമായ വ്യക്തിത്വങ്ങള്‍ ഒരു കൊച്ചു നൗകയെ വെള്ളത്തിലിറക്കി തുഴയുകയായിരുന്നു.

അച്ചടി മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അവഗാഹമുള്ള ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടുസാഹിബും മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രഥമ ട്രഷററായിരുന്ന സി.പി മമ്മുക്കേയിയും ആ ഉല്‍കൃഷ്ട പൈതൃകത്തിന്റെ കാവല്‍ഭടനെ കണ്ടത് കെ.എം സീതിസാഹിബിലായിരുന്നു. പിതൃതുല്യമായ വാത്സല്യവും ഗുരുതുല്യമായ പ്രോത്സാഹനവും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തന രംഗത്ത് കഴിവും കരുത്തും പ്രകടിപ്പിച്ച പ്രതിഭാശാലികളായ എഴുത്തുകാരില്‍ നിന്നും ലഭിച്ചപ്പോള്‍ സ്‌നേഹത്തിന്റെ വിളക്കുമാടം സൃഷ്ടിച്ച വെളിച്ചം നാട്ടിലും മറുനാട്ടിലുമുള്ള വരിക്കാരും വായനക്കാരും ആശ്ചര്യത്തോടെ ആസ്വദിച്ചു. ചന്ദ്രികയുടെ മുന്നേറ്റത്തിന്റെ കരുത്തിനെക്കുറിച്ച് ആദ്യ പത്രാധിപര്‍ കെ.കെ മുഹമ്മദ് ഷാഫി മുതല്‍ പ്രഥമ പ്രിന്ററും പബ്ലിഷറുമായ വി.സി അബൂബക്കര്‍ സാഹിബ് വരെ അയവിറക്കുമ്പോള്‍ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബെന്ന പത്രാധിപ പ്രതിഭയെക്കുറിച്ച് പറഞ്ഞാല്‍ തീരാത്ത കഥകളുടെ കെട്ടഴിക്കും. സീതിസാഹിബും സി.എച്ചും വി.സിയും ചരിത്ര വസ്തുക്കള്‍ രേഖപ്പെടുത്തി വെച്ചതുകൊണ്ടാണ് ചന്ദ്രികയുടെ ആദ്യകാല ചരിത്രം തലമുറകള്‍ക്ക് പകര്‍ത്താനായത്.

തിരുകൊച്ചി ഭാഗത്തുനിന്ന് മലബാറിലേക്ക് അക്ഷര വിപ്ലവം പറിച്ചുനട്ട മഹത്തുക്കളുടെ കൈത്താങ്ങ് ചന്ദ്രികയുടെ ഉദയത്തിന് സഹായകമായി. തലശ്ശേരി പാരീസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രൂപീകൃതമായ മുസ്‌ലിം ക്ലബ് ചന്ദ്രികയുടെ തുടക്കസ്ഥലമെന്ന് നമുക്കറിയാം. ഇതേപോലെ തൃക്കരിപ്പൂരിലെ കൈക്കോട്ട്കടവ് യങ്‌മെന്‍സ് മുസ്‌ലിം അസോസിയേഷനും (വൈ.എം.എ) ചന്ദ്രികയുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരുകൊച്ചിയില്‍ നിന്ന് ഇസ്‌ലാം മതം ആശ്ലേഷിച്ച് എത്തിയ ഡോ. കമാല്‍ പാഷ തയ്യില്‍, ജലാലുദ്ദീന്‍ എന്നിവര്‍ക്ക് 1933-ല്‍ നല്‍കിയ സ്വീകരണത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ കെ.എം സീതി സാഹിബാണ് എത്തിയത്. ടി.എം കുഞ്ഞാമദ് സാഹിബ് എന്ന കര്‍മ്മധീരന്റെ നേതൃത്വവും വള്‍വക്കാടിലെ എം.കെ അബ്ദുല്ലയുടെയും ഉടുമ്പുന്തല ടി.ടി.പി കുഞ്ഞാമു സാഹിബിന്റെയും വി.കെ.പി അബ്ദുറഹിമാന്‍ വൈതാനിയുടെയും അക്ഷരസ്‌നേഹവും സമുദായാഭിമാനവും മറക്കാനാവില്ലെന്ന് സി.എച്ചും ടി. ഉബൈദ് സാഹിബും അനുസ്മരിച്ചിട്ടുണ്ട്.

വടക്കെ മലബാറിലെ പുരാതനവും പ്രസിദ്ധവുമായ പള്ളി ദര്‍സുകളും ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്നവര്‍ മുസ്‌ലിം ലീഗിനെയും ശക്തമാക്കാന്‍ പാടുപെട്ടു. പക്വമതിയായ ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീതി സാഹിബ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പഠന കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചതിനെയാണ് അനുയായികള്‍ എടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നത്. പിതാവ് ശീതി മുഹമ്മദ് സാഹിബ് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ വരുത്തിയ കാലം അത് പൂര്‍ണമായും പരിഭാഷപ്പെടുത്താനുള്ള ഉത്തരവാദിത്തം സീതി സാഹിബിനെ ഏല്‍പ്പിക്കുകയാണ് പതിവ്. വര്‍ത്തമാന പത്രങ്ങളുമായി കുട്ടിക്കാലത്തെ ബന്ധം ജ്ഞാനധന്യരായ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രോത്സാഹിപ്പിച്ചു. വക്കം അബ്ദുല്‍ഖാദര്‍ മൗലവി, സനാവുള്ളമക്തിതങ്ങള്‍, ഹമദാനി ശൈഖ് എന്നിവര്‍ സീതി സാഹിബിനെക്കൊണ്ട് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിച്ചു. എറണാകുളത്ത് നിന്ന് ഐക്യം എന്ന പേരില്‍ ദേശീയ വാരിക സീതി സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകൃതമായി.

ഭിന്നശ്രേണികളില്‍ ഖ്യാതി നേടിയെടുത്തവരുടെ ആദ്യകാല കളരി ചന്ദ്രികയായിരുന്നു. കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളും നാടകകൃത്തുക്കളും സംഗീതജ്ഞരും സംവിധായകരും സാംസ്‌കാരിക നായകരും മതപണ്ഡിതന്മാരും കാര്‍ഷിക വിദഗ്ധരും ഹാസ്യശിരോമണികളും ഇതില്‍ പെടും.

മഹാകവി ജി. ശങ്കരക്കുറുപ്പും മഹാകവി വള്ളത്തോളും ശുരനാട് കുഞ്ഞന്‍പിള്ളയും തകഴി ശിവശങ്കപിള്ളയും പൊന്‍കുന്നം വര്‍ക്കിയും പി. കേശവദേവും വൈക്കം മുഹമ്മദ് ബഷീറും എസ്.കെ പൊറ്റക്കാടും മൂര്‍ക്കോത്ത് കുമാരനും മൂര്‍ക്കോത്ത് കുഞ്ഞപ്പയും ചന്ദ്രികയുടെ കോളങ്ങളില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ കോലാരത്ത് രാഘവന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നു. തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രതിവാര പത്രമായി ആരംഭിച്ച കാലത്ത് കോലാരത്ത് രാഘവനും പത്മനാഭന്‍ തലായിയും പയ്യമ്പള്ളി ഉമ്മര്‍കുട്ടിയും കോയിത്തട്ടയും തയ്യിലകണ്ടി സി. മുഹമ്മദുമൊക്കെ അക്ഷരാര്‍ത്ഥത്തില്‍ വായനക്കാരുടെ ദാഹം അകറ്റുകയായിരുന്നു. പത്രാധിപ സമിതി അംഗങ്ങളും ജീവനക്കാരും ഒറ്റക്കെട്ടായിനിന്നു എന്നതാണ് പ്രത്യേകത.

ആനവാരിയും പൊന്‍കുരിശും എട്ടുകാലി മമ്മൂഞ്ഞും വസിക്കുന്ന സ്ഥലങ്ങളില്‍ ചന്ദ്രിക എത്തിയപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും നിവാരണമുണ്ടാക്കുന്ന മുഴയന്‍ നാണു മടരായി ശങ്കുറൈറ്ററും ഫോര്‍മേന്‍ ഉമ്മര്‍ക്കയും കെ.പി മമ്മൂക്കയും അല്ലൂക്കയും പ്രസില്‍ കാവലിരുന്നു. പരന്നൊഴുകുന്ന പാണ്ഡിത്യവും ഒളിചിതറുന്ന പ്രതിഭയുമായി ക്ഷീണവും വിശ്രമവുമില്ലാതെ തൂലിക ചലിപ്പിക്കാന്‍ കെ.എം സീതി സാഹിബും ഇ.കെ മൗലവിയും കെ.എം മൗലവിയും അബ്ദുല്‍ഖാദര്‍ ഖാരിയും ഒ. അബുസാഹിബും പുന്നയൂര്‍ക്കുളം ബാപ്പുവും എ.കെ ഹമീദും മാറ്റത്തിന്റെ മണിയൊച്ച കേള്‍പ്പിച്ചു. കൊച്ചി രാജാവിന്റെ വലംകയ്യായിരുന്ന ഇളമന കൃഷ്ണമേനോന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിയ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് സാഹിബിന്റെ പാത പിന്തുടരുകയായിരുന്നു ചന്ദ്രികയുടെ നടത്തിപ്പുകാര്‍. മുക്കാട്ടില്‍ മൂസാ സാഹിബും കിടാരന്‍ അബ്ദുറഹിമാനും സി.പി മമ്മുക്കേയിയും ഉള്‍പ്പെടെയുള്ള നടത്തിപ്പുകാരുടെ മുന്നേറ്റം നസ്രാണി ദീപികക്കാരെ ചൊടിപ്പിച്ചെങ്കിലും പത്രം എന്തു ത്യാഗം സഹിച്ചും നടത്തിപ്പോരുന്നതിനുള്ള പ്രതിജ്ഞ അക്ഷര സ്‌നേഹികള്‍ ശിരസാവഹിക്കുകയായിരുന്നു.

ബര്‍മ്മയിലും പാക്കിസ്താനിലും സിലോണിലും അധിവസിക്കുന്ന മലയാളികളുടെ ഇഷ്ട പത്രമായി ചന്ദ്രിക മാറി. ജാതി-മതഭേദമന്യെ വായനക്കാരും ഏജന്റുമാരും എഴുത്തുകാരും ഇതിനെ ശിരസ്സേറ്റി. ‘അബലയുടെ പ്രതികാര’വും ‘തുര്‍ക്കി വിപ്ലവ’വും ഉര്‍ദുവില്‍ നിന്ന് പരിഭാഷപ്പെടുത്തി ജനമനസ്സുകളെ കോള്‍മയിര്‍ കൊള്ളിച്ച വലപ്പാട്ടുകാരന്‍ വി. അബ്ദുല്‍ ഖയ്യൂം ബുറാഖുമായി ചന്ദ്രികയിലെത്തിയപ്പോള്‍ കണ്ണൂര്‍ക്കാരന്‍ എം. അബൂബക്കര്‍, മുന്‍ഷി ഫാസിലുമായി അങ്കത്തട്ടില്‍ വിലസി. മുടങ്ങിയും തുടങ്ങിയും വീണ്ടും മുടങ്ങിയും ഈ പംക്തികള്‍ പതിറ്റാണ്ടുകള്‍ തള്ളിനീക്കി. പത്രം ചിറകുകളില്‍ വര്‍ണം കലര്‍ത്തി പുതിയ കാലത്തെ അഭിമുഖീകരിച്ചു. പ്രൊഫസര്‍ അബ്ദുറഹിമാന്‍ സാഹിബ് എന്ന പൊന്നാനിക്കാരനും സി.എം കുട്ടി എന്ന താനൂര്‍ക്കാരനും മമ്മത്തു എന്ന കൊടുവള്ളിക്കാരനും നടക്കാവില്‍ എടമേങ്കയ്യന്‍ അബ്ദുറഹിമാന്‍ സാഹിബിന്റെ വസതി മീഡിയാ സെന്ററാക്കിയപ്പോഴുള്ള നാളുകളെക്കുറിച്ച് സി.എച്ചും വി.സിയും സരസമായി വിവരിച്ചതാണ്.

എ.കെ കുഞ്ഞിമായന്‍ ഹാജി എന്ന പലാപ്പറമ്പുകാരന്‍ കോട്ടാല്‍ ഉപ്പി സാഹിബിന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വൈ.എം.സി.എ റോഡില്‍ ചന്ദ്രിക പറിച്ചുനട്ടപ്പോള്‍ നട്ടപ്പാതിര നേരത്തും നട്ടും ബോള്‍ട്ടും മുറുക്കി അച്ചടിയന്ത്രം ശബ്ദിച്ചു. ഇവിടുന്നങ്ങോട്ടുള്ള ചന്ദ്രികയുടെ ചരിത്രത്തില്‍ ഏറ്റവും സക്രിയമായ ഒരു ഘടകമായി പത്രവും സംഘടനയും മാറിയതായി കാണാം. സത്യത്തിന്റെ തീരത്തെ മന്ദമാരുതനായി ചന്ദ്രിക മാറിയതിന് പിന്നില്‍ സി.എച്ച് മുഹമ്മദ്‌കോയ എന്ന പത്രാധിപരുടെ പങ്ക് വളരെ വലുതാണ്.

വെള്ളയില്‍ പ്രദേശത്ത് പിടിച്ചാല്‍ കിട്ടാത്തവിധം വര്‍ഗീയ കലാപത്തിന് വഴിമരുന്നിട്ടപ്പോള്‍ കോഴിക്കോട് കലക്ടറേറ്റില്‍ നിന്ന് കലക്ടര്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി ആദ്യം വിളിച്ചത് ചന്ദ്രികയില്‍ സി.എച്ചിനെയാണ്. ഓട്ടോറിക്ഷയോ, മൊബൈല്‍ഫോണോ ഇല്ല. ഒരു സൈക്കിളിന്റെ പിറകിലെ സീറ്റിലിരുന്ന സി.എച്ച് നടക്കാവ് സ്റ്റേഷനിലെത്തി. മലയാറ്റൂര്‍ സി.എച്ചിനോട് സംഗതിയുടെ ഗൗരവം വിശദീകരിച്ചു. കടലില്‍ വെച്ച് അരയസമുദായക്കാരും മുസ്‌ലിം മീന്‍പിടുത്തക്കാരും തമ്മിലുള്ള വാക്കേറ്റം കരയില്‍ കത്തിക്കുത്തില്‍ കലാശിച്ചിരിക്കുന്നു. എന്തു ചെയ്യണം. സി.എച്ച് പറഞ്ഞു; എല്ലാ പത്രപ്രവര്‍ത്തകരെയും വിളിക്കാന്‍. വി.എം നായരും തെരുവത്ത് രാമനും കെ.പി കേശവമേനോനും ഉള്‍പ്പെടെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍. ഒരു കൂട്ടം പത്രാധിപ പ്രതിഭകള്‍ വന്നു. എല്ലാവരോടും ജാഥയായി വെള്ളയിലേക്ക് നീങ്ങാനായിരുന്നു സി.എച്ചിന്റെ ഉപദേശം. കലക്ടറുടെ നേതൃത്വത്തില്‍ എത്തിയ ജാഥ കണ്ട് ജനം അന്തംവിട്ടു. എല്ലാ കുഴപ്പങ്ങള്‍ക്കും അതോടെ വിരാമമായി. വെള്ളയിലുള്ളവര്‍ ഒന്നിച്ചുനിന്നാലുള്ള ഗുണങ്ങളായിരുന്നു പ്രസംഗത്തില്‍ കേട്ടത്.

നടുവട്ടത്ത് വെടിവെപ്പുണ്ടായപ്പോള്‍ സി.എച്ചിന് ഈ സന്ദേശം പകര്‍ന്നു നല്‍കിയത് സീതി സാഹിബായിരുന്നു. സി.എച്ച് എഴുതിയ മുഖപ്രസംഗം കീറിക്കളയുകയും രണ്ട് വിഭാഗത്തെയും യോജിപ്പിക്കാനുള്ള വരികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തത് സി.എച്ച് പറയും. വാടനപ്പള്ളി ടി.ബിയില്‍ സമാധാന യോഗം നടക്കവെ നമസ്‌കാരത്തിന് സമയമായപ്പോള്‍ ബാഫഖി തങ്ങള്‍ക്ക് അംഗശുദ്ധി വരുത്താന്‍ വെള്ളം കൊണ്ടുവന്ന കെ.ജി മാരാരെപ്പറ്റിയും സി.എച്ച് പരമാര്‍ശിക്കും. പയ്യോളിയില്‍ കലാപമൊതുക്കാന്‍ ബാഫഖി തങ്ങള്‍ സ്വീകരിച്ച മാര്‍ഗം ചന്ദ്രികയിലൂടെയാണ് വി.കെ അബുവിനെക്കൊണ്ട് സി.എച്ച് എഴുതിച്ചത്.

തലശ്ശേരി സൈദാര്‍ പള്ളി പരിസരത്തുകൂടി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ചെണ്ടകൊട്ടി ഘോഷയാത്ര നടത്തുന്നതിനെ ഇല്ലാതാക്കിയത് ഉപ്പോട്ട് കണാരി വൈദ്യരായിരുന്നു. ക്ഷേത്ര പരിസരത്ത് പോയി മറ്റു സമുദായക്കാരായ സ്ത്രീകളെ ശല്യപ്പെടുത്തരുതെന്ന് ഇ.കെ മൗലവിയെക്കൊണ്ട് ചന്ദ്രികയിലാണ് പ്രസ്താവന ഇറക്കിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും ശ്രീനാരായണഗുരു സ്വാമികളും തമ്മിലുള്ള ആത്മബന്ധം സീതി സാഹിബ് ചന്ദ്രികവഴി വിവരിച്ചിട്ടുണ്ട്. സ്വദേശാഭിമാനി പത്രം മൗലവി ആരംഭിച്ചപ്പോള്‍ അതിന്റെ രണ്ടാമത്തെ പത്രാധിപരായ കെ. രാമകൃഷ്ണപിള്ളയെ വായനക്കാര്‍ക്ക് സീതി സാഹിബാണ് പരിചയപ്പെടുത്തിയത്. ഒരു സമുദായം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും അടിമപ്പെട്ടുപോയപ്പോള്‍ അവരെ തട്ടിയുണര്‍ത്തി വിദ്യാഭ്യാസവും മതബോധവുമുള്ളവരാക്കിയ അക്ഷര സ്‌നേഹികളെയാണ് ഗുരുസ്വാമികള്‍ കണ്ടെത്തിയത്. ചരിത്ര പ്രസിദ്ധമായ സര്‍വമത സമ്മേളനം ആലുവയില്‍ നടന്നപ്പോള്‍ ഇ.കെ മൗലവിയുടെ പ്രസംഗം ശ്രവിച്ച ഗുരുസ്വാമികള്‍ അദ്ദേഹത്തെ അദൈ്വതാശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആദരിച്ചത് സീതി സാഹിബിനെ ഏറ്റവും ആഹ്ലാദിപ്പിച്ച സംഭവമാണ്.

നല്ലൊരു ദിനപത്രം, ആഴ്ചപതിപ്പ്, പ്രസിദ്ധീകരണാലയം എഴുത്തുകാര്‍… ഇതായിരുന്നു സീതി സാഹിബിന്റെ ലക്ഷ്യം. ചന്ദ്രികയും വാരികയും മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ പുസ്തക പ്രസിദ്ധീകരണാലയവും ക്രസന്റ് വാരികയുടെ അനുമതിപത്രവുമൊക്കെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരുന്നു. (അവസാനിക്കുന്നില്ല)

2018, മാർച്ച് 11, ഞായറാഴ്‌ച

മതേതര ഇന്ത്യയുടെ ഹരിതശോഭയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് എഴുപത് വയസ്സ്


മതേതര ഇന്ത്യയുടെ ഹരിതശോഭയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് എഴുപത് വയസ്സ്

March 11, 2018

    

എം.സി വടകര

ചരിത്രം ചെവിയോര്‍ത്തു നിന്ന മുസ്‌ലിം ലീഗിന്റെ രൂപീകരണ സമ്മേളനം 1948 മാര്‍ച്ച് 10-ാം തീയതി രാവിലെ 10 മണിക്ക് തന്നെ മദ്രാസിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അഥവാ ഇപ്പോഴത്തെ രാജാജി ഹാളില്‍ ആരംഭിച്ചു. 147 പേരാണ് ഇതില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേര്‍ മാത്രമാണ് പങ്കെടുത്തത്.

എ.കെ ജമാലി സാഹിബ് പ്രാര്‍ത്ഥന നടത്തി. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആധ്യക്ഷ്യം വഹിച്ചു. വന്ദ്യവയോധികനും സ്വാതന്ത്ര്യസമരനായകനും വീരവിപ്ലവകാരിയുമായ മൗലാനാ ഹസ്‌റത്ത് മോഹാനി ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ചു. മദ്ധ്യപ്രദേശില്‍ നിന്ന് സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍ റഊഫ് ഷാ, ബോംബെയില്‍ നിന്ന് അവിടത്തെ മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ എ.എ. ഖാന്‍ സാഹിബ്, ഹസനലി പി. ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ഹാഫിസ്‌ക്ക എന്നിവരും പങ്കെടുത്തു. ”പാസ്്ബാന്‍” ഉര്‍ദുപത്രത്തിന്റെ എഡിറ്റര്‍ ഇസ്മായില്‍ തബീഷ് ആയിരുന്നു ബാംഗ്ലൂരിന്റെ പ്രതിനിധി. കുടകില്‍ നിന്ന് കൂര്‍ഗ് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് മജീദ്ഖാന്‍, ഹാജി ഹബീബുല്ല, മുഹമ്മദ് ഇസ്മായില്‍ (സമര്‍ക്കോട്) എന്നിവരും എത്തിച്ചേര്‍ന്നു. ബാക്കിയുള്ളവരില്‍ അബ്ദുസത്താര്‍ സേട്ട് സാഹിബ്. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ്, ബി. പോക്കര്‍ സാഹിബ്, കെ.എം. സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍, എന്‍.എം. അന്‍വര്‍, പി.കെ. മൊയ്തീന്‍കുട്ടി, എം. അഹമ്മദ് മൊയ്തീന്‍, മുഹമ്മദ് റസാഖാന്‍, പി.പി. ഹസ്സന്‍കോയ മുതലായവര്‍ ഉള്‍പ്പെടുന്നു.

ഖാഇദെമില്ലത്ത് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭുവുമായും പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുമായും നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരങ്ങള്‍ നല്‍കി. മഹാത്മാഗാന്ധിയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മാറിയ പരിതസ്ഥിതിയില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം എന്ന ഔദ്യോഗിക പ്രമേയം മലബാറില്‍ നിന്നുള്ള പി.കെ. മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. 10 മണിക്കൂര്‍ നീണ്ടുനിന്നു ഈ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ച. അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങള്‍കൊണ്ട് രാജാജി ഹാള്‍ ശബ്ദായമാനമായി.

37 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു.

മദിരാശിയില്‍ നിന്നെത്തിയവരില്‍ 13 പേരും ബാംഗ്ലൂര്‍, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍നിന്നുള്ള 4 പേരും മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്തിയവര്‍. മൗലാനാ ഹസ്‌റത്ത് മോഹാനി പ്രമേയത്തെ അനുകൂലിക്കാതിരുന്നത് നിര്‍ഭാഗ്യകരമായി. സ്വാതന്ത്ര്യസമരത്തിലെ ഈ വീരസിങ്കം സജീവ രാഷ്ട്രീയത്തില്‍നിന്നുതന്നെ പിന്‍വാങ്ങുകയായിരുന്നു. റഫീഉദ്ദീന്‍ അഹമ്മദ് അന്‍സാരി (നെല്ലൂര്‍), എം.എ. സലാം (ഗുണ്ടൂര്‍), മുഹമ്മദ് ഇസ്മായില്‍ (സമര്‍ക്കോട്), അത്താവുല്ലാ സാഹിബ് (സേലം), ചിന്നക്കാസിയാര്‍ (രാംനാട്), പി.പി. ഹസ്സന്‍കോയ (മലബാര്‍) എന്നിവരും പ്രമേയത്തെ അനൂകൂലിച്ചില്ല.

സംഘടനയുടെ പേര് ”ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്” എന്നാക്കി മാറ്റി. ഖാഇദെമില്ലത്ത് എം. മുഹമ്മദ് ഇസ്മായില്‍ സാഹിബ് (പ്രസിഡണ്ട്), മെഹബൂബ് അലി ബേഗ്-വിജയവാഡ (ജനറല്‍ സെക്രട്ടറി), ഹസനലി പി. ഇബ്രാഹിം-ബോംബെ (ഖജാഞ്ചി) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഒരു നിയമാവലി മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ഒരു സബ്കമ്മിറ്റിയേയും അധികാരപ്പെടുത്തി.

15 അംഗങ്ങളുള്ള നിയമാവലി നിര്‍മ്മാണ സമിതിയില്‍ 1. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് 2. എം.എം. ഖാന്‍ (എം.എല്‍.എ) 3. ഹസനലി പി. ഇബ്രാഹിം (ബോംബെ) 4. എ.കെ. ഹാഫിസ്‌ക്ക (ബോംബെ) 5. സയ്യിദ് അബ്ദുല്‍ റഊഫ് ഷാ (മധ്യപ്രദേശ്) 6. ഇസ്മായില്‍ താഭിഷ് (എഡിറ്റര്‍, പാസ്ഖാന്‍) 7. ബി. പോക്കര്‍ സാഹിബ് (എം.എല്‍.എ) 8. മെഹബൂബലി ബേഗ് (എം.എല്‍.എ) 9. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍.സി) 10. ഹാജി അബ്ദുസ്സത്താര്‍ സേട്ട് സാഹിബ് (എം.എല്‍.എ സെന്‍ട്രല്‍) 11. ബാരിസ്റ്റര്‍ യൂസഫ് ഷരീഫ്, 12. അബ്ദുല്‍ ഖാദര്‍ ശൈഖ്, 13. പി.കെ. മൊയ്തീന്‍കുട്ടി സാഹിബ്, 14. കെ.എം. സീതിസാഹിബ്, 15. മുഹമ്മദ് റസാഖാന്‍ എന്നിവര്‍ അംഗങ്ങള്‍.

സംഘടനയുടെ പേര് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്നായിരിക്കും.

A) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദര്‍ശങ്ങളും ഉദ്ദേശ്യങ്ങളും താഴെ പറയുന്നവയായിരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യവും അഭിമാനവും നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും സംസ്ഥാപിക്കുന്നതിലും സഹായിക്കുകയും രാഷ്ട്രത്തിലെ ജനങ്ങളുടെ അന്തസ്സും ക്ഷേമവും സുഖവും വര്‍ദ്ധിപ്പിക്കുന്നതില്‍ പരിശ്രമിക്കുകയും ചെയ്യുക.

B) രാഷ്ട്രത്തിലെ മുസ്‌ലിംകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും എല്ലാ ന്യായമായ അവകാശങ്ങളും താല്‍പര്യങ്ങളും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.

C) ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റു സമുദായക്കാരുടേയും ഇടയില്‍ പരസ്പരവിശ്വാസവും സന്മനസ്സും സ്‌നേഹവും മതിപ്പും രഞ്ജിപ്പും വളര്‍ത്തുക.

ഈ താല്‍ക്കാലിക ഭരണഘടന അധികനാള്‍ വേണ്ടിവന്നില്ല. നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ ഉപസമിതി പുതിയ നിയമാവലി തയ്യാറാക്കി. 1948 മെയ് 11-ന് അത് മുസ്‌ലിംലീഗ് പ്രസിഡണ്ടിന് സമര്‍പ്പിക്കുകയും ചെയ്തു. 1951 സെപ്തംബര്‍ ഒന്നിന് മദിരാശിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ പുതിയ നിയമാവലി നിസ്സാരമായ ഭേദഗതികളോടെ അംഗീകരിച്ചു.

മുസ്‌ലിംലീഗ് രൂപീകരണ സമ്മേളനത്തിന്റെ മൂന്നാമത്തെ പ്രമേയം അതിന്റെ നയരേഖയും പരിപാടിയുമാണ്. അതിപ്രകാരം:

A) രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭ്യമായിരിക്കയാല്‍ അതിനുശേഷമുള്ള മുസ്‌ലിംലീഗിന്റെ നയം വ്യക്തമാക്കേണ്ടതുള്ളതിനാല്‍ രാജ്യത്തിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സന്മനസ്സും ഐക്യവും വളര്‍ത്തിക്കൊണ്ടുവരുന്നതിലും ക്ഷേമത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ജനങ്ങളുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് ഹൃദയംഗമമായി കൂറോടെ പരിശ്രമിക്കുന്നതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഈ കൗണ്‍സില്‍ യോഗം പ്രഖ്യാപിക്കുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പാലിക്കാന്‍ മറ്റു സംഘടനകളും കക്ഷികളുമായി കഴിയുന്ന എല്ലാവിധത്തിലും സഹകരിക്കുവാന്‍ ഈ യോഗം മുസ്‌ലിംകളോട് അഭ്യര്‍ത്ഥിക്കുന്നു.ഇന്ത്യന്‍ യൂണിയനിലെ മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളെ പരിഗണിക്കുന്നതിലായിരിക്കും മുസ്‌ലിംലീഗ് കാര്യമായും പ്രവര്‍ത്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയെന്ന് ഈ യോഗം തീരുമാനിക്കുന്നു.

B) ഈ രാഷ്ട്രത്തിന്റെ യുദ്ധാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാനുള്ള ഉദ്ദേശ്യത്തോടുകൂടി താഴെ പറയുന്നവയെ രചനാത്മക പരിപാടികളായി ഈ യോഗം രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആവശ്യമായ മാറ്റങ്ങളോടുകൂടി ഈ പരിപാടിയെ വിവിധ മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടികള്‍ അംഗീകരിക്കണമെന്ന് ഈ യോഗം നിര്‍ദ്ദേശിക്കുന്നു. ഈ പരിപാടികളുമായി ഐകരൂപ്യമുള്ളതോ ഏതാണ്ടിത് പോലെയുള്ളതോ ആയ സാമ്പത്തിക പരിപാടികളുള്ള കക്ഷികളുമായി അല്ലെങ്കില്‍ ഗ്രൂപ്പുകളുമായോ വ്യക്തികളുമായോ ഇഷ്ടമുള്ള ഏതെങ്കിലുമൊരു പേരില്‍ ഇതിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി മുസ്‌ലിംലീഗിന് സഹകരിക്കാവുന്നതാണ്.

പരിപാടി

ഭൂമിയും അതിലുള്ള എല്ലാ വസ്തുക്കളും മനുഷ്യവര്‍ഗത്തിന് ദൈവം സൗജന്യമായി നല്‍കിയതാകയാല്‍ അവ തന്റേയും കുടുംബാംഗങ്ങളുടേയും ആശ്രിതന്മാരുടേയും സുഖകരമായ ജീവിതത്തിന് ആവശ്യമായ ഭക്ഷണം, വസ്ത്രം, വാസസ്ഥലം എന്നിവക്ക് വേണ്ടി ഉപയോഗപ്പെടുത്താനും ഏതൊരു മനുഷ്യനും പൂര്‍ണമായ അവകാശവും അവസരവും ഉണ്ടായിരിക്കേണ്ടതും ഉണ്ടായിരിക്കുന്നതുമാണ്. ആകയാല്‍ സമ്പത്തിന്റെ വിതരണത്തില്‍ താഴെപറയുന്ന തത്ത്വങ്ങള്‍ അവലംബിക്കേണ്ടതാണ്.

1. എല്ലാ ഓരോ മനുഷ്യനും തൊഴിലെടുക്കാനുള്ള പൂര്‍ണ സൗകര്യം ഉണ്ടായിരിപ്പാന്‍ ഗവണ്‍മെന്റ് ഏല്‍ക്കേണ്ടതും രോഗം, അംഗഭംഗം, വാര്‍ധക്യം, തൊഴിലില്ലായ്മ, മരണം എന്നീ ഘട്ടങ്ങളില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, ഗവണ്‍മെന്റ് എന്നിവര്‍ നിശ്ചിതമായ ഒരുവീതപ്രകാരം പണമെടുത്ത് സ്വരൂപിക്കപ്പെടുന്ന ഒരു ഫണ്ട് വഴിക്കോ ഇന്‍ഷൂറന്‍സ് വഴിക്കോ സാമൂഹിക സുരക്ഷ നല്‍കേണ്ടതുമാണ്.

2. മനുഷ്യനെ ചൂഷണം ചെയ്യുവാന്‍ ഇടവരുത്തുന്ന വിധത്തില്‍ ധനശേഖരണം സംഭവിക്കാവുന്നതല്ല.
3. ഏത് വിധമായ പലിശയേയും ഗവണ്‍മെന്റ് തടയേണ്ടതാണ്.

4. ഇരുകക്ഷികളുടേയും പൂര്‍ണ്ണ മനസ്സോടും സമ്മതത്തോടും കൂടിയല്ലാത്ത യാതൊരുവിധ കരാറും നീതിപൂര്‍വമാണെന്ന് അംഗീകരിക്കുകയോ നടപ്പില്‍ വരുത്തുകയോ ചെയ്യാവുന്നതല്ല. സന്ദര്‍ഭങ്ങളുടെ നിര്‍ബന്ധംകൊണ്ട് ഉണ്ടായതാണെന്ന് തോന്നുന്ന സമ്മതത്തിന്മേല്‍ ചെയ്യപ്പെടുന്ന ഏതൊരു കരാറിനേയും ഗവണ്‍മെന്റ് തടയേണ്ടതും ദുര്‍ബലപ്പെടുത്തേണ്ടതുമാണ്.

5. സ്വകാര്യ സ്വത്ത് എന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകരിക്കണം. പക്ഷേ, അത് ഒരു ട്രസ്റ്റ് എന്ന നിലയില്‍ മാത്രമായിരിക്കണം. ഉടമസ്ഥനും അദ്ദേഹത്തിന്റെ കുടുംബവും ആശ്രിതന്മാരും തങ്ങളുടെ സുഖകരമായ ജീവിതത്തിന് മാത്രം പ്രഥമ പരിഗണനയുള്ള അനുഭവസ്ഥന്മാരും ബാക്കിയുള്ളതില്‍ അതാത് സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് രാഷ്ട്രത്തിലെ ജനങ്ങളെല്ലാം അനുഭവസ്ഥന്മാരായിരിക്കേണ്ടതുമാണ്. എന്നാല്‍ അവശിഷ്ട ധനം രാഷ്ട്രം മറ്റുവിധത്തില്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍, കൂടുതല്‍ ധനമുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതിന് ഉടമസ്ഥനെ തടയുവാന്‍ പാടുള്ളതല്ല.

6. അന്യായമായോ നിയമവിരുദ്ധമായ വഴികളില്‍ കൂടിയല്ലാതെ സമ്പാദിച്ച കായികമോ മാനസികമോ ആയ പ്രവര്‍ത്തനഫലം ഒരാളില്‍ നിന്നും എടുത്തുകളയരുത്. ഇതൊന്നിച്ച് പറയുന്ന തത്ത്വങ്ങളുടെ വെളിച്ചത്തില്‍ അന്യായമോ നിയമവിരുദ്ധമോ ആയ വഴികള്‍ ഏതാണെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രമാണ്.

7. ഏത് വിധത്തിലുള്ള ലഹരി സാധനങ്ങളുടെ ഉപയോഗവും ചൂതുകളിയും ചന്തയും രാഷ്ട്രം നിരോധിക്കേണ്ടതാണ്.

8. ഉല്‍പാദന മാര്‍ഗങ്ങളും ധനവും പൂട്ടിയിട്ട് മറ്റുള്ളവരേക്കാള്‍ വേണ്ടുന്നതില്‍ കൂടുതലായ ലാഭം കരസ്ഥമാക്കുന്ന കുത്തക സമ്പ്രദായത്തേയും മറ്റും രാഷ്ട്രം വിരോധിക്കേണ്ടതാണ്.

9. ആളുകളെ ചൂഷണം ചെയ്തും കുത്തക സമ്പ്രദായംകൊണ്ടും പന്തയം വെച്ചും ലഹരി സാധനങ്ങള്‍ ഉണ്ടാക്കിയും വിറ്റും പണം സമ്പാദിക്കുന്നതിനെ രാഷ്ട്രം തടയണം. മാത്രമല്ല ഇത്തരം കുറ്റക്കാരെ ശിക്ഷിക്കുന്നത് കൂടാതെ ഈ വഴികളില്‍ കൂടി അവര്‍ സമ്പാദിച്ച സ്വത്തിനേയും പിടിച്ചെടുക്കേണ്ടതാണ്.

10. ഈ പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഏതു വഴിക്കാണ് ജനങ്ങള്‍ സ്വത്ത് സമ്പാദിച്ചതെന്ന് അറിയുവാന്‍ ഗവണ്‍മെന്റ് അന്വേഷണം നടത്തേണ്ടതില്ല. പക്ഷേ, അത്തരം സ്വത്തുക്കളുടെ വിനിയോഗം മുകളില്‍ 5-ാം ഖണ്ഡികയില്‍ പറഞ്ഞ പ്രകാരം മാത്രം ക്ലിപ്തപ്പെടുത്തേണ്ടതാണ്.

11. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുകളും ഖനികളും മറ്റു സാധനങ്ങളും രാഷ്ട്രത്തിന്റേതായിരിക്കുന്നതാണ്. പക്ഷേ, ഒരാളുടെ കൈവശം മുമ്പുണ്ടായിരുന്ന സ്ഥലം അയാളില്‍ നിന്ന് എടുക്കരുത്. അത് അയാള്‍ക്ക് സ്വന്തം കൃഷിക്കും മറ്റുപയോഗത്തിനും കിട്ടേണ്ടതാണ്. ഭൂമിയുടെ മുകള്‍ പരപ്പില്‍ കണ്ടെത്തുന്ന ഖനികളും ഖനന വസ്തുക്കളും ഉള്ള നിലത്തിന്റെ ഉടമസ്ഥന് പ്രസ്തുത സാധനങ്ങളില്‍ ഒരോഹരിക്കും അര്‍ഹതയില്ല. ഭൂമിയുടെ മുകളില്‍ കണ്ടെത്തുന്ന എല്ലാ ഖനന വസ്തുക്കളും രാഷ്ട്രത്തിന്റേതാണ്. ഭൂമിയുടെ ഉള്ളില്‍ ഖനന വസ്തുക്കള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള നിലത്തിന്റെ ഉടമസ്ഥന് അത് കുഴിച്ചെടുക്കുവാന്‍ രാഷ്ട്രം അനുവദിക്കുകയാണെങ്കില്‍…. ആദായത്തിന്റെ അഞ്ചില്‍ ഒരോഹരിക്ക് പ്രസ്തുത ഉടമസ്ഥന്‍ അര്‍ഹനാണ്.

12. കൃഷി ചെയ്യാന്‍ സാധിക്കാത്ത ഒരു ഭൂവുടമ തന്റെ നിലം കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുവന് തുച്ഛമായ പാട്ടത്തിന്മേല്‍ ചാര്‍ത്തിക്കൊടുക്കേണ്ടതാണ്. ആ പാട്ടം ഭൂനികുതിയും വസ്തു കൈവശക്കാര്‍ ഉണ്ടാക്കിയിട്ടുള്ള കുഴിക്കൂറുകള്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന വിലയും അടങ്ങിയിരിക്കേണ്ടതാണ്.

13. കെട്ടിടത്തെ സംബന്ധിച്ചാണെങ്കില്‍ ഉടമസ്ഥന് മേല്‍പറഞ്ഞ തോതിനെ അടിസ്ഥാനപ്പെടുത്തി ഗവണ്‍മെന്റ് നിശ്ചയിക്കുന്ന തുച്ഛമായ വാടക കിട്ടുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.

14. നിലം നികുതിയും ഉല്‍പ്പന്നങ്ങളും തമ്മില്‍ എത്രയും ന്യായമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതാണ്. മഴയില്ലാത്തതുകൊണ്ടോ മറ്റു ദൈവഗത്യാ ഉള്ള കാരണങ്ങള്‍ കൊണ്ടോ വിളനാശം വരികയാണെങ്കില്‍ നിലനികുതി മടക്കിക്കൊടുക്കുവാനുള്ള ഉപാധിയും ഉണ്ടായിരിക്കേണ്ടതാണ്.

15. കൃഷിയുടെ അഭിവൃദ്ധിക്കും ജലസേചന സൗകര്യത്തിനും വേണ്ടിയുള്ള വഴികള്‍ ഗവണ്‍മെന്റ് നല്‍കേണ്ടതുണ്ട്. മൊത്തച്ചെലവിന്മേല്‍ അധിഷ്ഠാപിതമായ ഇതിനുവേണ്ടി യാതൊരു ഫീസും വസൂലാക്കരുത്.

16. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

17. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവ ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്. ദേശീയവല്‍ക്കരണം എത്രയും ചെറിയ പരിധിയില്‍ അടങ്ങിയിരിക്കേണ്ടതാണ്. മറ്റു തുറകളിലുള്ള പൊതുജനാവശ്യത്തിന്റെ വലിയ ഒരു മാനദണ്ഡമായിരിക്കണം അതിനെ (ദേശീയവല്‍ക്കരണത്തെ) തീരുമാനിക്കേണ്ടത്.

18. സൗജന്യവും നിര്‍ബന്ധവുമായ പ്രാഥമിക വിദ്യാഭ്യാസം ഗവണ്‍മെന്റ് നല്‍കേണ്ടതാണ്. സെക്കണ്ടറി വിദ്യാഭ്യാസവും മറ്റു ഉയര്‍ന്ന വിദ്യാഭ്യാസവും നല്‍കുന്നതും ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര സഹായം ഗവണ്‍മെന്റ് നല്‍കേണ്ടതാണ്.

19. വയോജന വിദ്യാഭ്യാസത്തിനു സൗകര്യമുണ്ടാക്കുക വഴി നിരക്ഷരത്വത്തെ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിഷ്‌കാസനം ചെയ്യേണ്ടതാണ്.

20. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആശുപത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സ്‌റേ പരിശോധന കാലംതോറും നല്‍കേണ്ടതാണ്.

ഇത്രയും പുരോഗമനാത്മകമായ ഒരു നയപരിപാടി മുന്നോട്ടുവെക്കാന്‍ ആ കാലത്ത് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിക്കാണ് കഴിയുക? സ്വതന്ത്രഭാരതത്തിന് ഇനിയും ഒരു ഭരണഘടന തയ്യാറായി കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് ഇത്തരമൊരു നയരേഖ ആവിഷ്‌കരിച്ചത് എന്ന വസ്തുത പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാ നിര്‍മ്മാണസഭ കാര്യമായിത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ അവസരത്തില്‍ ഇന്ത്യയുടെ ഭാവി ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ഭരണഘടനാ ശില്‍പികളെ ഓര്‍മപ്പെടുത്തുകയാണ് മുസ്‌ലിംലീഗ്. നയരേഖ വിശകലനം ചെയ്തുനോക്കിയാല്‍ ഇന്ന് ഇന്ത്യ വിജയകരമായി പ്രയോഗിച്ചുവരുന്ന മിശ്രസമ്പദ് വ്യവസ്ഥയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.

ഇടതുപക്ഷ പാളിച്ചകള്‍ക്കും വലതുപക്ഷ വ്യതിയാനങ്ങള്‍ക്കുമിടയില്‍ കൃത്യമായ മധ്യമാര്‍ഗമാണ് മുസ്‌ലിംലീഗ് ലക്ഷ്യമിട്ടിരിക്കുന്നത്. രേഖയില്‍ സ്വകാര്യസ്വത്തവകാശം അനുവദിക്കപ്പെടുന്നുണ്ട്. പക്ഷേ, അത് ഒരു ട്രസ്റ്റി എന്ന നിലയില്‍ മാത്രം. സമ്പത്ത് കുന്നുകൂട്ടാന്‍ അത് ആരെയും അനുവദിക്കുന്നില്ല. തൊഴിലെടുക്കാനും വിദ്യാഭ്യാസം ലഭിക്കാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് നയരേഖ പറയുന്നു. (അര നൂറ്റാണ്ടിനു ശേഷമാണ് ഈ അവകാശങ്ങള്‍ മൗലികാവകാശമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്).

സ്വകാര്യ ഉടമയിലായിരുന്ന ഇന്ത്യയിലെ കപ്പല്‍-വിമാന-ട്രെയിന്‍ സര്‍വീസുകളെല്ലാം വിദ്യുച്ഛക്തിയുല്‍പാദനവും ഖനികളും മറ്റും ദേശസാല്‍ക്കരിക്കണമെന്ന ആവശ്യത്തിന് വിപ്ലവകരമായ ഒരു സോഷ്യലിസ്റ്റ് മുഖമുണ്ട്. ആ സര്‍വീസുകളെല്ലാം ക്രമേണ പൊതുമേഖലയില്‍ ആയിക്കഴിഞ്ഞുവല്ലോ. അറുപതുകളില്‍ മാത്രമാണ് സാമ്പത്തിക ചര്‍ച്ചകളില്‍ കുത്തകകളെക്കുറിച്ച് നാം പറഞ്ഞുവന്നത്. എന്നാല്‍ 1948-ല്‍ തന്നെ മുസ്‌ലിംലീഗ് കുത്തകകളുടെ അപകടസാധ്യതകളെപ്പറ്റി സൂചന നല്‍കുകയും അത് നിയന്ത്രിക്കണമെന്ന് ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. കാര്യം ബോധ്യപ്പെട്ട സര്‍ക്കാര്‍ വളരെ വൈകിയാണെങ്കിലും എ.ആര്‍.ടി.പി. (Monopoly Restriction and Trade Practice) മുതലായ നിയമങ്ങളിലൂടെ കുത്തകകള്‍ക്ക് മൂക്ക് കയറിട്ടു.

നയരേഖയില്‍ പറഞ്ഞ പലിശ വിമുക്ത ബാങ്കിംഗ് സമ്പ്രദായത്തിന് ഇസ്്‌ലാമിക മൂല്യങ്ങളുടെ സ്പര്‍ശമുണ്ട്. ഇത്തരം ബാങ്കിംഗ് സമ്പ്രദായം എന്ന ആശയം ഇന്ന് അപ്രാപ്യമായ ആകാശ കുസുമമല്ല. വിദേശ രാജ്യങ്ങളില്‍ അത് നടപ്പുണ്ട്. റിസര്‍വ് ബാങ്ക് തലത്തില്‍ ഇപ്പോള്‍ ആ സമ്പ്രദായത്തെപ്പറ്റി ഗൗരവമായി ആലോചിച്ചുവരികയാണ്.

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ സജീവമല്ലാത്ത കാലത്താണ് അവരെപോലും അതിശയിപ്പിക്കുമാറുള്ള ഒരു നയരേഖ മുസ്്‌ലിംലീഗ് അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് അസംബ്ലിയില്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിലൊരാള്‍ അനന്തന്‍ നമ്പ്യാര്‍, ജയിലിലും. മുസ്‌ലിംലീഗിനാണെങ്കില്‍ 29 എം.എല്‍.എ.മാരുടെ അംഗബലവും പ്രതിപക്ഷ നേതൃപദവിയുമുണ്ട്.

 

 

T

2018, മാർച്ച് 10, ശനിയാഴ്‌ച

മുസ്ലിം ലീഗിന്റെ ഏഴ്പതിറ്റാണ്ട്

മുസ്്‌ലിം ലീഗിന്റെ ഏഴു പതിറ്റാണ്ട്

March 9, 2017

    

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എഴുപതാം വയസിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശകളുമാണ് ഈ പ്രസ്ഥാനം പകരുന്നത്. ഇന്നേക്ക് അറുപത്തൊമ്പതു കൊല്ലം മുമ്പ് – 1948 മാര്‍ച്ച് 10ന്- ചെന്നൈയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണം. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മഹിതമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന മഹത്തായ നേതൃ നിരക്കുകീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്. രൂപീകരണ ഘട്ടം മുതല്‍ ഇന്നുവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ചുപോരുന്നത് രാജ്യസേവനവും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കല്‍പത്തിന്റെ സംസ്ഥാപനവും എന്ന ഖാഇദേമില്ലത്തിന്റെ ദൗത്യമാണ്. ഖാഇദേമില്ലത്ത് വിട്ടുപിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്, ഇന്ത്യയുടെ മതസൗഹാര്‍ദത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും വക്താവിനെയാണ് രാജ്യത്തിന് നഷ്ടമായത് എന്നായിരുന്നു.
രാഷ്ട്രപിതാവ് വര്‍ഗീയ ഭ്രാന്തനാല്‍ കൊലചെയ്യപ്പെടുന്നതിന് ഇരുപതുദിവസം മുമ്പ് 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ അവസാന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു എത്തുന്നു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ ദൂതുമായായിരുന്നു ബാറ്റന്റെ വരവ്. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു ഉപദേശം. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ നിറഞ്ഞ ലക്ഷ്യബോധത്തോടെയുള്ളതും അതിധീരവുമായിരുന്നു. ‘എനിക്കതിന് കഴിയില്ല. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് സ്വന്തമായൊരു സംഘടന വേണമെന്ന് അവരാഗ്രഹിക്കുന്ന കാലത്തോളം അതുസംഭവിക്കുക തന്നെ ചെയ്യും.’ മുസ്്‌ലിംകളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി ഭരണഘടനാ നിര്‍മാണ സഭാംഗമെന്ന നിലയില്‍ ഖാഇദേമില്ലത്ത് നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു. വിഭജനാനന്തരം ഏറെ ദുരിതങ്ങള്‍ക്കിരയായിട്ടും ഇന്ത്യന്‍ മുസ്്‌ലിംകള്‍ കൈക്കൊണ്ട സംയമനവും രാജ്യസ്‌നേഹവും ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സദസ്സിനോടായി പറഞ്ഞു: രാജ്യത്തെ പൗരന്മാരുടെ സന്തുലിതമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സംവരണം അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങളും ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് അതേപടി ലഭിക്കണം.
അന്നത്തെ മൂന്നരക്കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ ഹൃദയനഭസ്സിലെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെ പ്രതിഫലിച്ചത്. സ്വരാജ്യസ്‌നേഹം മുസ്്‌ലിമിന്റെ രക്തത്തിലലിഞ്ഞതാണെന്ന് തെളിയിക്കുന്നതായിരുന്നു ഖാഇദേമില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും നയനിലപാടുകളെല്ലാം. ഇന്ത്യയില്‍ വര്‍ഗീയതയും അഴിമതിയും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയെന്ന സല്‍പേര് നിലനിര്‍ത്താന്‍ എക്കാലവും മുസ്‌ലിം ലീഗിന് സാധിച്ചത് അതിന്റെ മഹത്തായ പൈതൃകവും നിസ്വാര്‍ത്ഥരായ നേതാക്കളുടെയും അനേകലക്ഷം അനുയായികളുടെയും കര്‍മ്മവിശുദ്ധിയും കൊണ്ടാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഖാഇദേമില്ലത്ത്, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി.പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് മുഹമ്മദ്‌കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, എ.കെ.എ അബ്ദസ്സമദ് തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ സമര്‍പ്പണം ഇതിനു കരുത്തുപകര്‍ന്നു. ഇന്ത്യയുടെ മതേതരവും സാംസ്‌കാരികവുമായ പാരമ്പര്യം മുറുകെപിടിച്ച് ജീവിക്കുകയാണ് രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സമാധാനത്തിനും കരണീയം എന്നാണ് രാജ്യത്തെ ഓരോ പൗരനോടും മുസ്്‌ലിം ലീഗ് അഭ്യര്‍ത്ഥിക്കുന്നത്.
വിഭജനാനന്തരം കായികമായ ഭീഷണിയും സാമൂഹികമായ അവമതിപ്പും വിദ്യാഭ്യാസത്തിന്റെ അഭാവവുമായിരുന്നു ഇന്ത്യന്‍ മുസ്‌ലിംകളെ തുറിച്ചുനോക്കിയിരുന്നത്.
മുസ്്‌ലിം ലീഗിന്റെ
ഏഴു പതിറ്റാണ്ട്
സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പരിഹാരമായിരുന്നു ഇതിന് ഖാഇദേമില്ലത്ത് മുന്നോട്ടുവെച്ചത്. രാജ്യത്തെ അധ:കൃതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായിട്ടില്ല. മുസ്‌ലിംകളുടെ അവസ്ഥയും അതില്‍നിന്ന് ഭിന്നമല്ലെന്നുമാത്രമല്ല, മറ്റുള്ളവരില്‍ നിന്ന് ഏറെ താഴെയുമാണ്. യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച മുസ്്‌ലിംകളുടെ സാമൂഹ്യനിലവാരം സംബന്ധിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ദാരിദ്ര്യരേഖക്കു കീഴിലുള്ളവരുടെ സംഖ്യ മുപ്പത്തൊന്നു ശതമാനമാണെന്നാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൊല്‍ക്കത്തയടക്കമുള്ള പശ്ചിമ ബംഗാളിലെ ചേരികളിലും തെരുവുകളിലും ഇന്നും ഒരു നേരത്തെപോലും വിശടപ്പടക്കാന്‍ വഴിയില്ലാതെ കഴിയുന്നവര്‍ രാജ്യത്തെ രണ്ടാമത്തെ വലിയസമുദായത്തില്‍ പെട്ട ജനലക്ഷങ്ങളാണ്. പതിനെട്ടര കോടി മുസ്്‌ലിംകളില്‍ ഇന്നും പട്ടിണി മാറിയെന്നുപറയാന്‍ കഴിയാത്തത് സന്തുലിതമായ വികസനം സാധ്യമാകാത്തതുകാരണമാണ്. അമ്പതുകളില്‍ നടന്ന ചര്‍ച്ചയില്‍ ഭൂപരിഷ്‌കരണത്തിലൂടെ മാത്രമേ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനാകൂ എന്നനയത്തെ ലീഗും ഖാഇദേമില്ലത്തും പിന്തുണച്ചത് ഇതുകൊണ്ടായിരുന്നു.
രാജ്യത്തിന്റെ മതേതരത്വവും ദേശീയോദ്ഗ്രഥനവും സാധ്യമാക്കുന്നതും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതും ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് അടിത്തറയൊരുക്കുന്നതുമായ ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ വന്നത് നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്. സ്വതന്ത്ര ഇന്ത്യയില്‍, വ്യവസ്ഥാപിതമായി പാര്‍ലമെന്ററി സംവിധാനം നിലവില്‍വന്ന 1952 മുതല്‍ ഇന്നോളം രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയില്‍ സജീവ പങ്കാളിത്തമുള്ള സംഘടനയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിംലീഗിന്റെ ഭരണ പങ്കാളിത്തംകൊണ്ടുള്ള നേട്ടം ഏറ്റവും നന്നായി അനുഭവിച്ചറിയുന്നവരാണ് കേരള ജനത. രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ മുസ്‌ലിംലീഗ് വഹിച്ച പങ്ക് രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയതാണ്. ഇതെല്ലാം പ്രതീക്ഷയുടെ കിരണങ്ങളാകുമ്പോഴും നവ ഫാസിസ്റ്റുകള്‍ രാജ്യത്ത് പൂര്‍വാധികം ശക്തിപ്രാപിച്ചുവരികയാണെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂട. എല്ലാ ഭീഷണികളെയും പ്രതിരോധിക്കുന്നതിനു പൗരനുള്ള ഉപാധി ഇന്ത്യയുടെ ഭരണഘടന തന്നെയാണ്. ന്യൂനപക്ഷാവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ സാംസ്‌കാരികവും മതപരവുമായ സ്വത്വം പിന്തുടര്‍ന്ന് ജീവിക്കാന്‍ കഴിയും. നീതിന്യായവ്യവസ്ഥിതിയുടെയും ഭരണഘടനയുടെയും പിന്തുണ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാവുന്നതാണ്.
രാജ്യത്ത് ദലിത്-ന്യൂനപക്ഷ വിരുദ്ധരായ കുറച്ചാളുകളാണ് ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുനടക്കുന്നതും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നതും. എന്തൊക്കെ കാടിളക്കിയാലും ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിജയിക്കാന്‍ പോകുന്നില്ല. അതിന് കാരണം ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും അതിന് എതിരാണെന്നതാണ്. ഇന്ത്യന്‍ മുസ്്‌ലിംകളെല്ലാം ഖബര്‍സ്ഥാന്‍ ഉപേക്ഷിച്ച് ശവദാഹം നടത്തണമെന്നാണ് ഫാസിസ്റ്റുകള്‍ പറയുന്നത്. മുസ്്‌ലിംകള്‍ മാത്രമല്ല മറ്റുപല സമുദായക്കാരും ശവദാഹം നടത്താറില്ല. ബി.ജെ.പിയിലെ തന്നെ എല്ലാവരും ഇതംഗീകരിക്കുന്നില്ല. മതത്തിന്റെ പേരിലുള്ള തീവ്ര വര്‍ഗീയ ചിന്താഗതിയെ മുസ്്‌ലിംലീഗ് ശക്തിയുക്തം എതിര്‍ക്കും. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് മുസ്‌ലിംലീഗിന്റെ പാരമ്പര്യം. ബാബരി മസ്ജിദ് തകര്‍ത്ത കാലത്തുപോലും അത്യന്തം വേദനാജനകമായിരുന്നിട്ടും സംയമനത്തിന്റെ ഭാഷയാണ് മുസ്‌ലിംലീഗ് സമൂഹത്തിന് പകര്‍ന്നുകൊടുത്തത്. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് താല്‍കാലികമായ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു.
പിന്നാക്ക ന്യൂനപക്ഷത്തോടൊപ്പം സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പാവപ്പെട്ടവര്‍ എന്നിവരുടെയെല്ലാം ക്ഷേമത്തിനാണ് പാര്‍ട്ടി നിലകൊള്ളുന്നത്. ഇന്ത്യയിലെ ജനതയെ വൈജാത്യങ്ങള്‍ മറന്ന് ഒരുമിപ്പിച്ചുനിര്‍ത്താന്‍ കഴിവുള്ള പാര്‍ട്ടി എന്ന നിലക്ക് രാജ്യത്തെ മതേതര ചേരിക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു കഴിയും. അതവര്‍ നിര്‍വഹിക്കുമെന്നുതന്നെയാണ് മുസ്‌ലിംലീഗിന്റെ പ്രതീക്ഷ. അന്യരുടെ അവകാശം കവര്‍ന്നെടുക്കുകയില്ലെന്നും അതേസമയം തന്നെ തങ്ങളുടെ അവകാശത്തെ ഒരിഞ്ചുപോലും വിട്ടുകൊടുക്കുകയില്ലെന്നുമാണ് മുസ്‌ലിം ലീഗിന്റെ സിദ്ധാന്തം. മഹാനായ സി.എച്ചിന്റെ ഈ വാചകങ്ങളാണ് ഇന്നും മുസ്‌ലിംലീഗിനെ നയിക്കുന്നത്. ഇതിലൂന്നിനിന്നുകൊണ്ട് രാജ്യത്തിന്റെയും എല്ലാപൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ദുര്‍ബലരുടെയും രക്ഷക്കായി വിവിധ മതേതരസംഘടനകളുമായി ചര്‍ച്ച നടത്തി മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതില്‍ രാജ്യവും ജനതയും ഈ സംഘടനക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.