2018, ജൂലൈ 29, ഞായറാഴ്‌ച

ചെർക്കളം അന്തരിച്ചു (മാതൃഭൂമി)

കാസർകോട്: മുൻമന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ നിർവാഹകസമിതി അംഗവും സംസ്ഥാന ഖജാൻജിയും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ ചെർക്കളം അബ്ദുള്ള(76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചെർക്കളയിലെ വസതിയായ കംസാനക് വില്ലയിലായിരുന്നു അന്ത്യം.

രണ്ടാഴ്ചയിലേറെയായി മംഗളൂരുവിലെ ആസ്പത്രിയിലായിരുന്ന അദ്ദേഹത്തിന്റെ നിലയിൽ കാര്യമായ പുരോഗതി കാണാത്തതുകൊണ്ട് വ്യാഴാഴ്‌ച രാത്രി സ്വവസതിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. വീട്ടിലെത്തിച്ച് ഏതാനും മണിക്കൂറുകൾക്കകം അന്ത്യം സംഭവിച്ചു. കാസർകോട്ടെ ഏറ്റവും തലപ്പൊക്കമുള്ള രാഷ്ട്രീയനേതാവായിരുന്ന ചെർക്കളത്തിന്റെ നിര്യാണവാർത്തയറിഞ്ഞ് നാനാതുറയിൽപ്പെട്ട ആയിരങ്ങൾ വസതിയിലേക്ക് പ്രവഹിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ലീഗ് അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് തുടങ്ങിയ നേതാക്കളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ വൈകിട്ട് ആറുമണിയോടെ ചെർക്കള വലിയ ജുമാമസ്ജിദ്‌ കബറിസ്ഥാനിൽ കബറടക്കി. മാതൃഭൂമി മാനേജിങ് ഡയറക്ടർക്കും മാനേജിങ് എഡിറ്റർക്കും വേണ്ടി റീത്ത് സമർപ്പിച്ചു.

ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനായി 1942 സെപ്റ്റംബർ 15-ന് ജനിച്ച ചെർക്കളം 1957-ൽ സ്വതന്ത്രവിദ്യാർഥിസംഘടനയിലൂടെയാണ് പൊതുരംഗത്തേക്കു വന്നത്. ചെർക്കളത്ത് ശാഖാഭാരവാഹിയായി പാർട്ടി പ്രവർത്തനം തുടങ്ങിയ അദ്ദേഹം അരനൂറ്റാണ്ടിലേറെയായി ലീഗിന്റെ സംസ്ഥാന നേതൃനിരയിലുണ്ട്. 1987 മുതൽ 2006 വരെ തുടർച്ചയായി നാലുതവണ മഞ്ചേശ്വരത്തുനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി.ക്ക് കേരളത്തിൽ ഏറ്റവും സ്വാധീനമുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് എക്കാലത്തും ശക്തമായ ത്രികോണമത്സരമായിരുന്നു. നിർണായകമത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിക്കാൻ ചെർക്കളത്തിനു കഴിഞ്ഞു.

2001-2004 കാലയളവിൽ എ.കെ.ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയായി. ദാരിദ്ര്യനിർമാർജനത്തിൽ നിർണായകമായ കുടുംബശ്രീ പദ്ധതി ശക്തിപ്പെടുത്തിയത് അക്കാലത്താണ്. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ നിർമാണത്തിലും സുപ്രധാന പങ്കുവഹിച്ചു. കാസർകോട് പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. ന്യൂനപക്ഷ കോർപ്പറേഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.

1972 മുതൽ 1984 വരെ മുസ്‌ലിം ലീഗ് അവിഭക്ത കണ്ണൂർജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1984-ൽ കാസർകോട് ജില്ല നിലവിൽവന്നതുമുതൽ ജില്ലാ ജനറൽ സെക്രട്ടറിയായി. 2004 മുതൽ കഴിഞ്ഞകൊല്ലം വരെ ജില്ലാ പ്രസിഡന്റായിരുന്നു. ദീർഘകാലമായി യു.ഡി.എഫ്. ജില്ലാ ചെയർമാനാണ്. കുറച്ചുകാലം എസ്.ടി.യു. സംസ്ഥാനാധ്യക്ഷനായി പ്രവർത്തിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, എം.ഇ.എസ്. ആജീവനാന്ത അംഗം, സി.എച്ച്. മുഹമ്മദ്‌ കോയ സെന്റർ ഫോർ ഡെവലപ്മെന്റ് എജ്യുക്കേഷൻ സയൻസ് ആൻഡ് ടെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി, ചെർക്കളം മുസ്‌ലിം ചാരിറ്റബിൾ സെന്റർ ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഈജിപ്ത്, പലസ്തീൻ അടക്കം പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു.

ഭാര്യ: ആയിഷ (ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം), സി.എ. മുഹമ്മദ് നാസർ(മിനറൽ വാട്ടർ കമ്പനി, സലാല), സി.എ.അഹമ്മദ് കബീർ(എം.എസ്.എഫ്. മുൻ ജില്ലാ ജനറൽ സെക്രട്ടറി). മരുമക്കൾ: എ.പി.അബ്ദുൽഖാദർ(പൊമോന എക്‌സ്‌പോർട്ടേഴ്‌സ്, മുംബൈ), അഡ്വ. അബ്ദുൽമജീദ്(ദുബായ്), നുസ്‌വത്ത് നിഷ(ചാവക്കാട്), ജസീമ ജാസ്മിൻ(ബേവിഞ്ച). സഹോദരങ്ങൾ: ചെർക്കളം അബൂബക്കർ, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുൽ ഖാദർ, നഫീസ കാപ്പിൽ.

2018, ജൂലൈ 27, വെള്ളിയാഴ്‌ച

ചെർക്കളം കരുത്തിന്റെ പര്യായം

ചെര്‍ക്കളം: ലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായം: ഇ.ടി മുഹമ്മദ് ബഷീര്‍

July 27, 2018

    

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പ്ി ലോക്‌സഭ

മുസ്ലീംലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു ചെര്‍ക്കളം അബ്ദുള്ള. ഏകദേശം ആറര പതിറ്റാണ്ടുകളോളം വളരെ അടുത്ത് ഹൃദയബന്ധം പുലര്‍ത്തി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഞാനും ചെര്‍ക്കളവും.രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയായി കാണാന്‍ കഴിയുക നിശ്ചയധാര്‍ഢ്യവും ധൈര്യവുമാണ്. ചെര്‍ക്കളം ഏത് കാര്യം ഏറ്റെടുത്താലും അത് ധൈര്യസമേതം ചെയ്ത് പൂര്‍ത്തിയാക്കാനുള്ള ഒരു ത്രാണി സര്‍വ്വ ശക്തന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ടൈം മാനേജ്‌മെന്റ് ഇപ്പോള്‍ നമ്മള്‍ വളരെ ശാസ്ത്രീയമായി പറയുന്ന ഇവന്റ് മാനേജ്‌മെന്റ് , ടൈം മാനേജ്‌മെന്റ് എത്രയോ കാലമായി കൃത്യമായി നടത്തുന്ന ആളായിരുന്നു അദ്ദേഹം. ചെര്‍ക്കളത്തിന്റെ ടൈം മാനേജ്‌മെന്റ് വളരെ കൃത്യമാണ്. അദ്ദേഹം ഒരു പരിപാടി വെച്ചാല്‍ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കും. ഞാന്‍ അദ്ദേഹം വിളിച്ച ഒരുപാട് പരിപാടികളില്‍ പങ്കെടുത്ത ആളാണ്. 1965 മുതല്‍ പല രംഗത്തും അദ്ദേഹവുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് പ്രത്യേകിച്ച് ടഠഡ വിന്റെ കാര്യത്തില്‍. ആ കാലഘട്ടത്തിലൊക്കെ അദ്ദേഹത്തിന്റെ ഓരോ സംഗതികളും നടത്തിയെടുക്കുന്ന കാര്യത്തില്‍ അത് ചെര്‍ക്കളത്തെ ഏല്‍പിച്ചാല്‍ ചെര്‍ക്കളം ഭംഗിയായി നടത്തിയിട്ടുണ്ടാകും അതിന് ഒരു വിദഗ്ധനും വേണ്ട. അത്തരം കാര്യങ്ങളില്‍ ശാസ്ത്രീയമായി ഇത് ചെയ്യുന്ന ആളുകളെക്കാള്‍ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നെ എനിക്ക് സ്മരിക്കാനുള്ള ഒരു കാര്യം ഞാനും ചെര്‍ക്കളവും ഒന്നിച്ച് പ്രധാനമായ ഒരു കാര്യത്തിനായി ഒന്നര മാസത്തോളം ബോംബെയില്‍ ജോലി ചെയ്തിട്ടുണ്ട്. കുവൈറ്റ് യുദ്ധം ഉണ്ടായ സമയത്ത് നമ്മുടെ നാട്ടുകാര്‍ അവിടെ നിന്ന് ഒരു രക്ഷയുമില്ലാതെ പോരുന്ന സമയത്ത് ബോംബെയില്‍ അവരെ സ്വീകരിച്ച് നാട്ടിലേക്ക് അയക്കുന്നത് വരെ വിശ്രമിക്കാനും ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്താനുമായി പാര്‍ട്ടി തീരുമാനം എടുത്ത് അത് ഓര്‍ഗനൈസ് ചെയ്യുന്നതിനായി ചെര്‍ക്കളത്തെയും എന്നെയുമാണ് നിയോഗിച്ചത്. എത്ര സാമര്‍ത്ഥ്യത്തോടെയാണ് ചെര്‍ക്കളം ആ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്ന് അത്ഭുതത്തോടെ ഞാന്‍ നോക്കിയ സംഗതിയാണ്. ഞങ്ങളെ ഏല്‍പിച്ച കാര്യങ്ങള്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. എല്ലാം നഷ്ടപ്പെട്ട് വരുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു അത്. അതോടൊപ്പം തന്നെ ഞാന്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം ചെര്‍ക്കളം പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നൂതന ആശയങ്ങള്‍ കൊണ്ട് വന്നിരുന്നു. ദാരിദ്ര നിര്‍മാര്‍ജനത്തിനായി സ്ത്രീകളുടെ കൂട്ടായ്മ, അയല്‍കൂട്ടങ്ങള്‍ , സ്വയം സഹായം സംഘങ്ങള്‍, കുടുംബശ്രീ എന്നീ ആശയങ്ങളുടെ ഉപജ്ഞാതാവ് ചെര്‍ക്കളമായിരുന്നു. പഞ്ചായത്ത് വകുപ്പ് വളരെ നന്നായി കൈകാര്യം ചെയ്തു അദ്ദേഹം. എങ്ങനെ പഞ്ചായത്ത് വകുപ്പിന് പുതിയ ഒരു മുഖം നല്‍കുവാന്‍ കഴിയും എന്നതിനെ കറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത് വലയം വളരെ വലുതായിരുന്നു. അതോടൊപ്പം തന്നെ മറ്റൊരു കാര്യം വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ മഞ്ചേശ്വരം കണ്ടിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് ഒരു കോട്ട പോലെ കാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു ലോകത്തോട് വിട പറയാന്‍ പോകുകയാണെന്ന് ആ സമയത്ത് പോലും ഞങ്ങളുടെ കൈപിടിച്ച് ശക്്തനായിട്ട്്് അദ്ദേഹം നിന്നു . അദ്ദേഹത്തിന്റെ കഴിവുുകള്‍ ചെറുതായിട്ട് കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചടുലത വിസ്മരിക്കാന്‍ കഴിയാത്ത കാര്യമാണ്. അങ്ങനെതന്നെയായി ജീവിതം മുഴുവനും. ചരിത്രത്തില്‍ ഒരുപാട് ഓര്‍മപ്പെടുത്തലുകള്‍ ഉണ്ട്. ചെര്‍ക്കളത്തിന്റെതായിട്ട്.

TAGSET Muhammmed Basheer

    

2018, ജൂലൈ 26, വ്യാഴാഴ്‌ച

മുന്നണി പോരാളിയായ ചെർക്കളം

*മുന്നണി പോരാളിയായ*
*ചെർക്കളം*

സംഭവ ബഹുലമായ അദ്ധ്യായം   അവസാനിച്ചു

ജനാബ്  ചെർക്കളം  അബ്ദുല്ല സാഹിബ്‌  നമ്മെ വിട്ട്  പിരിഞ്ഞിരിക്കുന്നു

1942  സെപ്തംബർ 15 ന്  ബാരിക്കാട്  മുഹമ്മദ് ഹാജിയുടെ   മകനായി   ജനിച്ച  ചെർക്കുളം   അബ്ദുല്ല  സാഹിബ്  കാസറഗോഡൻ   രാഷ്ട്രീയത്തിൽ  നിന്ന്   സംസ്ഥാന   നേതൃത്വത്തോളം    വളർന്ന   അതികായനായിരുന്നു

എല്ലാ കാര്യത്തിലും തനതായ  ശൈലി  ഉണ്ടാക്കിയെടുത്ത  അദേഹം   ആരുടെ  മുമ്പിലും   ഓച്ചാനിച്ചു നിൽക്കാൻ   കൂട്ടാക്കിയിരുന്നില്ല   എന്നതാണ്    പരമാർത്ഥം

കാസറഗോഡ് ജില്ലാ കലക്ടറുടെ   നിയമനവുമായി  ബന്ധപ്പെട്ടൊരു  ചർച്ചാ വേളയിൽ   മുഖ്യമന്ത്രിയായിരുന്ന   എ.കെ  ആൻറണി  പറഞ്ഞൊരു   തമാശ   അവിടെ  ചെർക്കളമുണ്ടല്ലോ  പിന്നെന്തിനാ   വേറൊരാൾ   എന്നായിരുന്നത്രേ

ആജ്ഞാ ശക്തിയും  ആർജവവും  കൈമുതലാക്കിയ  ജനനായകനായിരുന്നു   ചെർക്കളം  അബ്ദുല്ല സാഹിബ്

അഭിവക്ത  കണ്ണൂർ ജില്ലയിൽ  തന്നെ  എം. എസ്.എഫിലൂടെ  കടന്ന്  വന്ന്  യൂത്ത്  ലീഗിന്റെയും  മുസ്ലിം ലീഗിന്റെയും   നേത്രനിരയിലെത്തിയ  ചെർക്കളം  1984  ൽ  കാസറഗോഡ്   ജില്ല  പിറവി കൊണ്ടതോടെ   മുസ്ലിം ലീഗ്   ജില്ലാ കമ്മിറ്റിയിൽ  അനിഷേധ്യ  സാന്നിദ്ധ്യമായി  മാറുകയായിരുന്നു 

അകത്തും  പുറത്തുമുണ്ടായിരുന്ന  വിമർശകരുടെ   വായടപ്പിക്കാൻ   പറ്റുന്ന  നേതൃപാടവം  ചെർക്കളത്തിന്   സ്വന്തമായിരുന്നു

ഹമീദലി ഷംനാട് , കെ.എസ് അബ്ദുല്ല   തുടങ്ങിയവർ   പ്രസിഡന്റായ   ജില്ലാ  കമ്മിറ്റിയിൽ   ജന.. സെക്രട്ടറിയായും   പിന്നീട്   ഒരു  ദശാബ്ദത്തോളം  ജില്ലാ  ലീഗ്   പ്രസിഡന്റായ  ചെർക്കളം   അബ്ദുല്ല സാഹിബ്        മാസങ്ങൾക്ക്    മുമ്പ്   മാത്രമാണ്      പദവിയൊഴിഞ്ഞത്     ഏറെ   താമസിയാതെ    സംസ്ഥാന   കമ്മിറ്റി   പുറi സംഘടയിൽ    ട്രഷററായി  നിയമിതനാവുകയും  ചെയ്തു

കൃത്യാന്തര  ബാഹുല്യങ്ങൾക്കിടയിലും    സമയ നിഷ്ഠ  പാലിക്കാൻ   മറക്കാത്ത   ചെർക്കളം'' ഏത്: പരിപാടിക്കും    പറഞ്ഞതിനും  മുമ്പേ  ഓടിയെത്തുമായിരുന്നു

ചടുലമായ ' പ്രവർത്തന രീതിയും:   ആർജ്ജവവും കൈമുതലാക്കിയ  ചെർക്കളത്തിന്   പകരം  ചെർക്കളം    മാത്രം

എസ്.ടി.യു   സംസ്ഥാന പ്രസിഡൻറായും    മുസ്ലിം ലീഗ്   നിയമസഭാ കക്ഷി   ഭാരവാഹിയായും  പ്രവർത്തിച്ച ചെർക്കളം   മികച്ച  സാമാജികനുമാണ്

യു.ഡി.എഫ് ജില്ലാ ചെയർമാനായ  ചെർക്കളം     പാർട്ടിക്കും 'മുന്നണിക്കും    മുന്നണി പോരാളിയായി   കരുത്ത് പകർന്നു

കാസറഗോഡ്  സംയുക്ത ജമാഅത്ത്    പ്രസിഡൻറായും    മത സാമൂഹ്യ  സാംസ്കാരിക  രംഗത്തൊക്കെ   അര നൂറ്റാണ്ടോളമായി    നിറ സാന്നിദ്ധ്യമായിരുന്നു  ചെർക്കളം   അബ്ദുല്ല സാഹിബ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള മോഹവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മാറ്റുരച്ച മഞ്ചേശ്വരം മണ്ഡലത്തിൽ ' നിന്നും  നാലു പ്രാവശ്യം   എം.എൽ എ   ആയ   ചെർക്കളം   2001 ലെ  എ.കെ.  ആന്റണി മന്ത്രിസഭയിൽ  തദ്ദേശ സ്വയംഭരണ 'വകുപ്പ് മന്ത്രിയുമായിരുന്നു 

കുടുംബശ്രീ  സംവിധാനം  വ്യാപകമാക്കാനും  ആശ്രയ  പോലുള്ള  പുതിയ   പദ്ധതികൾ  കൊണ്ടു വരാനും  അദ്ദേഹം  മന്ത്രിയായ  സമയത്ത്    കൂടുതൽ   താത്പര്യമെടുത്ത്   പ്രവർത്തിക്കുകയുണ്ടായി

'
മഞ്ചേശ്വരത്തിന്റേയം   പൊതുവിൽ  ജില്ലയുടെ തന്നെ  വികസനത്തിൽ  അദ്ദേഹത്തിന്റെ  സംഭാവനകൾ    സ്മരണീയമാണ്

ന്യൂനപക്ഷ ധനകാര്യ വികസന  കോർപ്പറേഷൻ   ചെയർമാനായിരുന്നു   കഴിഞ്ഞ  യു.ഡി. എഫ്  ഭരണ കാലത്ത്     ചെർക്കളം ,എം.എൽ. എ   ആയിരിക്കെ തന്നെ  1990 ൽ  ജില്ലാ കൗൺസിൽ ' മെമ്പറായും  അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു

1980ലെ  തെരഞ്ഞെടുപ്പിലാണ്  ചെർക്കളം  ആദ്യമായി  നിയമ സഭയിലേക്ക്   മത്സരിക്കുന്നത്

1980ലെ ആദ്യ അങ്കത്തില്‍ മഞ്ചേശ്വരത്ത് ചെര്‍ക്കളം അബ്ദുല്ല സിപിഐ ഡോ. എ സുബ്ബറാവുവിനോട് 145 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ 1982ല്‍ ഡോ.എ സുബ്ബറാവു കോണ്‍ഗ്രസിലെ എന്‍ രാമകൃഷ്ണനോട് 163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശങ്കര ആള്‍വ മൂന്നാംസ്ഥാനത്തായിരുന്നു. 1980ല്‍ കോണ്‍ഗ്രസിലെ ഐ രാമറൈ റിബലായി മല്‍സരിച്ച് 10,000 വോട്ടുകള്‍ നേടിയതാണ് യുഡിഎഫിന് തിരിച്ചടിയായത്.

1987ല്‍  മഞ്ചേശ്വരം മണ്ഡലത്തിൽ  രണ്ടാമങ്കത്തിനിറങ്ങിയ  ചെര്‍ക്കളം   മണ്ഡലം യു.ഡി.എഫിന്റേതാക്കി മാറ്റുകയായിരുന്നു

ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണ്   അന്നദ്ദേഹം  വിജയിച്ചത്.  ചെർക്കളത്തിന് 33,583 വോട്ടുകളും ബിജെപിയിലെ എ ശങ്കര ആള്‍വയ്ക്ക് 27,017 വോട്ടുകളും സിപിഐയിലെ എ സുബ്ബറാവുവിന് 19,924 വോട്ടുകളും ലഭിച്ചു 

1991ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെ ജി മാരാറെ രംഗത്തിറക്കയപ്പോൾ  കടുത്ത പോരാട്ടത്തിൽ‍ 1000ല്‍ പരം വോട്ടുകള്‍ക്കാണ് അന്ന് ചെര്‍ക്കളം വിജയിച്ചത്. ചെര്‍ക്കളത്തിന് 29,603 വോട്ടും കെ ജി മാരാര്‍ക്ക് 28,531 വോട്ടും എല്‍ഡിഎഫിലെ ബി എം രാമയ്യ ഷെട്ടിക്ക് 24,678 വോട്ടുകളുമാണ് ലഭിച്ചത്.

1996ല്‍  ചെര്‍ക്കളം  രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്ക്  ഹാട്രിക്ക്  വിജയം കരസ്ഥമാക്കി
ചെര്‍ക്കളത്തിന് 34,705, ബിജെപിയിലെ ബാലകൃഷ്ണ ഷെട്ടിക്ക് 32,413, സിപിഎമ്മിലെ എം രാമണ്ണ റൈക്ക് 22,600 വോട്ടുകളുമാണ് അന്ന് ലഭിച്ചത

എന്നാല്‍ 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സി കെ പത്മനാഭനെ 13,000ത്തില്‍പരം വോട്ടുകള്‍ക്ക്  പരാജയപ്പെടുത്തി   നാലാം വട്ടം   നിയമസഭയിലെത്തിയ  ചെർക്കളം    എ.കെ. ആന്റണി മന്ത്രിസഭയിൽ  തദ്ദേശ സ്വയം ഭരണ വകുപ്പ് 'മന്ത്രിയാവുകയും ചെയ്തു   . ചെര്‍ക്കളത്തിന് 47,494 വോട്ടുകളും സി കെ പത്മനാഭന് 34,306 വോട്ടുകളും സിപിഎമ്മിലെ എം രാമണ്ണ റൈക്ക് 23,201 വോട്ടുകളുമാണ്   ആ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

2006ല്‍   പക്ഷേ    ആറായിരത്തില്‍പരം വോട്ടുകള്‍ക്ക്  ചെര്‍ക്കളം പരാജയപ്പെട്ടുകയായിരുന്നു   സംസ്ഥാനമാകെ  യു.ഡി. എഫ്  വൻ പരാണ്ടയം  ഏറ്റു വാങ്ങിയ ഒരു   തിരഞ്ഞെടുപ്പ് കൂടിയായിരുന്നു  അന്നത്തേത്

സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു 39,242, ബിജെപിയിലെ എം നാരായണ ഭട്ട് 34413, ചെര്‍ക്കളം 34,113 വോട്ടുകളുമാണ് ലഭിച്ചത്.

2011ല്‍ ഈ മണ്ഡലം  പി ബി അബ്ദുര്‍ റസാഖ് സാഹിബിലൂടെ തിരിച്ചുപിടിക്കുമ്പോൾ   ചെർക്കളം   മുഖ്യ പ്രചാരകനായി  മുമ്പിലുണ്ടായിരുന്നു

പേരിനൊപ്പം ചേർത്തു വെച്ച    ഗ്രാമത്തിന്റെ ' പേരിൽ  അറിയപ്പെട്ട ' അദ്ദേഹത്തെ ചെർക്കളക്കാർ   വിളിച്ചത്  ഉനൂച്ച  എന്നായിരുന്നു



   *മുസ്തഫ  മച്ചിനടുക്കം*

*Vice president chemnad panchayath.  Muslimleague*

2018, ജൂലൈ 23, തിങ്കളാഴ്‌ച

വിദ്യാർത്ഥികളുടെ ഹബീബ്

*വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട  ഹബീബ്*

എം എസ്. എഫ്   എന്ന  വിദ്യാർത്ഥി    പ്രസ്ഥാനത്തിന്റെ    ചരിത്രത്തിൽ    എക്കാലവും   സ്മരിക്കപ്പെടുന്ന   നാമഥേയത്തിന്റെ   ഉടമയായ   അഡ്വ: പി ഹബീബ് റഹ്മാൻ   വാഹനാപകടത്തിലൂടെ തന്റെ  മുപ്പത്തിയേഴാം വയസ്സിൽ  നാഥന്റെ   അലംഘനീയ  വിധിക്ക്   കീഴടങ്ങിയിട്ട്      28  വർഷം  

മദ്രസ വിദ്യാർത്ഥി  പ്രസ്ഥാനം   എന്ന്    ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും   ചെയ്ത      എം എസ്.എഫി    ന്      ക്യാമ്പസുകളിൽ       മേൽവിലാസം    നേടി കൊടുത്ത        സാരഥിയാണ്   ഹബീബ്
അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥി  സമൂഹത്തിനിടയിലെങ്കിലും    ഒരു  നവോത്ഥാന  നായകനായിരുന്നു    ഹബീബ്

നാമം  അന്വർത്ഥമാക്കും  വിധം    അദ്ദേഹത്തിന്റെ     സമകാലികർക്കെല്ലാം    പ്രിയങ്കരനായിരുന്നു    ഹബീബ്

വലിയ  പ്രഭാഷകനായിരുന്നില്ല    ഹബീബ്      പക്ഷേ മനസ്സും   ശരീരവും     ഒരു പോലെ    കർമ്മ നിരതനായ      എന്നും    പ്രസ്ഥാനത്തിന്റേ യും   വിദ്യാർത്ഥി   സമൂഹത്തിന്റെയും     നന്മ മാത്രം   കാംക്ഷിച്ച      നിസ്വാത്ഥിയായിരുന്നു   ഹബീബ്

  പാറി പറക്കുന്ന      തലമുടിയുമായി    തേച്ച്  മിനുക്കാത്ത    കുപ്പായവും
ധരിച്ച്      നടന്ന  സ്വയം മോടിയാകുന്നതിൽ   അശ്രദ്ധനായ  ഹബീബ്   സംലടനയുടെ   വിഷയത്തിൽ     അടുക്കും ചിട്ടയും കണിശതയും   ഒത്തിണങ്ങിയ     മികച്ച സംഘാടകനായിരുന്നുവെന്ന്    അനുഭവസ്ഥർ   സാക്ഷ്യപ്പെടുത്തുന്നു

വിദ്യാഭ്യാസമുള്ള   തലമുറ  ലീഗ്   രാഷ്ട്രീയത്തെ    തിരസ്ക്കരിക്കുമെന്ന്   നിരീക്ഷിച്ചവരുടെ      സ്വപ്നങ്ങൾ   നിരർത്ഥകമെന്ന്    കാട്ടികൊടുക്കാൻ    ഹബീബിന്റ    നേതൃത്വത്തിലൂടെ    എം.എസ്. എഫി ന്    സാധിച്ചു

കലാലയങ്ങൾ   കൊലാലയങ്ങളായി     മാറുന്നതിന്റെ    പരിണിത ഫലങ്ങൾ  ചർച്ച ചെയ്യപ്പെടുന്ന       കാലിക സമൂഹത്തിൽ        വിദ്യാർത്ഥികളുടെ   പ്രിയപ്പെട്ട  ഹബീബിന്റെ    സ്മരണകൾക്ക്    പ്രസക്തിയേറുകയാണ്



    *മുസ്തഫ മച്ചിനടുക്കം*

2018, ജൂലൈ 20, വെള്ളിയാഴ്‌ച

കരുവള്ളി: ചരിത്രത്തില്‍ പ്രത്യേകമെഴുതേണ്ട പേര് July 20, 2018     

കരുവള്ളി: ചരിത്രത്തില്‍ പ്രത്യേകമെഴുതേണ്ട പേര്

July 20, 2018

    

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കരുവള്ളി മുഹമ്മദ് മൗലവി വിടപറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത്. അറബിഭാഷാ പഠനത്തിനും പ്രചാരത്തിനും കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി ജീവിതം മാറ്റിവെച്ച കരുവള്ളി മൗലവി ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ഒരു നൂറ്റാണ്ട് ജീവിച്ച മൗലവിയുടെ ആയുസ്സില്‍ മുക്കാലും സമുദായത്തിനുവേണ്ടി സമര്‍പ്പിച്ചതാണ്. വിദ്യാഭ്യാസത്തെക്കുറിച്ചല്ലാതെ ഏത് പ്രസംഗത്തിലും കൂടിക്കാഴ്ചയിലും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല. ”പഠിക്കണം. സമുദായത്തെ പഠിപ്പിക്കണം.

പാവപ്പെട്ടവന് സമൂഹത്തില്‍ നിലയും വിലയും ഉണ്ടാകണമെങ്കില്‍ വിദ്യാഭ്യാസം നേടിയേ തീരൂ”. അതിന് നാം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. മതിയായ സ്ഥാപനങ്ങളും കോഴ്‌സുകളും വേണം. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതനിഷ്ഠയുള്ള തലമുറ വളര്‍ന്നുവരണം. അതിനുവേണ്ടി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയും. ആ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണം”. ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. ‘അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് കാലം കഴിച്ചാല്‍ പോര; സമുദായം ചരിത്രത്തില്‍ സ്ഥാനം പിടിക്കണം. അതിന് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണം. മിക്കപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്’. കേരളത്തിലെ പൊതുമണ്ഡലത്തില്‍ അഭിമാനകരമായ സാന്നിധ്യമായിരുന്നു ആറേഴ് പതിറ്റാണ്ടുകാലം കരുവള്ളി മൗലവി. അദ്ദേഹത്തിന്റെ ഭാഷ ഏറെ പ്രത്യേകതകളുള്ളതായിരുന്നു. ആ പ്രസംഗങ്ങള്‍ കനപ്പെട്ട വിഷയങ്ങളായിരുന്നു. അതിമനോഹരമായിരുന്നു ആ സംസാരശൈലി. അറബിയിലും ഇംഗ്ലീഷിലും ഉര്‍ദുവിലുമെല്ലാം പാണ്ഡിത്യമുള്ള വ്യക്തി. മലബാറില്‍ പൊതുവിലും മലപ്പുറത്ത് പ്രത്യേകിച്ചും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക സദസ്സുകളിലെല്ലാം കരുവള്ളി മൗലവി മുഖ്യ അതിഥിയായി ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നത് എല്ലാവരും ശ്രദ്ധിക്കും. അത് ആഴമേറിയ അറിവുകള്‍ കൊണ്ടും ആത്മാര്‍ത്ഥതയും ത്യാഗവും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലഭിച്ച ആദരവായിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന് ഇത്രയും വലിയ സ്വീകാര്യതയും വളര്‍ച്ചയുമുണ്ടായത് പ്രധാനമായും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും കരുവള്ളി മുഹമ്മദ് മൗലവിയുടെയും കഠിന പരിശ്രമങ്ങള്‍ കൊണ്ടാണ്. കരുവള്ളിയെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രമെഴുതാന്‍ ആര്‍ക്കുമാവില്ല.
സ്വാതന്ത്ര്യസമര നായകനായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യനായി പഠനത്തിലും പൊതുജീവിതത്തിലും പ്രവേശിച്ച കരുവള്ളി മൗലവി ഒരു സ്വാതന്ത്ര്യപോരാളിയുടെ നിശ്ചയദാര്‍ഢ്യത്തോടെയാണ് തന്റെയും സമുദായത്തിന്റെയും ലക്ഷ്യപ്രാപ്തിക്കായി പ്രയത്‌നിച്ചത്.

ഉമറാബാദില്‍ ഉപരിപഠനം നടത്തുകയും മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്‌സലുല്‍ ഉലമ പാസാകുകയും ചെയ്ത മൗലവി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. മലബാര്‍ മേഖലയുടെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയോഗിക്കപ്പെട്ടതോടെ അറബിഭാഷാ പഠനരംഗത്ത് ആസൂത്രിതമായി തന്നെ പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ അറബി ഭാഷാ സ്‌നേഹികളും അറബി അധ്യാപക സമൂഹവും കരുവള്ളി മൗലവിയുടെ പ്രിയ തോഴന്മാരായി. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അറബി അധ്യാപക സംഘടനക്ക് രൂപം നല്‍കുന്നതിന് പ്രയത്‌നിച്ച മൗലവി നിരന്തരം നീതി നിഷേധിക്കപ്പെട്ടിരുന്ന ആ അധ്യാപക സമൂഹത്തിന് അവകാശങ്ങള്‍ നേടിക്കൊടുക്കാനും അന്തസ്സും പുരോഗതിയുമുണ്ടാക്കാനും മുന്നില്‍ നിന്നു.

അറബിക് പണ്ഡിറ്റ് യൂണിയനു ശേഷം കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും അദ്ദേഹം സ്ഥാപിച്ചു. അറബി ഭാഷാ പഠനം നിരുത്സാഹപ്പെടുത്തുന്നതിനും ഘട്ടംഘട്ടമായി പഠനസൗകര്യം എടുത്തു കളയുന്നതിനും 1980ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് സമര രംഗത്തിറങ്ങിയപ്പോള്‍ അതിന് കരുത്തും പിന്തുണയും നല്‍കി മൗലവിയുണ്ടായിരുന്നു. സീതിസാഹിബിന്റെയും ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും പോക്കര്‍ സാഹിബിന്റെയുമെല്ലാം ഉറ്റമിത്രമായിരുന്ന മൗലവി ആ സ്‌നേഹബന്ധങ്ങളെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി വിനിയോഗിച്ചു. നൂറാം വയസ്സിലേക്ക് പ്രവേശിച്ച സമയത്ത് മൗലവിയെ കാണുമ്പോഴും കുട്ടിക്കാലത്ത് കണ്ട മൗലവിയില്‍ നിന്ന് ദേഹഘടനയില്‍ മാത്രമേ മാറ്റങ്ങള്‍ തോന്നിയിട്ടുള്ളു. താടിയുണ്ട്. മുടി നരച്ചുപോയി. അതിലപ്പുറം വലിയ വ്യത്യാസങ്ങളില്ല. അന്നേ കേള്‍ക്കുന്ന സ്ഫുടവും ഘനഗംഭീരവുമായ ആ സ്വരം തന്നെ. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ വന്ദ്യപിതാവ് പൂക്കോയ തങ്ങളോടൊപ്പം കൊടപ്പനക്കല്‍ വീട്ടില്‍ വെച്ചും മറ്റു ചടങ്ങുകളിലും മൗലവിയെ കാണുകയും ഇടപഴകാന്‍ അവസരങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്.
മതരംഗത്ത് ഭിന്നമായ ആശയധാരയിലായിരുന്നുവെങ്കിലും അവര്‍ അടുത്ത കൂട്ടുകാരായിരുന്നു. പല സ്ഥലത്തും ഒരുമിച്ചു പ്രസംഗിക്കാന്‍ പോകും. അവര്‍ പരസ്പരം ബഹുമാനിച്ചു. ഇരുവരും ഏതാണ്ട് സമപ്രായക്കാരും വലിയ സ്‌നേഹിതരുമായിരുന്നു. പിതാവിന്റെ കാലശേഷവും ആ സ്‌നേഹബന്ധം നിലനിര്‍ത്തി. മക്കളോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നതും സ്‌നേഹോപദേശങ്ങള്‍ നല്‍കിയിരുന്നതും. ബാപ്പയുമായുള്ള സൗഹൃദയാത്രകളും വിദ്യാഭ്യാസ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിതാവ് കാണിച്ചിരുന്ന താല്‍പര്യങ്ങളും അദ്ദേഹം പല പ്രസംഗത്തിലും എടുത്തു പറയാറുണ്ടായിരുന്നു.

സഹോദരന്മാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടും സയ്യിദ് ഉമറലി ശിഹാബ് തങ്ങളോടുമെല്ലാം ബാപ്പയുള്ള കാലത്തെ ആ അടുപ്പം അവസാനം വരെ പ്രകടമായി കണ്ടിട്ടുണ്ട്. ഈ ലേഖകന്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കേരള ഇസ്‌ലാമിക് സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ, ചരിത്ര, സാമൂഹിക വിഷയങ്ങളില്‍ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും അദ്ദേഹം നിരന്തരം എഴുതിയിരുന്ന ലേഖനങ്ങള്‍ വായനക്കാരുടെ വലിയ ആകര്‍ഷണമായിരുന്നു. നാല് തലമുറകള്‍ക്ക് ഗുരുനാഥനായിരുന്നു മൗലവി. മലപ്പുറം ഗവണ്‍മെന്റ് മുസ്‌ലിം ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിപ്പക്കി സാഹിബ് കഴിഞ്ഞാല്‍ നാടെങ്ങും പുകള്‍പെറ്റ അധ്യാപകനായിരുന്നു കരുവള്ളി മൗലവി.

ആ നന്മയുടെ വെളിച്ചത്തിലൂടെയാണ് അന്ത്യം വരെ അദ്ദേഹം സഞ്ചരിച്ചത്. വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തിയ മിതത്വവും സൂക്ഷ്മതയും ഊര്‍ജ്ജസ്വലതയും സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കാണിച്ച നിശ്ചയദാര്‍ഢ്യവും കരുവള്ളി മൗലവി എന്ന മാതൃകാ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തുന്നു. ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ചരിത്രത്തിലും മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും തിളക്കമേറിയ ഒരധ്യായമായി കരുവള്ളി മുഹമ്മദ് മൗലവിയുണ്ടാകും.