2016, ജൂൺ 21, ചൊവ്വാഴ്ച

ബദർ യുദ്ധം,

സത്യാസത്യത്തിന്റെ പോരാട്ട ദിനം ബദ്ര്‍
- സെയ്തുമുഹമ്മദ് നിസാമി
Posted On: 6/21/2016 11:23:10 PM

ഇസ്‌ലാമിക ചരിത്രത്തിലെ അതിനിര്‍ണായക സംഭവമായ ബദര്‍ യുദ്ധം നടന്നത് റമസാന്‍ പതിനേഴാം ദിനത്തിലാണ്. ക്രിസ്താബ്ദം 624 ജനുവരിയില്‍. ഒരു വെള്ളിയാഴ്ച. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. തൗഹീദും ശിര്‍ക്കും തമ്മില്‍ ഒരു സംഘട്ടനം. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള ഏറ്റുമുട്ടല്‍. നന്മയും തിന്മയും തമ്മില്‍ ബലപരീക്ഷണം. അതെ, നീതിയും അനീതിയും തമ്മില്‍ വേര്‍തിരിക്കപ്പെട്ടത് ബദര്‍ യുദ്ധത്തോടെയാണ്.

റമസാന്‍ മൂന്നിനു 313 പേരടങ്ങുന്ന ഒരു സംഘത്തെയുമായി സിറിയയില്‍ നിന്നു കച്ചവടം മുഖേന ലഭിച്ച പണം കൊണ്ടു ആയുധവുമായി മടങ്ങുന്ന അബൂ സുഫിയാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ ഉപരോധിക്കാന്‍ പുറപ്പെട്ടതാണ് യുദ്ധത്തിലേക്കെത്തിച്ചത്. വിവരം മണത്തറിഞ്ഞ അബൂ സുഫിയാന്‍ തങ്ങളെ സഹായിക്കുന്നതിന് ഒരു സൈനിക സംഘത്തെ അയക്കാന്‍ മക്കയിലുള്ള ഖുറൈശി പ്രമുഖരോടാവശ്യപ്പെട്ടു. അബൂസുഫിയാന്‍ രക്ഷപ്പെടുകയും ചെയ്തു.


വഴിയില്‍ വെച്ചാണ് കച്ചവട സംഘത്തെ രക്ഷിക്കാന്‍ വമ്പിച്ചൊരു സൈന്യം പുറപ്പെട്ടത് നബി (സ)യും അനുയായികളും അറിയുന്നത്. സൈനിക സന്നാഹത്തോടെയല്ല മുസ്‌ലിംകള്‍ പുറപ്പെട്ടത്. ത്യാഗ സന്നദ്ധത പ്രഖ്യാപിച്ച അനുയായികള്‍ ഖുറൈശികളുടെ വെല്ലുവിളി ഏറ്റെടുത്തു. താനും സംഘവും രക്ഷപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ തിരിച്ചുപോകണമെന്നും അബൂ സുഫിയാന്‍ ആവശ്യപ്പെട്ടിട്ടും ഖുറൈശി സംഘത്തലവന്‍ അബൂജഹ്ല്‍ അനുസരിച്ചില്ല. ബദ്‌റില്‍ മൂന്നു ദിവസം വന്നു ഒട്ടകത്തെ അറുത്തും ഭക്ഷണവും മദ്യവും വിളമ്പി ഗാനമേള നടത്തിയുമല്ലാതെ നാം തിരിച്ചു പോവില്ലെന്നായിരുന്നു അബൂ ജഹ്‌ലിന്റെ പ്രതികരണം.റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.


ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.


ദൈവ നിഷേധികള്‍ക്കെതിരെ എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞ വിശ്വാസികള്‍ നടത്തിയ ഈ പോരാട്ടത്തിന്റെ സമാപ്തി മറ്റൊരു വിധത്തിലായിരുന്നുവെങ്കില്‍ മാനവ ചരിത്രത്തിന്റെ ഗതി തന്നെ മറിച്ചാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നു. 'മര്‍ദ്ദിതരായ വിശ്വാസികള്‍ക്കു അവര്‍ ദ്രോഹിക്കപ്പെട്ടതു നിമിത്തം തിരിച്ചു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നു. നിശ്ചയം അവരുടെ സഹായത്തിനു അല്ലാഹു ശക്തന്‍ തന്നെ. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണെന്നു പറഞ്ഞതല്ലാത്ത ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ സ്വന്തം ഭവനത്തില്‍ നിന്നും ബഹിഷ്‌കൃതരായത്' (22:39). നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.


പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.


സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.