2022, മാർച്ച് 6, ഞായറാഴ്‌ച

ഹൈദരലി തങ്ങളുടെ അഭിമുഖം

മതത്തിലെ നന്മകള്‍ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തും; എന്നാല്‍ രണ്ടും കൂട്ടിക്കലര്‍ത്തില്ല'

# അശോക് ശ്രീനിവാസ്
mathrubhumi.com
ഹൈദരലി ശിഹാബ് തങ്ങൾ | ഫോട്ടോ: മാതൃഭൂമി

ക്ഷിരാഷ്ട്രീയവും മതവും സമൂഹസേവനവും പരമ്പരയായി സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. രാഷ്ട്രീയത്തെയും മതത്തെയും പൊരുത്തക്കേടുകളില്ലാതെ കൂട്ടിയിണക്കിയ ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിന് നിസ്തുലമായ സംഭാവനകൾ നൽകി.

മതപഠനത്തിനുശേഷം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽനിന്ന് ഫൈസി ബിരുദം നേടിയ ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനങ്ങൾ ഏറെയാണ്. പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പോഷകസംഘടനകളായ എസ്.വൈ.എസ്സിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, മലപ്പുറംജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.

2009 ഓഗസ്റ്റിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങൾ ഏറ്റെടുത്തത്. അന്ന് അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ.

? മതസംഘടനയുടെ സുപ്രധാന സ്ഥാനം വഹിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലും നേതൃത്വം ഏറ്റെടുക്കുന്നത് എങ്ങനെയാണ് കാണുന്നത്

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാരായ ബാഫഖി തങ്ങളുടെയും പാണക്കാട് പൂക്കോയതങ്ങളുടെയും പാരമ്പര്യം അതുതന്നെയായിരുന്നു. എസ്.വൈ.എസ്സിന്റെയും സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും ആകുന്ന സമയത്താണ് പൂക്കോയതങ്ങാൾ ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. ജ്യേഷ്ടൻ മാത്രമേ അങ്ങനെ അല്ലാതിരുന്നിട്ടുള്ളു.

അതൊരു വലിയ പ്രശ്നമായി കാണുന്നില്ല. ആരുടെ കാലത്തും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയിട്ടില്ല. എന്നാൽ മതത്തിലെ നല്ലവശങ്ങൾ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്താൻ ശ്രമിക്കും, അതേസമയം അമിതമാവാതിരിക്കാനും. വിശ്വാസപരമായ പ്രവർത്തനങ്ങൾ തെറ്റിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമില്ല. എന്നാൽ വിശ്വാസത്തിന്റെ പേരിലുള്ള വിഭാഗീയത ലീഗ് കാണിക്കുകയുമില്ല.

?മറ്റുസാമുദായിക സംഘടനകളുമായുള്ള ബന്ധം എങ്ങനെയായിരിക്കും

- മുസ്ലിംലീഗ് മുസ്ലിം സമുദായത്തിന്റെ പൊതുവേദി തന്നെയാണ്. മതപരമായ ഏത് സ്ഥാനത്തിരുന്നാലും ലീഗിന്റെ പ്രവർത്തനങ്ങളെ അത് ബാധിക്കില്ല. മുസ്ലിങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ എല്ലാ സംഘടനകളെയും ഒന്നിച്ച് നിർത്താനും ആവശ്യങ്ങൾക്കായി പോരാടാനും ശ്രമിക്കും. അതിന് ഒരിക്കലും സംഘടനകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പ്രതിബന്ധമാവില്ല.

? ലീഗിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കും

ജീവകാരുണ്യപ്രവർത്തനങ്ങൾ, മതമൈത്രി ഇത് രണ്ടും മുസ്ലിംലീഗിന്റെ മുഖ്യപ്രവർത്തനങ്ങളിൽപ്പെടുന്നതാണ്. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനവും അതുതന്നെയായിരുന്നു. മതത്തിനതീതമാണ് മുസ്ലിംലീഗിന്റെ റിലീഫ് പ്രവർത്തനം. അവിടെ മാനവികമായ അംശങ്ങൾക്കുതന്നെയാണ് മുൻതൂക്കം. അതുകൊണ്ട് ഇത്തവണ നോമ്പ്കാലത്ത് ലീഗ്പ്രവർത്തകർ പൂർണമായും റിലീഫ് പ്രവർത്തനങ്ങളിലായിരിക്കും കേന്ദ്രീകരിക്കുക.

? രാഷ്ട്രീയ നിലപാടുകളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ

- യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോൺഗ്രസ്സുമായുള്ള ബന്ധം കുടുംബബന്ധംപോലെത്തന്നെയാണ് - തങ്ങൾ പറഞ്ഞുനിർത്തി.

ആറ്റപ്പൂ തങ്ങൾ

സമൂഹത്തിനായി നീക്കിവച്ച ജീവിതം; ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു

panakkad-sayed-hyderali-shihab-thangal-2
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
   

പാണക്കാട് കൊടപ്പനയ്‌ക്കൽ തറവാട്ടിലെ തങ്ങന്മാരുടെയെല്ലാം പേരുകളിൽ ആറു ഭാഗങ്ങളാണുള്ളത്; ഇതിൽ അഞ്ചും ഒരേ നാമങ്ങളാണ്. മധ്യഭാഗത്തെ ഒരു പദം മാത്രം ഓരോരുത്തർക്കായി മാറുന്നു. തങ്ങന്മാരുടെ വിശേഷങ്ങളും ഇങ്ങനെത്തന്നെ. ശാരീരിക രൂപത്തിൽ മാത്രമേയുള്ളൂ മാറ്റം. പതിഞ്ഞ ശബ്‌ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവും സ്‌നേഹവും മതസൗഹാർദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. ഈ പാരമ്പര്യങ്ങളുടെയെല്ലാം വക്‌താവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും.

സമൂഹത്തിനായി നീക്കിവച്ചതായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, പണ്ഡിത സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമായുടെ പോഷകസംഘടനകളായ എസ്‌വൈഎസിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്റെ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങളും ഹൈദരലി തങ്ങൾ വഹിച്ചിരുന്നു.

മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്‌റസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയായ എസ്‌എസ്‌ഫിന്റെ സ്‌ഥാപക പ്രസിഡന്റാണ്. 2019ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇളയ സഹോദരനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു.

പ്രതിസന്ധികൾ മറികടന്ന കുട്ടിക്കാലം

പ്രതിസന്ധികളുടേതായിരുന്നു ഹൈദരലി തങ്ങളുടെ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവം. ഹൈദരാബാദ് ആക്‌ഷന്റെ പേരിലായിരുന്നു പൊലീസിന്റെ അനാവശ്യ നടപടി. പുലർച്ചെ കൊടപ്പനയ്‌ക്കൽ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്‌റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യർഥനയനുസരിച്ചു പൂക്കോയ തങ്ങൾ തന്നെ ശാന്തമാക്കി. 

തുടർന്ന് മഞ്ചേരി സബ് ജയിലിൽ രണ്ടു ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്‌ചയും പൂക്കോയ തങ്ങൾ കഴിഞ്ഞു. പാണക്കാട് തറവാട്ടിൽ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്‌ഠൻ മുഹമ്മദലി ശിഹാബ് തങ്ങൾ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങൾ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വർഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. ‘ഉമ്മയെപ്പോലെ തന്നെയാണ് അവർ എന്നെ വളർത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവർ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളർത്തിയത്.’–ഒരു അഭിമുഖത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞിട്ടുണ്ട്.

‘പിതാവിനെപ്പോലെയായിരുന്നു ജ്യേഷ്ഠൻ’

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ‘ഫൈസി’ ബിരുദം നേടി. ശിഹാബ് തങ്ങളെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്ന ആഗ്രഹം ഹൈദരലി തങ്ങൾക്കുമുണ്ടായിരുന്നു. പ്രവാചകനഗരിയായ മദീനയായിരുന്നു ലക്ഷ്യം. പക്ഷേ, ജാമിഅ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ വർഷമാണ് പിതാവിന് അർബുദ രോഗബാധ സ്‌ഥിരീകരിച്ചത്. പിന്നെ, മാസങ്ങൾക്കകം വേർപാടും.

‘പിതാവ് മരിച്ചപ്പോൾ ഞങ്ങൾക്കിനിയാരുണ്ടെന്നു വേദനിച്ചു കരഞ്ഞപ്പോൾ, ജ്യേഷ്‌ഠനാണു തലോടി ആശ്വസിപ്പിച്ചത്. മക്കളുടെ കല്യാണക്കാര്യത്തിൽ ആലോചന നടന്നപ്പോഴാണ് ആ സാന്നിധ്യം ഏറ്റവുമധികം തുണയായത്. എപ്പോൾ, എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പിതാവിനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചു...’–ഒരിക്കൽ ഹൈദരലി തങ്ങൾ പറഞ്ഞു.

അളന്നു തൂക്കിയെടുത്തതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം. കൂടുതലുമില്ല, കുറവുമില്ല, പറയാനുള്ള കാര്യങ്ങൾ കിറുകൃത്യം–സൗമ്യം, ദീപ്‌തം. പാവപ്പെട്ടവർക്കു വേണ്ടിയുള്ള പ്രവർത്തനം, വിദ്യാഭ്യാസ പുരോഗതി, മതസൗഹാർദം തുടങ്ങി ജനനന്മ ലക്ഷ്യമിട്ടായിരുന്നു‌ ഹൈദരലി തങ്ങളുടെ ജീവിതം. അതിനാൽത്തന്നെ സമുദായത്തിനും പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാവുകയാണ് ആ വിയോഗം. മലപ്പുറം പുതിയ മാളിയേക്കൽ വീടിന്റെ വരാന്തയിൽ ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു...

സയ്യിദ് ഹൈദരലി തങ്ങൾ അന്തരിച്ചു

ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.

നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.


 
18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷച്ചുമതലയും വഹിച്ചിരുന്നു.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പുറമെ സാദികലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.