2019, ഡിസംബർ 15, ഞായറാഴ്‌ച

അമിത് ഷാ തുറന്ന് വിട്ട ഭൂതം









പൗരത്വ ബില്ലുമായി  ബസപ്പെട്ട്       രാജ്യമാസകലം നടക്കുന്ന. പ്രതിഷേധ കൊടുങ്കാറ്റ്        കേന്ദ്ര സർക്കാരിന്റെ    അവസ്ഥ. ഏതാണ്ട്     ഭൂതത്തെ    തുറന്നു വിട്ട മുക്കുവ കഥ പോലെ    കേന്ദ്ര ഭരണ കൂടത്തേയും  കൊണ്ടേ പോകു എന്ന  അവസ്ഥയിലെത്തുമെന്ന്   ' പറയാനാവില്ലെങ്കിലും   ബി.ജെ. പിയ്ക്ക്    എളുപ്പം പരിഹരിക്കാനാവാത്ത. ഊരാകുടുക്കായിത്  മാറുമെന്നതിൽ.  സംശയമില്ല.   

സാങ്കേതികാർത്ഥത്തിൽ.    പ്രത്യക്ഷത്തിൽ അമിത് ഷായുടെ വാദമുഖങ്ങൾ.     വാദത്തിന്  ശരിയാണെന്ന്    സമ്മതിച്ചാലും        ബില്ലിനെതിരായ. വിമർശനങ്ങളും   പ്രക്ഷോഭങ്ങും     അസ്ഥാനത്താണെന്ന്  സമർത്ഥിക്കാനാവില്ല

പ്രഖ്യാപിക്കപ്പെട്ട. അസ്സാം പൗരത്വ നിഷേധ പട്ടികയിൽ നിന്നും   മുസ്ലിമേതര സമുദായങ്ങളെ  രക്ഷപ്പെടുത്താനുള്ള. ഉപായമായി   ഷാ മോഡി   പ്രഭൃതികൾ  തന്ത്രപൂർവ്വം     നടത്തിയ.   ഗൂഡാലോചനയുടെ  ഭാഗമാണ്      പാർലമെൻറിൽ. പാസാക്കപ്പെട്ട.   പൗരത്വ ഭേദഗതി  ബിൽ.      ഒപ്പം   രാജ്യം നേരിടുന്ന  കടുത്ത സാമ്പത്തിക പ്രയാസവും   സർക്കാരിനെതിരെ ഉയരുന്ന.  ജന രോഷവും   മറച്ച്  വെക്കാനും       പരിവാർ ഭരണം   ഉദ്ദേശിച്ചിരിക്കണം       എന്നാൽ.    തങ്ങളുടെ തന്ത്രങ്ങൾ എല്ലായ്പ്പോഴും വിജയിപ്പിക്കാമെന്ന.  മൗഢ്യ ധാരണ.    ഇവിടെ തിരുത്തപ്പെടുകയാണ്
പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും

എന്‍ആര്‍സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) അപ്‌ഡേറ്റ് ചെയ്തത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. 1951ലെ എന്‍ആര്‍സി ഡാറ്റയും 1971 മാര്‍ച്ച് 24 വരെയുള്ള വോട്ടര്‍പട്ടികകളും എന്‍ആര്‍സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചു. പൗരത്വ ഭേദഗതി പ്രകാരം 1966 ജനുവരി ഒന്നിനും 1974 മാര്‍ച്ച് 24നും ഇടയില്‍ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും. ഇത് എന്‍ആര്‍സിക്ക് വിരുദ്ധമാണ്.

ബില്ലിനെ സംബന്ധിച്ച പ്രധാന വിവാദം, നിയമവിരുദ്ധ കുടിയേറ്റക്കാരെ മതാടിസ്ഥാനത്തിൽ നിർണയിക്കുന്നതിലെ ഭരണഘടനാവിരുദ്ധത

മുസ്ലീങ്ങളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്നു എന്നതാണ് പൗരത്വ ഭേഗതി ബില്ലിനെതിരായ ഏറ്റവും പ്രധാന പരാതി. എല്ലാ പൗരന്മാര്‍ക്കും മത, സാമുദായിക, ജാതി, ലിംഗ ഭേദങ്ങൾക്ക് അതീതമായി സമത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് ബില്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിട്ട മതന്യൂനപക്ഷങ്ങളെ പൗരത്വം നല്‍കി സംരക്ഷിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരടക്കം, യഥാര്‍ത്ഥ 'മണ്ണിന്റെ മക്കള്‍'ക്ക് അര്‍ഹതപ്പെട്ട പൗരത്വം നല്‍കുന്നു, 'ചരിത്രത്തിന്റെ തെറ്റ് തിരുത്തുന്നു' എന്നെല്ലാമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.


2019 തുടക്കത്തിൽ  ബിൽ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അസമിലെത്തിയപ്പോള്‍ അസം ഗണ പരിഷദ് അടക്കമുള്ളവ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരിങ്കൊടികളുമായാണ് മോദിയെ സ്വീകരിച്ചത്. അസമിലും മേഘാലയയിലും മിസോറാമിലുമെല്ലാം ശക്തമായ പ്രതിഷേധമുണ്ടായി.

തങ്ങളുടെ തൊഴിലവസരങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തട്ടിയെടുക്കും, ഇത് കൂടാതെ തദ്ദേശീയ ജനവിഭാഗങ്ങള്‍ ന്യൂനപക്ഷമാക്കപ്പെടും എന്നുള്ള വംശീയമായ ആശങ്കകളുമാണ് വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലുള്ളത്. ബംഗാളി മുസ്ലീങ്ങൾക്കെതിരെ അസമിലെ ബോഡോകൾ നടത്തിവന്നിരുന്ന ആക്രമങ്ങളുടെ സമയത്ത് മുസ്ലീം കുടിയേറ്റക്കാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയും ബോഡോകൾക്ക് പിന്തുണ നൽകുകയുമാണ് ബിജെപി ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയങ്ങൾക്കും ഭൂരിപക്ഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികാരം നേടുകയും ചെയ്തതിന് പിന്നിൽ ഈ കുടിയേറ്റ വിരുദ്ധ പ്രചാരണത്തിന് വലിയ പങ്കുണ്ട്. എന്നാൽ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സഖ്യകകക്ഷികളിൽ നിന്നടക്കം അവർക്കെതിരെ പ്രതിഷേധമുയരാൻ ഇടയാക്കി.
നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷവും, മ്യാന്‍മറിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റ് ഭൂരിപക്ഷ മതതീവ്രവാദികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നവരുമായ മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരത്തില്‍ തന്നെ ബംഗ്‌ളാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര പുറത്താക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കൃത്യമായി വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം എന്ന് എതിരാളികള്‍ ആരോപിച്ചു. അമിത് ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ള ഈ പ്രചാരണം ശക്തമാക്കി. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം പൊതുയോഗത്തില്‍ പ്രസംഗിക്കവേ, രേഖകളില്ലാത്ത ഏതൊക്കെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കും എന്ന്  അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മതാടിസ്ഥാനത്തില്‍ തന്നെയാവും പൗരത്വം നൽകുകയെന്നാണ് അദ്ദേഹം പറഞ്ഞത്.. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ദേശീയ പൗരത്വ പട്ടിക വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെട്ടുവെന്ന ആരോപണവും ഉണ്ടായി. അസമിൽ ഹിന്ദുക്കളും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നു എന്ന് വ്യക്തമായതോടെ പൗരത്വ പട്ടികയെ വിമര്‍ശിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വരാന്‍ തുടങ്ങി. രാജ്യത്താകെ പൗരത്വ പട്ടിക നടപ്പാക്കുമെന്നും അതേസമയം അസമില്‍ സംഭവിച്ച 'തെറ്റുകള്‍' തിരുത്തും എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിൻ്റെയൊക്കെ തുടർച്ചയായാണ് ഇപ്പോൾ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പൌരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ബില്ല് ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതാണൊ എന്ന് കാര്യം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.  

വിവാദ ബിൽ. രാജ്യസഭയിൽ പാസായി മണിക്കുറുകൾക്കകം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്   സുപ്രിം കോടതിയെ സമീപിക്കുകയുണ്ടായി 

പിന്നാലെ  കോൺഗ്രസ്സക്കമുള്ള ഇതര കക്ഷികളും  സുപ്രിം കോടതിയെ  സമീപിച്ചിരിക്കുകയാണ്     ഡിസംബർ 18 ന് ഈ ഹരജികളെല്ലാം  സുപ്രിം കോടതി പരിഗണിക്കുമെന്നാണ്   കരുതുന്നത്   

ഇന്ത്യൻ ജനാധിപത്യത്തിന്റെ  അന്തസത്ത കാത്തു സൂക്ഷിക്കുന്ന ഒരു വിധി     കോടതിയിൽ നിന്നുണ്ടാവുമോ     സമീപ കാലത്തുണ്ടായ പല വിധികളിലുമെന്ന പോലെ   കേന്ദ്ര സർക്കാരിനെ    നോവിക്കാതിരിക്കുവാനുള്ള.   ശ്രമവും   ദാസ്യ മനോഭാവവും  പ്രകടമാക്കുമോ  എന്നും  കണ്ടറിയേണ്ടിയിരിക്കുന്നു


സുപ്രിം കോടതി വിധി സർക്കാരിനനുകൂലമായാലും   രാജ്യ തലസ്ഥാനത്തും  വിവിധ സംസ്ഥാനങ്ങളിലും നടക്കുന്ന.   പ്രക്ഷോഭങ്ങൾ  അവസാനിപ്പിക്കുക എളുപ്പമാകില്ല 

മൃതാവസ്ഥയിലായിരുന്ന കോൺഗ്രസ്സിന്റേയും  ഇടതുകക്ഷികളുടേയും    പുനരുജ്ജീവനത്തിന്    രാജ്യത്തെ  സംഭവ വികാസങ്ങൾ    കാരണമായാൽ.   ബി.ജെ പി യുഗത്തിന്റെ അന്ത്യം കുറിക്കപ്പെടുന്നതിന്റെ നാന്ദി കൂടിയായത് മാറിയാലും   അത്ഭുതപ്പെടാനില്ല    രാംലീല.  മൈതാനിയിൽ. ഭാരത് ബച്ചാഒ  റാലിയിൽ.    രാഹുൽ ഗാന്ധി നടത്തിയ.    രാഹുൽ.സവർക്കറല്ല ഗാസിയാണ്   ഞാൻ എന്ന. പരാമർശം    ഇതിനകം തന്നെ  വൈറലായിരിക്കുകയാണല്ലോ         

തൊണ്ണൂറുകളിൽ.  പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ നല്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്    വി.പി സിംഗ്   പൊടി തട്ടിയെടുത്തപ്പോളുണ്ടായ.   സവർണ്ണ കലാപത്തിലൂടെ    രാഷ്ട്രീയ 'നേട്ടം  കോയ്തെടുത്ത പ്രസ്ഥാനമാണ്   ബി. ജെ. പി     അന്നത്തേതിന് സമാനമായൊരു   കലാപാന്തരീക്ഷത്തിലേക്ക്    രാജ്യം മാറിയാൽ.     അതിന്റെ ഗുണഫലം      ബി.ജെ. പി വിരുദ്ധ രാഷ്ട്രീയ ചേരിക്കായിരിക്കും എന്നതിൽ. സംശയമില്ല








മുസ്തഫ മച്ചിനടുക്കം

2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

മലപ്പുറത്തിന്റെ വികസനം സ്വപ്നം കണ്ട കുരിക്കൾ

മലപ്പുറത്തിന്റെ വികസനമുന്നേറ്റം സ്വപ്നം കണ്ട എം.പി.എം.അഹമ്മദ് കുരിക്കൾ

മനോരമ ലേഖകൻ October 24, 2018 12:22 AM IST

കൊടക്കാടൻ മുഹമ്മദലി ഹാജി എം.പി.എം.അഹമ്മദ് കുരിക്കളുമായുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.

ഇന്നു നാം കാണുന്ന മലപ്പുറം. അതായിരുന്നു 50 വർഷം മുൻപ് ബാപ്പു കുരിക്കൾ സ്വപ്‌നം കണ്ടത്. മലപ്പുറം ജില്ലയ്‌ക്കു വേണ്ടി അണിയറയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. പിന്നാക്ക പ്രദേശങ്ങളായിരുന്ന, കോഴിക്കോട്, പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ ജില്ലയുടെ രൂപരേഖ തയാറാക്കി നിയമസഭയിൽ അവതരിപ്പിച്ചതിനു പിന്നിൽ കുരിക്കളായിരുന്നു. മലപ്പുറത്തിന്റെ പിന്നാക്കാവസ്‌ഥ മാറ്റി വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മറ്റു ജില്ലകൾക്കൊപ്പം എത്തിക്കുക എന്നതായിരുന്നു കുരിക്കളുടെ സ്വപ്‌നം. വിദ്യാർഥിയായിരിക്കെ ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമല്ലായിരുന്നിട്ടുപോലും വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു ബാപ്പു. 

അദ്ദേഹത്തിന്റെ സഹോദരൻ ഉമ്മർ കുരിക്കളായിരുന്നു അന്ന് മഞ്ചേരിയിലെ എംഎസ്‌എഫിന്റെ സെക്രട്ടറി. കൊരമ്പയിൽ അഹമ്മദ് ഹാജി പ്രസിഡന്റും. 1945ൽ കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർട്ടിയുടെ നേതാവായിരുന്ന എ.കെ.ഗോപാലൻ നടത്തിയ പട്ടിണി മാർച്ചിനു മഞ്ചേരിയിൽ സ്വീകരണം ഒരുക്കിയാണ് ബാപ്പു രാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. തുടർന്നു കോൺഗ്രസുകാരനായ ബാപ്പു 1952ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ചു. 

പിഎസ്‌പിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയായിരുന്നു ജനവിധി തേടിയതെങ്കിലും കന്നി അങ്കത്തിൽ തോറ്റതോടെ ബാപ്പു മുസ്‌ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബാപ്പു ലീഗിന്റെ ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്നപ്പോൾ പാണക്കാട് പിഎംഎസ്‌എ പൂക്കോയ തങ്ങളായിരുന്നു താലൂക്ക് കമ്മിറ്റി പ്രസിഡന്റ്. അന്ന് മുസ്‌ലിം ലീഗ് എന്നാൽ ഏറനാട് താലൂക്ക് കമ്മിറ്റിയായിരുന്നു. 

എല്ലാ ദേശീയ നേതാക്കളും മഞ്ചേരിയിൽ വരും. ഇവിടെയാണ് പ്രധാന ചർച്ചകളും യോഗങ്ങളും നടക്കാറ്. എന്നും സാധാരണക്കാർക്കൊപ്പമായിരുന്ന കുരിക്കളാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ മുക്കിലും മൂലയിലും ലീഗിനെ വളർത്തിയത്.

തുടർന്നു രണ്ടു തവണ നിയമസഭയിൽ കൊണ്ടോട്ടിയെ പ്രതിനിധീകരിച്ചു. കൊണ്ടോട്ടി മണ്ഡലത്തിൽപെട്ട വാഴക്കാട് ഭാഗങ്ങളിലേക്ക് പുഴ നീന്തിക്കടന്ന് പ്രചാരണത്തിനു പോയിട്ടുണ്ട്.

 അന്ന് ഓമാനൂർ വരെയേ റോഡ് ഉള്ളൂ. അവിടെനിന്ന് കിലോമീറ്ററുകളോളം രാത്രിയും പകലും നടന്നാണു പ്രചാരണം. 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ജയിച്ചാണ് ഇഎംഎസ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായത്. മഞ്ചേരി കണ്ടതിൽ വച്ച് ഏറ്റവും വലിയ 3 ആൾക്കൂട്ടമാണ് ഇന്നും എന്റെ ഓർമയിലുള്ളത്. മൂന്നും ബാപ്പു കുരിക്കൾക്കു വേണ്ടി തടിച്ചുകൂടിയവർ. 

ബാപ്പു കുരിക്കളുടെ മൂന്നും സഹോദരങ്ങളുടെ രണ്ടും പെൺകുട്ടികളുടെ വിവാഹത്തിനാണ് ആദ്യത്തെ ജനക്കൂട്ടം. പുലരുവോളമായിരുന്നു അന്ന് വിവാഹം. എന്നിട്ടും പല അതിഥികൾക്കും പന്തലിൽ ഇരിപ്പിടം കിട്ടാതെ മടങ്ങേണ്ടിവന്നു. യേശുദാസ് ആദ്യമായി മലപ്പുറത്ത് ഗാനമേള അവതരിപ്പിച്ചത് ഈ വിവാഹത്തിനാണ്. 

ബാപ്പു കുരിക്കൾ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് രണ്ടാമത്തെ ജനക്കൂട്ടത്തെ കണ്ടത്. മൂന്നാമത്തേത് അദ്ദേഹം മരിച്ചതിനു ശേഷവും. മൃതദേഹം പള്ളിയിലേക്ക് എടുക്കാൻ നേരത്ത് ആലപ്പുഴ നീണ്ടകരയിൽനിന്നുള്ള ഒരു വലിയ സംഘം മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്നു കാണാൻ വന്നു. 

സംസ്‌കാരത്തിനായി കൊണ്ടുപോകുകയാണെന്നും ഇനി കാണാൻ പറ്റില്ലെന്നും പറഞ്ഞതോടെ അവർ കൂട്ടക്കരച്ചിൽ തുടങ്ങി. ആ കരച്ചിൽ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഫിഷറീസ് മന്ത്രിയായിരുന്ന ബാപ്പു നടത്തിയ പരിഷ്‌കാരങ്ങൾക്കുള്ള നന്ദിവാക്കുകൂടിയായിരുന്നു അവരുടെ സങ്കടക്കണ്ണീർ.

എം.പി.എം.അഹമ്മദ് കുരിക്കൾ 

 1921 ഓഗസ്‌റ്റ് 23ന് മഞ്ചേരിയിൽ ജനനം. 

മലപ്പുറം ഗവ. സ്‌കൂളിലും കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളജിലുമായി പഠനം.കോൺഗ്രസിലൂടെ രാഷ്‌ട്രീയ പ്രവേശം. 

1950ൽ മുസ്‌ലിം ലീഗിൽ ചേർന്നു. സംസ്‌ഥാന വൈസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായി.

 കൊണ്ടോട്ടിയിൽനിന്നു 2 തവണയും മലപ്പുറത്തുനിന്ന് ഒരു തവണയും നിയമസഭാംഗമായി.1967ൽ ഇഎംഎസ് മന്ത്രിസഭയിൽ തദ്ദേശ ഭരണം, ഫിഷറീസ് വകുപ്പുകളുടെ മന്ത്രി. 

1968 ഒക്‌ടോബർ 24നു മന്ത്രിയായിരിക്കെ മരണം

രാഷ്ട്ര തന്ത്രജ്ഞനായ അഹമ്മദ് കുരിക്കള്‍

രാഷ്ട്ര തന്ത്രജ്ഞനായ അഹമ്മദ് കുരിക്കള്‍

October 24, 2018

    

 

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഷ്ട്രതന്ത്രജ്ഞന്‍ അടുത്ത തലമുറയെക്കുറിച്ചും ചിന്തിക്കും എന്ന പ്രയോഗം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലെ വ്യക്തികളെ അളക്കാവുന്ന അളവുകോലാക്കിയാല്‍ മുസ്‌ലിം ലീഗ് നേതാവ് എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കള്‍ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഹ്രസ്വകാലം മാത്രം അധികാര പദവിയില്‍ ഇരുന്ന് നാല്‍പ്പത്തി എട്ടാം വയസില്‍ ലോകത്തോട് വിടപറയുമ്പോള്‍ ബാപ്പു കുരിക്കള്‍ ബാക്കിവെച്ചത് അടുത്ത തലമുറക്ക് വേണ്ടിയുള്ള കാഴ്ചകളും കാഴ്ചപ്പാടുകളുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തഗന്ധമുള്ള ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ മലബാറിലെ ഏറെ പുരാതനവും പ്രശസ്തവുമായ കുരിക്കള്‍ കുടുംബത്തിലാണ് അഹമ്മദ് കുരിക്കളുടെ ജനനം. പിതാവ് ഖാന്‍ ബഹദൂര്‍ മൊയ്തീന്‍കുട്ടി കുരിക്കള്‍ പൗര പ്രമാണിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മുപ്പതുകളുടെ അവസാനത്തില്‍ മുസ്‌ലിംലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് തന്നെ ഏറനാട്ടിലും പ്രവര്‍ത്തനം സജീവമായി. മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തിന് സഹായ സഹകരണങ്ങള്‍ നിര്‍ലോഭം ചെയ്തുകൊടുത്തു മൊയ്തീന്‍കുട്ടി കുരിക്കള്‍. അക്കാലത്ത് മുസ്‌ലിംലീഗ് കെട്ടിപ്പടുക്കാന്‍ ഏറനാട്ടില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരില്‍ പ്രധാനിയായിരുന്നു ബാപ്പുകുരിക്കളുടെ പിതൃ സഹോദര പുത്രനായ എം.പി.എം ഹസ്സന്‍കുട്ടി കുരിക്കള്‍.
കേരളപ്പിറവിക്ക് മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് മലബാര്‍ ജില്ലയില്‍ മലപ്പുറം നിയമസഭാംഗമായിരുന്ന കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയുടെ വിയോഗാനന്തരം 1950 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയാകാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത അക്കാലത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ത്യാഗസന്നദ്ധനായി മുന്നോട്ടുവന്നത് ഹസ്സന്‍കുട്ടി കുരിക്കളായിരുന്നു. കെ.പി.സി.സി മെമ്പറും ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറും ആയിരുന്ന ബാപ്പുകുരിക്കള്‍ അന്‍പതുകളുടെ ആദ്യത്തില്‍ മുസ്‌ലിംലീഗില്‍ സജീവമായി.
കേരളപ്പിറവിക്ക് ശേഷം 1957ലെ ആദ്യ നിയമസഭാതെരഞ്ഞെടുപ്പിലും 60 ലെ തെരഞ്ഞെടുപ്പിലും കൊണ്ടോട്ടിയില്‍നിന്നും മത്സരിച്ച് നിയമസഭാംഗമായ ബാപ്പു കുരിക്കള്‍ 1965ലും 1967ലും മലപ്പുറത്ത് നിന്ന് വിജയിച്ചു. കേരളത്തില്‍ മുസ്‌ലിംലീഗിന് ആദ്യമായി കിട്ടിയ രണ്ട് മന്ത്രിമാരില്‍ സി.എച്ചിനൊപ്പം ബാപ്പു കുരിക്കളും സത്യപ്രതിജ്ഞ ചെയ്തു. 1968 ല്‍ കോഴിക്കോട് ചേരമാന്‍ പെരുമാള്‍ നഗരിയില്‍ നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തിന് വളണ്ടിയര്‍ യൂണിഫോം അണിഞ്ഞ് മഞ്ചേരിയില്‍നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ലോറിയിലാണ് കുരിക്കള്‍ എത്തിയത്. ഈ സമ്മേളനത്തിലാണ് മലപ്പുറം ജില്ലാ രൂപീകരണ പ്രമേയം മുസ്‌ലിംലീഗ് അവതരിപ്പിച്ചത്. പ്രമേയം വിശദീകരിച്ച് സി.എച്ച് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞു. ജില്ലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാപ്പു കുരിക്കള്‍ പറയുന്നതാണ്. ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബാപ്പു കുരിക്കള്‍ നിര്‍വഹിച്ച പ്രസംഗം ചരിത്രത്തിലെ സുപ്രധാന രേഖയാണ്. ജില്ലാ രൂപീകരണത്തിന്റെ ആവശ്യകതകള്‍ വിശദീകരിക്കാന്‍ അദ്ദേഹം കൃത്യമായ കണക്കുകളും ഈ പിന്നാക്ക പ്രദേശങ്ങളും മറ്റു പ്രദേശങ്ങളും തമ്മിലുള്ള താരതമ്യവും വിശദീകരിച്ചു. മരച്ചീനി കൃഷി മുതല്‍ ആസ്പത്രി കിടക്കകള്‍ വരെ, കേര കൃഷി മുതല്‍ കവുങ്ങ് വരെ എല്ലാറ്റിന്റെയും കണക്കുകള്‍ വിശദീകരിച്ചു. വലിയ രീതിയില്‍ ഗൃഹപാഠം നടത്തിയ ആ പ്രസംഗത്തിലൂടെ അവതരിപ്പിച്ച പ്രമേയം ജനങ്ങള്‍ ഏറ്റെടുത്തു. ജില്ല ഒരു ജനകീയ വികാരമായി മാറി.
1960ല്‍ ജില്ലക്ക് വേണ്ടി ആദ്യമായി നിയമസഭയില്‍ ശബ്ദിച്ച മങ്കട എം.എല്‍.എ ആയിരുന്ന ആലങ്കോട് അബ്ദുല്‍ മജീദ് സാഹിബ്, ബാപ്പു കുരിക്കള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിനു മുമ്പ് മഞ്ചേരി സഭാഹാളില്‍ ഏറനാട് താലൂക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ ജില്ലയെക്കുറിച്ച് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ രേഖ ബാപ്പു കുരിക്കള്‍ക്ക് കൈമാറിക്കൊണ്ട് പറഞ്ഞു. ബാപ്പു, ജില്ലയേയും കൊണ്ടേ മടങ്ങാവു. 1967 ലെ തെരഞ്ഞെടുപ്പിന് മുമ്പേ സപ്തകക്ഷി മുന്നണി ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് ഉന്നയിച്ച ആവശ്യങ്ങള്‍ സമയോചിതമായി നടപ്പിലാക്കുമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് വാക്ക് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം സപ്തകക്ഷിയിലും മന്ത്രിസഭയിലും മുസ്‌ലിംലീഗ് നേതാക്കള്‍ ജില്ലയെക്കുറിച്ച് പറയുമ്പോള്‍ കൂടെ നില്‍ക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ മാത്രം ഉയര്‍ന്നുവന്നു. താനൂര്‍ കടല്‍തീരത്ത് പാക്കിസ്താന്റെ കപ്പല്‍ എത്തും എന്നുപോലും പ്രചരിപ്പിച്ചു ജില്ലാ വിരുദ്ധര്‍. അത്തരം വ്യാജ വാദങ്ങളെയൊക്കെ തട്ടിത്തെറിപ്പിച്ച് സി.എച്ചും ബാപ്പു കുരിക്കളും ജില്ല പിടിച്ചുവാങ്ങി. മുസ്‌ലിംലീഗിലെ രണ്ടു മന്ത്രിമാരുടെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം പ്രയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന് പില്‍ക്കാലത്ത് ഇ.എം.എസ് എഴുതി. സമൂഹത്തോടും സമുദായത്തോടും അത്രമാത്രം പ്രതിബദ്ധതയും ആത്മാര്‍ത്ഥയും ആ മന്ത്രിമാര്‍ക്ക് (സി.എച്ചിനും കുരിക്കള്‍ക്കും) ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ സി.പി.ഐ(എം) ജില്ലയെ എതിര്‍ത്തിരുന്നുവെങ്കില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റായ ധാരണ പടരാന്‍ കാരണമാവുമായിരുന്നുവെന്നും ഇ.എം.എസ് എഴുതി. 1969 ജൂണ്‍ 16 ന് ജില്ലയുടെ പിറവിക്കുമുമ്പ് 1968 ഒക്ടോബര്‍ 24 ന് ബാപ്പു കുരിക്കള്‍ വിടവാങ്ങി. പതിനായിരം പറ നെല്ല് പാട്ടമായി ലഭിച്ചിരുന്ന ജന്മി കുടുംബത്തില്‍ പിറന്ന ബാപ്പു കുരിക്കള്‍ക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിനുവേണ്ടി വാദിക്കാന്‍ പ്രചോദനമായത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. അധികാരം, തറവാട്, വിദ്യാഭ്യാസം, സമ്പത്ത് എല്ലാം ഉണ്ടായപ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും അവരില്‍ ഒരാളായി ജീവിക്കുകയും ചെയ്തു അദ്ദേഹം. മദ്രാസ് അസംബ്ലിയില്‍ മലബാറിലെ കുടിയാന്മാര്‍ക്കുവേണ്ടി വാദിച്ച കോട്ടാല്‍ ജന്മി തറവാട്ടിലെ ഉപ്പി സാഹിബിനെ പോലെ ഭൂ പരിഷ്‌കരണ നിയമത്തില്‍ കശുവണ്ടി തോട്ടങ്ങള്‍ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കിയ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആയിരക്കണക്കിന് ഏക്കര്‍ കശുവണ്ടി തോട്ടമുള്ള കുടുംബാംഗമായിരുന്ന ബാപ്പു കുരിക്കള്‍ വാദിച്ചു. എ.കെ.ജി യുടെ നേതൃത്വത്തില്‍ മലബാറില്‍ നടത്തിയ പട്ടിണി ജാഥക്ക് മഞ്ചേരിയില്‍ സ്വീകരണമൊരുക്കാനും നേതൃത്വം നല്‍കിയത് ജന്മി തറവാടിന്റെ സൗകര്യമുള്ള ബാപ്പു കുരിക്കള്‍ തന്നെയായിരുന്നു.
മന്ത്രിയായിരിക്കുമ്പോഴും നാട്ടുകാരുടെ ചുമലില്‍ കൈയിട്ട് നടന്ന ബാപ്പു കുരിക്കള്‍ സാധാരണക്കാരുടെ അത്താണിയായി. അതുകൊണ്ടാണ് അനന്തപുരിയിലെ ഭരണ സിരാകേന്ദ്രത്തിന്റെ പരമാധികാരം സാധാരണ ജനങ്ങളിലെത്തുന്നതിനുള്ള നടപടിയുണ്ടായ അധികാരവികേന്ദ്രീകരണത്തിനായി പഞ്ചായത്തീരാജ് ബില്ലും മത്സ്യ തൊഴിലാളികളുടെ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്ന ഫിഷറീസ് മാസ്റ്റര്‍പ്ലാനും ബാപ്പു കുരിക്കളുടെ പ്രധാന സംഭാവനയായി മാറിയത്.
ദരിദ്ര പിന്നാക്കക്കാരായ കടലോര മക്കള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വിവരണാതീതമാണ്. ബാപ്പു കുരിക്കള്‍ മരിച്ച വാര്‍ത്ത കേട്ട് ജനാസ കാണാന്‍ വന്ന് വിതുമ്പിയ കടലോരമേഖലയിലെ മത്സ്യതൊഴിലാളികള്‍ ധാരാളമുണ്ട്. ബാപ്പു കുരിക്കള്‍ അവതരിപ്പിച്ച പഞ്ചായത്തീരാജ് ബില്ലില്‍ ജില്ലയുടെ അധികാരി തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ്. എന്നാല്‍ ഇന്ന് ജില്ലയിലെ പൂര്‍ണ്ണാധികാരം ജനപ്രതിനിധിക്കല്ല. കാരണം ജില്ലാപഞ്ചായത്ത് അധികാര പരിധിയില്‍ മുനിസിപ്പാലിറ്റികള്‍ ഉള്‍ക്കൊള്ളുന്നില്ല. ഇവിടെയാണ് ബാപ്പു കുരിക്കളുടെ പഞ്ചായത്തീരാജ് ബില്ലിന്റെ പ്രസക്തി. മാപ്പിള സാഹിത്യ പരിപോഷണത്തിനായി മുന്നിട്ടിറങ്ങാനും ബാപ്പു കുരിക്കള്‍ക്ക് സാധിച്ചു. മാപ്പിളപ്പാട്ട് രചനയില്‍ തല്‍പ്പരനായിരുന്നു. കവി പി. ടി ബീരാന്‍കുട്ടി മൗലവിയുടെ വിയോഗാനന്തരം ബാപ്പു കുരിക്കള്‍ രചിച്ച സ്മരണ ഗാനം ഏറെ പ്രചാരം നേടി. മാപ്പിള സാഹിത്യ രംഗത്തെ പരിപോഷണം വെച്ച് പൂക്കോയ തങ്ങളുടെയും ബാപ്പു കുരിക്കളുടെയും നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, പി.ടി ബീരാന്‍കുട്ടി മൗലവി, സി.എന്‍ അഹമ്മദ് മൗലവി, നീലാമ്പ്ര മരക്കാര്‍ ഹാജി തുടങ്ങിയവര്‍ അംഗങ്ങളായ സമിതിയുടെ സ്വപ്‌നമായിരുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമായി.
മുസ്‌ലിംലീഗിന്റെ യുവജന വിഭാഗം മുസ്‌ലിം യൂത്ത്‌ലീഗ് രൂപീകരിക്കാന്‍ നേതാക്കള്‍ക്ക് പ്രചോദനമായത് അറുപതുകളുടെ മധ്യത്തില്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം മദ്രസാ ഹാളില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് പരിപാടിയില്‍ ബാപ്പു കുരിക്കള്‍ നടത്തിയ പ്രസംഗമാണ്. യുവജന വിഭാഗത്തിന് ഒരു സംഘടന ആവശ്യമാണെന്ന കാര്യം നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആ പ്രസംഗത്തിലൂടെ ബാപ്പുകുരിക്കള്‍ക്ക് സാധിച്ചു. അറബി, ഉര്‍ദു ഭാഷകളുടെ പരിപോഷണത്തിന് വേണ്ടിയും അദ്ദേഹം പരിശ്രമിച്ചു. ഏറനാടിന്റ അലിഗഡ് എന്ന് വിശേഷിപ്പിക്കുന്ന മമ്പാട് കോളജിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും പൂക്കോയ തങ്ങളും ബാപ്പു കുരിക്കളും അടങ്ങുന്ന ഏറനാട് താലൂക്ക് മുസ്‌ലിംലീഗ് ആയിരുന്നു. 1967ല്‍ ബാപ്പു കുരിക്കള്‍ മന്ത്രിയാകുന്നതുവരെ അദ്ദേഹം കോളജ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പില്‍ക്കാലത്ത് കോളജ് എം.ഇ.എസിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചു. സി.എച്ചിന്റെ ധിഷണയും ബാപ്പു കുരിക്കളുടെ ധീരതയും തന്ത്രജ്ഞതയും ഒത്തുചേര്‍ന്ന കാലത്തിന്റെ അടയാളമാണ് മലബാറിന്റെ വികസന കുതിപ്പിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ്.

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

മുസ്ലിം ലീഗിന്റെ വിജയ വൈജയന്തിയായ സി.എച്ച്






ഓരോ   സെപ്തംബറിലും    നൊമ്പരപ്പെടുത്തുന്ന    ഓർമ്മകളുമായി     കടന്ന്   വരുകയാണ്     സി എച്ച്  സ്മരണകൾ 

കേരളത്തിന്റെ  മുഖ്യമന്ത്രി ,ഉപമുഖ്യമന്ത്രി ,വിദ്യാഭ്യാസം  ,ആഭ്യന്തരം ,പൊതുമരാമത്ത്   ' തുടങ്ങി    സുപ്രധാനമായ വകുപ്പുകളൊക്കെ   കൈയ്യാളിയ     മികച്ച ഭരണാധികാരി  പ്രഗത്ഭനായ   സ്പീക്കർ എം പി    എന്നീ  നിലകളിലൊക്കെ   പ്രവർത്തിച്ച    സി. എച്ച്   മുഹമ്മദ് കോയ   സാഹിബ്      കോഴിക്കോട്   കുറ്റിച്ചിറയിൽ  നിന്നും1952 ൽ  മുനിസിപ്പൽ  കൗൺസിലറായാണ്     പാർലമെന്ററി   രംഗത്തേക്ക്   കടക്കുന്നത്

1927   ജൂലൈ  15 നു അത്തോളിയിലെ    പയ്യം പുനത്തിൽ   ആലി  മുസ്ലീയാരുടെയും  മറിയുമ്മയുടെയും   പുത്രനായി    ജനിച്ച     സി.എച്ച്  മുഹമ്മദ് കോയ    സ്കൂൾ കാലഘട്ടം  മുതൽ തന്നെ       പൊതു പ്രവർത്തന  തത്പരനായിരുന്നു   
നല്ല    ശബ്ദത്തിൽ    പ്രസംഗിക്കുമായിരുന്ന  സി.എച്ചിനെ    വെടിപൊട്ടി കോയ  എന്നായിരുന്നു   കൂട്ടുകാർ  വിളിച്ചിരുന്നത്

പതിനഞ്ചാം  വയസ്സിൽ   എം എസ്. എഫ്  മലബാർ  ജില്ലാ     ജോയിന്റ്   സെക്രട്ടറിയായി   തെരഞ്ഞെടുക്കപ്പെട്ടു

ഇരുപത്തിരണ്ടാം  വയസ്സിൽ  ചന്ദ്രിക  പത്രാധിപരായ    സി.എച്ച്
ചെറുപ്രായത്തിൽ   തന്നെ
ഇ.എം. എസ്സിനെ   പോലുള്ള     പ്രഗത്ഭരുമായി      സംവദിക്കുകയും   തുടർച്ചയായി മറുലേഖനങ്ങളെഴുതി    ലേഖനയുദ്ധം   തന്നെ   നടത്തുകയുണ്ടായി

 ദരിദ്ര പശ്ചാത്തലത്തിൽ   ഹൈസ്ക്കൂൾ  വിദ്യാഭ്യാസം അന്യമായി പോകുമോ  എന്നാ ശങ്കപ്പെട്ടിരിക്കുമ്പോഴന്ന്  സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി   തങ്ങളുടെ  സ്കോളർഷിപ്പ്   സി.എച്ചിന്   സഹായമായെത്തുന്നത്

ആദ്യ കേരള നിയമസഭയിൽ  തന്നെ   സി.എച്ച്      മുസ്ലിം ലീഗ്  പാർട്ടി  ലീഡറായി    പിന്നീട്      രണ്ട് വട്ടം     ലോക്സഭാംഗമായ  കാലയളവ്   ഒഴിച്ച്  നിർത്തിയാൽ   മരണം വരെ   എല്ലാ  നിയമസഭയിലും സി.എച്ച്    അംഗമായിരുന്നു     കെ.എം സീതി സാഹിബിന്റെ   നിര്യാണത്തോടെ    196l ൽ  കേരള നിയമസഭാ സ്പീക്കറായി   അവരോധിതനാവുമ്പോൾ ഇന്ത്യയിലെ തന്നെ      ഏറ്റവും  പ്രായം  കുറഞ്ഞ    സ്പീക്കറായിരുന്നു   സി.എച്ച്     1962 ൽ   സ്പീക്കർ സ്ഥാനം  രാജിവെച്ച്   കോഴിക്കോട്  ലോകസഭാ  മണ്ഡലത്തിൽ നിന്നും  മത്സരിച്ച്  ഉജ്ജ്വല വിജയം നേടി പാർളിമെന്റിലെത്തിയ   അദ്ദേഹം    1967  ൽ  വീണ്ടും  നിയമസഭാംഗമാവുകയം   ഇ.എം എസ്സിന്റെ   നേതൃത്വത്തിലുള്ള    സപ്ത കക്ഷി മന്ത്രി  സഭയിൽ   വിദ്യാഭ്യാസ മന്ത്രിയാവുകയും   ചെയ്തു
കാലിക്കറ്റ്  സർവ്വകലാശാല   യാഥാർത്ഥ്യമാക്കാൻ  മുന്നിട്ടിറങ്ങിയ    സി.എച്ച് സ്വസമുദായത്തിന്റെ  വിദ്യാഭ്യാസ   പിന്നോക്കാവസ്ഥ മാറ്റാനും    സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്   കൈ പിടിച്ച്   ഉയർത്താനും   അശ്രാദ്ധ   പരിശ്രമം' തന്നെ  നടത്തുകയുണ്ടായി      കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്    മികച്ച  സംഭാവനകൾ  നൽകിയ  സി.എച്ച്  തന്നെയാണ്   കൊച്ചി ശാസ്ത്ര സാങ്കേതിത സർവ്വകലാശാല  സ്ഥാപിച്ചതും
1970 ൽ   അച്ചുതമേനോൻ മന്ത്രിസഭയിൽ   വിദ്യാഭ്യാസത്തോടൊപ്പം  ആഭ്യന്തര വകുപ്പും  കൈയ്യാളിയിരുന്നു     കെ കരുണാകരനും  കോൺഗ്രസും   മുന്നണിയുടെ  ഭാഗമായതോടെയാണ്    ആഭ്യന്തര വകുപ്പ്  കരുണാകരന്   കൈമാറുന്നത്       1973 ൽ    ഖായിദെ  മില്ലത്ത്  മുഹമ്മദ്  ഇസ്മായിൽ സാഹിബിന്റെ    മരണ ശേഷം    മഞ്ചേരിയിൽ   നിന്നും      ലോക്സഭയിലെത്തിയ    സി.എച്ച്    മുസ്ലിം ലീഗ്   ദേശീയ  സെക്രട്ടറിയായും  പ്രവർത്തിച്ചു   

1973  ൽ  സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളുടെ    വിയോഗത്തോടെ   പാർട്ടിയിലുണ്ടായ    അസ്വാരസ്വങ്ങൾ   പിളർപ്പിലേക്ക്   നയിക്കപ്പെടുകയും   എം.കെ ഹാജി  ,സി.കെ. പി  ചെറിയ മമ്മുക്കേയി   ,ഉമർ ബാഫഖി തങ്ങൾ , ഹമീദലി ശംനാട് ,പി .എം  അബൂബക്കർ തുടങ്ങി  മുൻനിര നേതാക്കളെല്ലാം  ചേർന്ന്  വിമത ലീഗ്  എന്ന അപരനാമത്തിലറിയപ്പെട്ട   അഖിലേന്ത്യ മുസ്ലിം ലീഗ്   രൂപീകരിക്കുകയും   ചെയ്തപ്പോൾ   ഇന്ത്യൻ യൂണിയൻ   മുസ്ലിം ലീഗ്   നേതൃനിരയിൽ       പാണക്കാട്    പൂക്കോയ തങ്ങൾക്കും  ശേഷം:   മുഹമ്മദലി  ശിഹാബ്   തങ്ങൾക്കും     പിന്നിൽ  ജനസഞ്ചയത്തെ    ഉറപ്പിച്ച്   നിർത്തിയത്    സി.എച്ചിന്റെ    നേതൃ വൈഭവവും     അസാമാന്യമായ   വാഗ്ധോരണിയുമായിരുന്നു     നർമ്മത്തിൽ  ചാലിച്ച    ഉപമകളാൽ     സമൃദ്ധമായിരുന്ന   അദ്ദേഹത്തിന്റെ     പ്രഭാഷണങ്ങൾ         എതിരാളികളുടെ    കൂരമ്പൊടിക്കുന്നതായിരുന്നു

1977   ൽ   രാജ്യത്താകമാനം    കോൺഗ്രസ്സ്  വിരുദ്ധ    തരംഗം  ആഞ്ഞടിച്ചപ്പോൾ   കേരളത്തിൽ     കോൺഗ്രസ്സും ലീഗും സി.പി ഐ. യും   ഉൾപ്പെടുന്ന ഐക്യമുന്നണി     വൻ ഭൂരിപക്ഷത്തിൽ   വീണ്ടും  തെരഞ്ഞെടുക്കപ്പെടുകയായിരുന്നു      കെ.കരുണാകരൻ    ആയിരുന്നു   മുഖ്യമന്ത്രി    പ്രമാദമായ   രാജൻ കേസിൽ  ഹൈക്കോടതി   വിധി  എതിരായതോടെ   കരുണാകരൻ  രാജി  വെക്കുകയും      എ.കെ. ആന്റണി   മുഖ്യമന്ത്രി  ആവുകയും  ചെയ്തു
ദേശീയ രാഷ്ട്രീയത്തിലും   കോൺസ്റ്റിലും   ഉണ്ടായ  അഭിപ്രായ     വ്യത്യാസങ്ങൾ    ആന്റണിയുടെ   രാജിയിൽ   കലാശിക്കുകയായിരുന്നു
സി.പി. ഐ.  നേതാവായ   പി.കെ. വാസുദേവൻ നായർക്കായിരുന്നു  അടുത്ത   ഊഴം  ആ  മന്ത്രിസഭക്കും    ദീർഘായുസുണ്ടായില്ല സി.പി.എമ്മിന്റെ കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്നൊരു പ്രമേയത്തിൽ ആകർഷണത്തിലായിരുന്നു പി.കെ. വി.യുടെ സ്ഥാന ത്യാഗം  അവിടുന്നിങ്ങോട്ട് ഇരു കമ്യൂണിസ്റ്റുകളും ഒരേ മുന്നണിയുടെ ഭാഗമായി മാറിയെങ്കിലും പുനരേകീകരണം എന്നത് ഇന്നും മരീചികയായി തുടരുകയാണ്

ഇനിയാര്    എന്ന   ചോദ്യം രാഷ്ടീയ  ഉപശാലകളിലും    മാധ്യമ രംഗത്തും  ചർച്ചയാവുന്നതിനിടെയാണ്           ഭിന്ന   ധ്രുവങ്ങളിൽ നിൽക്കുന്ന  കോൺഗ്രസ്സ്  ,കേരള കോൺഗ്രസ്സ്     ഗ്രൂപ്പുകളുമൊക്കെ   ഏക  മനസ്സോടെ    സി.എച്ച്  മുഹമ്മദ്  കോയക്ക്    പിന്തുണ   അറിയിക്കുന്നത്   1979  ഒക്ടോബർ   12'  വെള്ളിയാഴ്ച     ചരിത്രത്തിൽ  രേഖപ്പെടുത്തപ്പെടുന്നത്   അങ്ങിനെയാണ്‌    സ്വതന്ത്ര ഭാരതത്തിൽ   ഒരു മുസ്ലിം ലീഗുകാരൻ   മുഖ്യമന്ത്രിയായി   അവരോധിക്കപ്പെടുന്നത്
എൻ. കെ ബാലകൃഷ്ണൻ  അടക്കം  ആറംഗ മന്ത്രിസഭയായിരുന്നു   സി.എച്ചിന്റെ   നേതൃത്വത്തിൽ  നിലവിൽ  വന്നത്         രാഷ്ട്രീയ കക്ഷികൾക്കിടയിലെ  അഭിപ്രായ  വ്യത്യാസങ്ങൾ രൂക്ഷമായതോടെ   അമ്പത്തിയൊന്ന്     ദിവസം മാത്രം  പ്രായമായ   മന്ത്രിസഭ   താഴെ  വീഴുകയായിരുന്നു 1980ലെ  തിരഞ്ഞെടുപ്പിൽ   ഇ.കെ. നായനാരുടെ  നേതൃത്വത്തിൽ   ഇടത്  മുന്നണി     അധികാരത്തിൽ വന്നെങ്കിലും   രാഷ്ടീയ   അസ്ഥിരത   ആ   മന്ത്രിസഭക്കും  പതനമൊരുക്കി     കെ.കരുണാകരനായിരുന്നു  അടുത്ത ഊഴം  സി.എച്ച്  ഉപ മുഖ്യമന്ത്രിയായി 1982ൽ   ഇടക്കാല തിരഞ്ഞെടുപ്പിൽ കരുണാകരന്റെ  നേതൃത്വത്തിൽ     ഐക്യമുന്നണി   വീണ്ടും  ഭരണത്തിലെത്തി  സി.എച്ച് ഉപമുഖ്യമന്ത്രിയും  പൊതു മരാമത്ത്  മന്ത്രിയുമായി    ഇതിനിടെ  പലപ്പോഴും   രോഗ ഭാധിതനായ   സി എച്ച്   1983  ൽ   ഹൈദരാബാദിൽ നടന്ന  വ്യവസായ മന്ത്രിമാരുടെ  സമ്മേളനത്തിൽ   (വിദേശത്തായിരുന്നഇ    അഹമ്മദിന്റെ  പകരക്കാരനായി)   പങ്കെടുക്കാൻ   പോയപ്പോഴാണ്       സെപ്തംബർ   28 ന്     അവിടെ വെച്ച്     അന്തരിച്ചത്   
തികഞ്ഞ സമുദായ സ്നേഹിയായിരുന്ന   സി.എച്ചിൽ  നിന്ന്  ഒരിക്കലും  ഇതര   സമുദായങ്ങളെ  വേദനിപ്പിക്കുന്ന  വാക്കോ  പ്രവർത്തിയോ     ഉണ്ടായില്ല           നിരവധി  ലേഖനങ്ങളും  ഗ്രന്ധങ്ങളും      രചിച്ച  അദ്ദേഹത്തിന്റെ     യാത്രാ വിവരണങ്ങൾ     ശ്രദ്ധേയമാണ്        എന്റെ ഹജ്ജ് യാത്ര   ,കോ ലണ്ടൻ കൈറോ ,ഞാൻ കണ്ട  മലേഷ്യ   തുടങ്ങിയവ   ഇതിൽ ചില താണ്    സി.എച്ചിന്റെ  നിര്യാണ വാർത്ത  റിപ്പോര്ട്ട്    ചെയ്ത   പ്രഗത്ഭ പത്ര പ്രവർത്തകൻ കെ.എം  ചുമ്മാർ   നൽകിയ   വിശേഷണം     പോലെ     ജവഹർലാൽ   നെഹ്റുവിനാൽ   ചത്ത കുതിരയെന്ന്  വിളിക്കപ്പെട്ട   മുസ്ലിം ലീഗ്  പ്രസ്ഥാനം    കേരള  രാഷ്ട്രീയത്തിൽ   കുളമ്പടിയൊച്ചകൾ   ഉതിർത്ത് കൊണ്ട്  അധികാരത്തിലേക്ക്  കുതിച്ച്  പാഞ്ഞപ്പോൾ ആ    കുതിര പുറത്ത്     മുസ്ലിം ലീഗിന്റെ    വിജയ വൈജയന്തിയായി   നിലയുറപ്പിച്ച  മഹാനായിരുന്നു     സി.  എച്ച്

2019, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

നാല് പതിറ്റാണ്ടിന് ശേഷവും ഓർക്കപ്പെടുന്ന ടി.എ

കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിത്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ്  ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    പ്രസിഡൻറായും   സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം
രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബു മായി     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത് 

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു

       

മുസ്തഫ മച്ചിനടുക്കം

വൈസ്  പ്രസിഡന്റ്

ചെമ്മനാട്  പഞ്ചായത്ത്' മുസ്ലിം ലീഗ്



2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

എം.ഐ. തങ്ങളെ കുറിച്ച് സൈതലവി

സി.പി സൈതലവി

പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്‍ മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്‍ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്‍ തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്‍ അവര്‍ എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: ‘തൂ മുസല്‍മാന്‍ഹെ?’ തിളക്കുന്ന വെയിലില്‍ അടഞ്ഞുപോകുന്ന മിഴികളുമായി ‘അതെ’യെന്നു തലയാട്ടുമ്പോള്‍ ‘ങ്ഹും’എന്നു പുച്ഛത്തോടെ അവര്‍ കുടിനീര്‍ പിന്‍വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്‍ തെല്ലിട നിന്നു. വീണ്ടും ഇറങ്ങി നടന്നു. ഇനി വീടുകളില്‍ചെന്നു വെള്ളം ചോദിക്കാനാവില്ല. കിട്ടില്ല. ദൂരെ കണ്ട ചോലയില്‍ ഇറങ്ങി ദാഹം തീര്‍ത്തു. മേലൊന്നു നനച്ചു. കയറുമ്പോള്‍ കണ്ടു ചോലയുടെ മുകള്‍ഭാഗത്തെ നീരൊഴുക്കില്‍ പന്നികള്‍ കിടന്നുമറിയുന്നു. ആ വെള്ളമാണല്ലോ കുടിച്ചത്. മനംപിരട്ടലിനെക്കാള്‍ ഉള്ളില്‍ മറ്റൊരു തീയെരിഞ്ഞു തുടങ്ങിയിരുന്നു. പൊടുന്നനെ മനസ്സില്‍ തിടംവെച്ച അന്യതാബോധത്തിന്റെ പൊള്ളല്‍ ചോദ്യങ്ങളായി സ്വയം കത്തി. മുസല്‍മാനും മനുഷ്യനല്ലേ? ദാഹവും വിശപ്പുമുള്ള ജീവി?
1960കളുടെ അന്ത്യമാണത്. മുംബൈയില്‍ ശിവസേനയുടെ വര്‍ഗീയ വിഭജനതാണ്ഡവം കൊടിപറത്തിതുടങ്ങിയിരിക്കുന്നു. വെറുമൊരു പത്രപ്രവര്‍ത്തകനോ ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനോ ആയി അടുത്തൂണ്‍ പറ്റുമായിരുന്ന മലപ്പുറം ഏറനാട്ടിലെ തൃക്കലങ്ങോട്ടുകാരന്‍ മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍, ചരിത്രത്തിന്റെ മഹാസമുദ്രങ്ങള്‍ താണ്ടിയ കപ്പലോട്ടക്കാരനായി, പല പ്രത്യയശാസ്ത്രങ്ങളുടെ ആഴംതൊട്ട ഗവേഷകനായി എം.ഐ തങ്ങള്‍ എന്ന സൈദ്ധാന്തികനിലേക്ക്, ഈ കാലത്തിന്റെ ചരിത്രം അഭിമാനപൂര്‍വം രേഖപ്പെടുത്തുന്ന നാമങ്ങളിലൊന്നിലേക്ക് ഉടയാട മാറിയത് ആ ഒറ്റച്ചോദ്യത്തില്‍നിന്നാണ്. ശരിക്കും എം.ഐ തങ്ങളെന്ന പ്രതിഭയെ മലയാളത്തിനു കൈവന്ന ചോദ്യം.
വന്നും പോയുമിരിക്കുന്ന ആസ്പത്രി വാസത്തിന്റെ ഇടവേളകള്‍ക്കിടയില്‍ തെല്ലൊരാശ്വാസത്തിന്റെ സായാഹ്‌നം വീണുകിട്ടിയപ്പോള്‍ എം.ഐ തങ്ങള്‍ ഒരു മുഖാമുഖത്തിന് സമ്മതം തന്നു. ചടുലമായ സഞ്ചാരകാലങ്ങളില്‍ പലവട്ടം ചോദിച്ചിരുന്നു ഒന്നു ജീവിതം പറയാമോ? പിന്നീടാവാമെന്നു എപ്പോഴും നിരസിച്ചു ആ ലാളിത്യം. ഒടുവില്‍ അഭിമുഖം അച്ചടിയെത്തുംമുമ്പെ ഇനിയൊരു തിരുത്തിനു നില്‍ക്കാതെ ആ പത്രാധിപര്‍ മടങ്ങി. ആസ്പത്രി വാസമൊഴിഞ്ഞ് പ്രസാദമധുരമായിരിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കാമെന്നാശിച്ചത് അതേപടി ബാക്കിവെച്ച്.
ചിന്തകന്‍, ചരിത്രപണ്ഡിതന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, വിവര്‍ത്തകന്‍, ത്യാഗവും പാരമ്പര്യവുമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിശേഷമുദ്രകളെമ്പാടും സമൂഹം നെറ്റിയില്‍ ചാര്‍ത്തിയിട്ടുണ്ട് എം.ഐ തങ്ങള്‍ക്ക്. എന്നിട്ടും ബാപ്പയുടെ വിരലില്‍തൂങ്ങി പ്രസംഗം കേള്‍ക്കാന്‍ പോകുന്ന കൊച്ചുകുട്ടിയുടെ കൗതുകവും അമ്പരപ്പുമാണ് അറിവുകളന്വേഷിച്ചുള്ള ആ ജീവിതയാത്രയിലുടനീളം അദ്ദേഹം പുലര്‍ത്തിയത്. തേടിവരുന്ന പദവികള്‍ക്കും ബഹുമതികള്‍ക്കും മുന്നില്‍പോലും താനതിനു പാകമായിട്ടുണ്ടോയെന്നു സന്ദേഹിക്കുന്ന, തന്നെക്കാള്‍ അര്‍ഹതയുള്ളവര്‍ അപ്പുറത്തെ ബെഞ്ചിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന മനഃശുദ്ധി.
ജീവിതയാത്ര നല്‍കിയ മനസ്സുതൊട്ട അനുഭവപാഠങ്ങളാണ് എം.ഐ തങ്ങളുടെ ചിന്തയുടെയും രചനകളുടെയും അടിസ്ഥാനം. അതില്‍ അക്കാലത്തെ ഗാര്‍ഹികാവസ്ഥകളുടെ പരിമിതികളുണ്ട്. നിരക്ഷരതയും നിത്യദാരിദ്ര്യവും ഇഴചേര്‍ന്ന ഇരുട്ടില്‍തപ്പിത്തടയുന്ന ഗ്രാമങ്ങളുടെ കദനമുണ്ട്. വിഭജനാനന്തര വിഹ്വലതകള്‍ മേയുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥയുണ്ട്. അവഗണനയുടെയും നീതിനിഷേധത്തിന്റെയും നിര്‍ദ്ദയദൃശ്യങ്ങളുണ്ട്. സങ്കീര്‍ണതമുറ്റിനിന്ന ആ ഇടനിലങ്ങളിലാണ് എം.ഐ തങ്ങളുടെ ബാല്യം ചുവടുവെച്ചത്.
മഹല്ല് ഖാസിയായി തൃക്കലങ്ങോട് കാരക്കുന്നില്‍ താമസമാക്കിയ പ്രസിദ്ധ പണ്ഡിതന്‍ കാട്ടുമുണ്ട സ്വദേശി മാരേങ്ങലത്ത് കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1943ല്‍ കാരക്കുന്നില്‍ ജനനം. മലബാറില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും മുഖാമുഖം പൊരുതുന്ന രാഷ്ട്രീയച്ചൂട് നിറഞ്ഞ ഏറനാട്. മലബാര്‍ കലാപത്തിന്റെ കെടുതികള്‍ വിട്ടുമാറാത്ത കാലം. അഞ്ചാംതരം വരെയുള്ള കാരക്കുന്ന് എല്‍.പി സ്‌കൂളിലെ പഠന കാലത്തുതന്നെ മഞ്ഞും മഴയും തണുപ്പുമുള്ള രാത്രികളില്‍പോലും ബാപ്പയുടെ കൈപിടിച്ച്, ചൂട്ടുംമിന്നിച്ച്, തലയിലൊരു ഉറുമാലും കെട്ടി ധൃതിയില്‍ നടന്നുപോയിട്ടുണ്ട് സീതിസാഹിബിന്റെയും സി.എച്ചിന്റെയും പ്രസംഗം കേള്‍ക്കാന്‍. ബാപ്പയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പൂക്കോയ തങ്ങളെ കാണാന്‍ പാണക്കാട്ട്. ചേര്‍ത്ത്‌നിര്‍ത്തി തലോടുന്ന ആ മൃദുലമായ കൈകള്‍. പോരുമ്പോള്‍ മിഠായി വാങ്ങിക്കോ എന്നൊരു കൈമടക്കും. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും വരുന്നെന്നുകേട്ട് ബാപ്പയുടെ കൂടെ ഓടിയും നടന്നും മഞ്ചേരി അങ്ങാടിയിലേക്ക്. അങ്ങനെ മുദ്രാവാക്യങ്ങളും തക്ബീര്‍ ധ്വനികളും പ്രസംഗങ്ങളും പച്ചത്തോരണങ്ങളും കൂടിക്കലര്‍ന്ന കുട്ടിപ്രായം. പതിനൊന്നാം വയസ്സില്‍ ആറില്‍ ചേര്‍ത്തത് മഞ്ചരിയിലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വക സെക്കണ്ടറി സ്‌കൂളില്‍. എട്ടു കിലോമീറ്ററുണ്ട് ദൂരം. ബസ്സൊന്നുമില്ല. നടക്കണം. രാവിലെ ഏഴരക്ക് പുറപ്പെട്ടാല്‍ ബെല്ലടിക്കുമ്പോഴേക്ക് എത്തും. തിരിച്ചു സ്‌കൂള്‍വിട്ട് വീടെത്തുമ്പോള്‍ ഇരുട്ടിയിട്ടുണ്ടാകും. മഴയും വെയിലും കാറ്റും കോളുമൊന്നും നോക്കാതെ ആ പതിനൊന്നു വയസ്സുകാരന്‍ ദിവസവും നടന്നുതീര്‍ക്കുന്നത് 16 കി. മീറ്റര്‍. ചിലപ്പോഴൊക്കെ തനിച്ചായിരിക്കും. ഈ ഏകാന്തയാത്രകളാണ് ദൂരങ്ങള്‍ താണ്ടാന്‍ കുട്ടിക്കാലംതൊട്ടേ ധൈര്യം പകര്‍ന്നത്.
മഞ്ചേരി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നാട്ടില്‍ വിമോചന സമരത്തിന്റെ കാറ്റ് മൂളുകയായിരുന്നു. വെടിവെപ്പും മരണങ്ങളും. എങ്ങും പിക്കറ്റിങ്ങും അറസ്റ്റും ജയിലും. പൊലീസ് ഭീകരതയുടെ കാലം. നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ കേട്ടും ബാപ്പ കൊണ്ടുവരുന്ന ചന്ദ്രിക വായിച്ചും വിമോചന സമരാവേശം തലക്കുകയറി. 1959 ജൂലൈ. സ്‌കൂളില്‍നിന്നിറങ്ങി നേരെ മഞ്ചേരിയിലെ താലൂക്കാപ്പീസിനു മുന്നിലെ പിക്കറ്റിങ്ങില്‍ ചേര്‍ന്നു. തൃക്കലങ്ങോട്ടെ നേതാവ് ചാത്തോലി ബാപ്പുട്ടി ഹാജിയുടെ അടുത്താണ് നിന്നത്. ഹസ്സന്‍കുട്ടികുരിക്കളും ബാപ്പു കുരിക്കളും നീലാമ്പ്ര മരക്കാര്‍ ഹാജിയും കുഞ്ഞാപ്പു കുരിക്കളുമൊക്കെയുണ്ട് മുന്നില്‍തന്നെ. നല്ല മഴയും. കോളറില്‍ പിടിച്ചുവലിക്കുന്നതാരാണെന്നു നോക്കുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. ‘പോടാ സ്‌കൂളിലേക്ക്, ഈ വഴിക്കെങ്ങാനും കണ്ടാല്‍ കാല്‍മുട്ട് ഞാന്‍ അടിച്ചുപൊട്ടിക്കും’ എന്ന് ഓടിച്ചുവിട്ടു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ തൃക്കലങ്ങോട് വായനശാലയില്‍ സ്ഥിരമായി പോകും. മലയാളം പഠിപ്പിച്ചിരുന്ന രാമകൃഷ്ണന്‍ മാഷാണ് പ്രോത്സാഹിപ്പിച്ചത്. സ്‌കൂളില്‍നിന്ന് ഡിറ്റക്ടീവ് നോവലുകള്‍ തരും. അതു വായനയെ രസകരമാക്കി. ഇതില്‍ ഒതുങ്ങരുതെന്നും കഥയും കവിതയുമൊക്കെ ശീലിക്കണമെന്നും മാഷ് ഉപദേശിക്കും. അങ്ങിനെ ഡിറ്റക്ടീവില്‍നിന്ന് ഗൗരവ വായനയിലേക്ക് തിരിഞ്ഞു. ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ കാറല്‍മാര്‍ക്‌സ് എഴുതിയ ദാസ്‌ക്യാപിറ്റല്‍ (മൂലധനം) തുടങ്ങിയ കൃതികള്‍ വായിച്ചു. സങ്കീര്‍ണമായ ഭാഷയും പ്രയോഗങ്ങളും ആശയങ്ങളുമുള്ള കൃതികള്‍ ആദ്യമൊന്നും വഴങ്ങിയിരുന്നില്ല. പക്ഷേ അതിന്മേല്‍തന്നെ കൂടിയപ്പോള്‍ എളുപ്പമായി. എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ തുടര്‍പഠനത്തിന് അമ്മാവന്‍ (പൂക്കോയ തങ്ങള്‍ ആക്കോട്) അഹമ്മദാബാദിലേക്കു ക്ഷണിച്ചു. അവിടെ മിര്‍സാപൂരില്‍ ഹോട്ടല്‍ നടത്തുകയാണ്. മക്കളില്ല. ഭേദപ്പെട്ട സൗകര്യങ്ങളുണ്ട്. ഗാന്ധിജിയുടെ നാട് കാണാം. പല ദേശങ്ങളില്‍ ചുറ്റിയടിക്കാം. ഗുജറാത്തിലേക്കുള്ള ക്ഷണം വേഗം സ്വീകരിച്ചു. ഉമ്മാക്ക് ദൂരെ അയക്കാന്‍ മടിയായിരുന്നു. എന്നാലും മറ്റുള്ളവരൊക്കെ പറഞ്ഞപ്പോള്‍ സമ്മതമായി. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് ദേശായി മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതിക്ക് ചേര്‍ന്നു. അതിനിടെ അമ്മാവന്‍ മരിച്ചു. മക്കളില്ലാത്തതിനാല്‍ സ്വത്തുക്കളൊക്കെ ചിലര്‍ കൈവശപ്പെടുത്തി. പഠനം തുടര്‍ന്നുപോകാന്‍ സാമ്പത്തികം പ്രതിബന്ധമായി. ഭക്ഷണം കഴിക്കാന്‍ കാശ് വേണം. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദുഭാഷകള്‍ അറിയാം. ഗുജറാത്തി വായിക്കും. ഇതുകൊണ്ടൊക്കെ പിടിച്ചുനില്‍ക്കാനാവുമോ എന്ന് ശങ്കിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് അഹമ്മദാബാദ് എഡിഷന്‍ തുടങ്ങുന്ന സമയമാണത്. ചെറിയൊരു ശ്രമത്തില്‍ അവിടെ റിപ്പോര്‍ട്ടറായി നിയമനം കിട്ടി. പത്രപ്രവര്‍ത്തന ജീവിതത്തിന്റെ സമാരംഭം. അതിനിടെ മുംബൈയിലെ ബോറിവെല്ലിയിലുള്ള പാര്‍ക് ഡേവിസ് മരുന്ന് കമ്പനിയില്‍ ക്യാപ്‌സ്യൂള്‍ സെക്ഷനില്‍ ജോലി ലഭിച്ചു. തരക്കേടില്ലാത്ത ശമ്പളം. മുംബൈ മലാഡില്‍ താമസം. ഗുജറാത്തിലെ മുസ്‌ലിംകള്‍ പൊതുവെ ഗുജറാത്തി സംസാരിക്കില്ല. മഹാരാഷ്ട്രയില്‍ മറാഠിയുടെ കാര്യവും ഇതുപോലെ തന്നെ. ഇന്ത്യയിലെ മുസ്‌ലിം പൊതുഭാഷയായി ഉര്‍ദു നില്‍ക്കുകയാണ്.
1971ല്‍ മുംബൈ വിട്ട് നാട്ടില്‍ തിരിച്ചെത്തി. ഒരു വ്യാഴവട്ടക്കാലം കേരളം വിട്ട് അന്യദേശങ്ങളില്‍ കഴിഞ്ഞു. അത് ഉത്തര പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം അവസ്ഥ, ദലിതരുടെ ദുരിതം, ചേരികളുടെ കണ്ണീര്‍, നഗര-ഗ്രാമങ്ങള്‍ തമ്മിലെ അഗാധമായ അന്തരം, മതവും ജാതിയും മനുഷ്യനെ പിടികൂടിയതിന്റെ ഭീകരക്കാഴ്ചകള്‍, ജാതിയില്‍ താഴ്ന്നവന്റെ വിധി, കുരുതികള്‍, അന്ധവിശ്വാസങ്ങള്‍, പട്ടിണി, സമ്പത്ത്, അധോലോകങ്ങളുടെ കുടിപ്പക, മതംനോക്കാതെ പരസ്പരം തണലേകുന്ന മനുഷ്യപ്പറ്റുള്ള ദൃശ്യങ്ങള്‍, മഹാഗ്രന്ഥങ്ങളുള്ള വായനശാലകള്‍, തത്വജ്ഞാനികള്‍, സൂഫികള്‍, സന്യാസിമാര്‍, മഹാപണ്ഡിതര്‍, വിപ്ലവനേതാക്കള്‍, വന്‍പ്രക്ഷോഭങ്ങള്‍, മനുഷ്യര്‍ക്കിടയിലെ മതിലുകള്‍ എല്ലാം നടന്നു കണ്ടും അറിഞ്ഞുംപോന്ന കാലമായിരുന്നു അത്. ഒറ്റപുസ്തകത്തിലെന്നപോലെ ഇന്ത്യയെ അടുത്തുകണ്ടനുഭവിച്ച ആ ദേശാടനത്തില്‍ നിന്നാണ് എം.ഐ തങ്ങള്‍ എന്ന കൂസലില്ലായ്മ പിറക്കുന്നത്.
ജോലിയായപ്പോള്‍ മുംബൈയിലെ വിലാസത്തില്‍ ചന്ദ്രിക വരുത്തിതുടങ്ങിയിരുന്നു. തപാലില്‍ മൂന്നാം ദിവസം കിട്ടും. വാര്‍ത്തകളും ഉന്നത നേതാക്കളുടെയും പ്രമുഖ എഴുത്തുകാരുടെയും ലേഖനങ്ങളും വഴി നാട്ടിലെ രാഷ്ട്രീയത്തിന്റെ ദൈനംദിന ചലനങ്ങള്‍ ഉള്ളില്‍ ആവേശം നിറച്ചിരുന്നു. വീട്ടില്‍നിന്നുള്ള നിരന്തര കത്തുകളും നാട്ടിലെ രാഷ്ട്രീയവുമെല്ലാം ചേര്‍ന്ന പ്രലോഭനങ്ങളാണ് ദേശാടനം നിര്‍ത്തി തിരികെയെത്തിച്ചത്.
സീതിസാഹിബിന്റെയും സി.എച്ചിന്റെയുമൊക്കെ പൊതുയോഗ പ്രസംഗങ്ങള്‍ തന്നെ ഓരോ പഠനക്ലാസുകളായിരുന്നു. തൃക്കലങ്ങോട് മദ്രസാങ്കണത്തില്‍ സീതിസാഹിബ് പ്രസംഗിക്കുന്നു. നര്‍മംകലര്‍ത്താതെ, വസ്തുതകള്‍ മാത്രം പറഞ്ഞ് മണിക്കൂറുകളുടെ ആ വാഗ്പ്രവാഹം ആളുകളെ പിടിച്ചുനിര്‍ത്തുകയാണ്. 1956ല്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് തൃക്കലങ്ങോട്ട് പ്രസംഗിച്ചപ്പോള്‍ ബുഡാപെസ്റ്റ് റേഡിയോയും ഇമ്രിനാഗിയെയുമൊക്കെ ഉദ്ധരിച്ച് കത്തിക്കയറുകയാണ്. നന്നേ മെലിഞ്ഞ, കറുത്ത തൊപ്പിയണിഞ്ഞ സുമുഖനായ യുവാവ്. ആ താളത്തില്‍ ഞങ്ങള്‍ കേട്ടുനിന്നു. പക്ഷേ അതില്‍പറഞ്ഞ പേരുകള്‍ പലതും ഞങ്ങള്‍ക്കു പുതുമയായിരുന്നു. പിന്നീട് പഠിച്ചു ഹംഗറിയില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതിവിപ്ലവമുണ്ടാക്കിയ ഇമ്രിനാഗിയെക്കുറിച്ചാണ് അന്നേദിവസം റേഡിയോ വാര്‍ത്തകേട്ട് സി.എച്ച് സവിസ്തരം ഗ്രാമീണരോട് പ്രസംഗിക്കുന്നതെന്ന്. അത് പഠിപ്പിക്കുന്നത്, മൈക്കിനു മുന്നില്‍ നില്‍ക്കുന്നവര്‍ ‘പ്രസംഗം’ എന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവമറിയാതെ പോകരുതെന്നാണ്. 1971ല്‍ നാട്ടിലെത്തിയ ഉടന്‍, തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത്‌ലീഗ് അഡ്‌ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗ് എന്ന പുതിയ പോഷക ഘടകം വ്യവസ്ഥാപിതമായി രൂപവല്‍ക്കരിച്ചു തുടങ്ങുകയാണ്. ആദ്യമായി ചെയ്ത പൊതുപ്രസംഗം അലിഗഡ് യൂണിവേഴ്‌സിറ്റി ദേശസാല്‍ക്കരണ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ 1972ല്‍ തൃക്കലങ്ങോട് നടത്തിയതാണ്. നാലു വര്‍ഷത്തോളം കാരക്കുന്നില്‍ ഹോമിയോ ക്ലിനിക് നടത്തിക്കൊണ്ടിരിക്കെയാണ് 1975ല്‍ ചന്ദ്രിക പത്രാധിപസമിതിയില്‍ ചേരുന്നത്. എം.കെ മുഹമ്മദ് സാലിം മൗലവി നടത്തിയിരുന്ന ജിഹാദ് വാരികയിലായിരുന്നു ആദ്യലേഖനമെഴുതിയത്. ജനസംഘത്തിന്റെ ഭാരതവത്കരണ മുദ്രാവാക്യത്തിനെതിരെ ‘ഭാരതവത്കരിക്കേണ്ടത് ആരെ’ എന്ന തുടര്‍ലേഖനം. പി.കെ കോഡൂര്‍ പ്രസിദ്ധീകരിച്ചിരുന്ന മലപ്പുറം ടൈംസിലും ചില കുറിപ്പുകള്‍ വന്നു. ചന്ദ്രിക പൗരപംക്തിയില്‍ പ്രസിദ്ധീകരിച്ച കത്തിലെ രാഷ്ട്രീയ വിമര്‍ശനമാണ് ദിനപത്രത്തിലെ ആദ്യയെഴുത്ത്.
പി.പി കമ്മു സാഹിബിന്റെ സാരഥ്യത്തിലുള്ള മാപ്പിളനാട് ആയിരുന്നു തുറന്നെഴുത്തിന് വേദിയായത്. വിമര്‍ശനം എത്ര നിശിതമായാലും കമ്മു സാഹിബ് ഇടപെടില്ല. സര്‍വ രാഷ്ട്രീയകാര്യങ്ങളും മാപ്പിള നാട് ചര്‍ച്ച ചെയ്തു. സംഘടനക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കും കുറവുണ്ടായില്ല. മാപ്പിളനാട് ഒരു കാലഘട്ടത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിലെ ആശയപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട ദൈ്വവാരികയാണ്. ചന്ദ്രിക വിട്ടുവന്ന ഇടവേളയില്‍ മാപ്പിളനാട് പത്രാധിപത്യത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. പല ലക്കങ്ങളിലും എം.ഐ തങ്ങളുടെ ഭിന്ന നാമങ്ങളാല്‍ മാപ്പിള നാടിന്റെ മുഴുവന്‍ പേജുകളും സമൃദ്ധമായി. എം.ഐ തങ്ങള്‍, മാരേങ്ങലത്ത്, മിറ്റ്, നിരീക്ഷകന്‍, എം.ഐ തുടങ്ങി പല അപരനാമങ്ങളില്‍ ഗഹനമായ ലേഖനങ്ങള്‍. ഒറ്റയിരിപ്പില്‍ റഫറന്‍സില്ലാതെ എത്ര ലേഖനങ്ങളുമെഴുതാനുള്ള കോപ്പുണ്ടായിരുന്നു ആ മരുന്നറയില്‍.
ശബാബിലും പിന്നീട് വര്‍ത്തമാനം എക്‌സിക്യൂട്ടീവ് എഡിറ്ററായപ്പോഴും ലേഖനങ്ങള്‍ പ്രവഹിച്ചു. 2007ല്‍ ചന്ദ്രികയുടെ പത്രാധിപരായി തിരിച്ചെത്തി. വീണ്ടും തന്റെ സ്വതന്ത്ര ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ എഴുത്തും പ്രഭാഷണവും മുടങ്ങിയില്ല. ചന്ദ്രിക പത്രാധിപസമിതിയിലെ പ്രധാന എഴുത്തുകാരില്‍ പലരും 70കളിലെ പാര്‍ട്ടിയിലെ ഭിന്നതയില്‍ മറുപക്ഷം ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ചന്ദ്രിക ഡയറക്ടര്‍ കൂടിയായ കെ.കെ.എസ് തങ്ങള്‍ എം.ഐ തങ്ങളെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പി. സീതി ഹാജിയുമുണ്ട്. ചന്ദ്രികയില്‍ ചേരണമെന്ന് നിര്‍ദേശം. ”ഹോമിയോ ഡിസ്‌പെന്‍സറി നടത്തുന്നുണ്ട്. അത് പെട്ടെന്നു നിര്‍ത്തിപ്പോരാനാവില്ലെന്ന്” ക്ഷമാപണം. പോരാത്തതിന് തുടക്കത്തില്‍ ചന്ദ്രികയില്‍ ലഭിക്കാനിടയുള്ള പ്രതിമാസ ശമ്പളം 200 രൂപ. തനിക്ക് ഡിസ്‌പെന്‍സറിയില്‍നിന്നു ഒരു ദിവസം കിട്ടുന്നതും അതേ തുക. അതൊക്കെ നഷ്ടപ്പെടുത്താനുള്ള വിഷമവും അറിയിച്ചു. സമുദായത്തിനു നേട്ടങ്ങളുണ്ടാക്കാന്‍ നമ്മള്‍ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരുമെന്നായിരുന്നു കെ.കെ.എസിന്റെ മറുപടി. അതുതന്നെ തീരുമാനവും. നന്നായി പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറി കൈവിട്ട് ചന്ദ്രികയില്‍ ചേര്‍ന്നു. സി.എച്ച് മുഖ്യപത്രാധിപര്‍, വി.സി അബൂബക്കര്‍ സാഹിബ് പത്രാധിപര്‍, പി.എ മുഹമ്മദ്‌കോയ, കുട്ട്യാലി സാഹിബ് എന്നിവര്‍ ഉപനായകര്‍. മേച്ചേരിയും കാനേഷും ടി.സിയും സി.കെ താനൂരും നടക്കാവുമെല്ലാമുണ്ട്. ലേഖനമെഴുത്ത് പതിവാക്കി. ഇഎം.എസും മേച്ചേരിയും തമ്മില്‍ നടന്ന ലേഖനയുദ്ധം. മേച്ചേരിക്കു മറുപടി ചന്ദ്രികയില്‍ തന്നെ ഇ.എം.എസ് എഴുതി. അതിനു മറുപടി തയ്യാറാക്കാന്‍ മേച്ചേരി ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്‍ തരാം, മേച്ചേരി തന്നെ മറുപടിയെഴുതണമെന്ന് ശട്ടംകെട്ടി. അങ്കത്തിന്റെ അവസാനം മറ്റൊരാള്‍ കയറുന്നത് ശരിയല്ലെന്നു മേച്ചേരിയോട് പറഞ്ഞു. ലേഖന രൂപത്തിലാണ് രേഖകള്‍ അയച്ചുകൊടുത്തത്. പക്ഷേ, പിറ്റേന്ന് മേച്ചേരി അത് എം.ഐ തങ്ങള്‍ എന്നു പേരുവെച്ചുതന്നെ പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ ചേര്‍ന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പാക്കിസ്താന്‍ ആവശ്യം പ്രമേയമായി അംഗീകരിച്ചെന്നായിരുന്നു രേഖവെച്ചുള്ള മറുപടി. ഇല്ലെന്നായിരുന്നു നേരത്തെ നമ്പൂതിരിപ്പാടിന്റെ വാദം. ഇ.എം.എസ് അതോടെ സംവാദത്തില്‍നിന്നു പിന്മാറി. റഹീംമേച്ചേരിയുടെ ബൗദ്ധിക സത്യസന്ധതക്ക് തെളിവായിരുന്നു ആ ലേഖനത്തിലെ പേര്. സ്വന്തം പേരില്‍ വെക്കാമായിരുന്നതാണ്. അതിന് എം.ഐ തങ്ങള്‍ അനുവാദം നല്‍കിയതുമാണ്.
പ്രത്യയശാസ്ത്ര പഠനം എന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍ എഴുതിത്തുടങ്ങിയത്. പിന്നീടത് നന്നായി പഠിച്ചു. ഒരര്‍ത്ഥത്തില്‍ ഗവേഷണം തന്നെ എന്നു പറയാം. 1980കളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ‘മാര്‍ക്‌സിസം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു’ എന്ന തലക്കെട്ടിലെ സംവാദത്തില്‍ എം.ഐ തങ്ങളുടെ വിഷയാവതരണം കേട്ട് വേദിയിലുണ്ടായിരുന്ന പി. പരമേശ്വരന്‍ പ്രസംഗത്തില്‍ പറഞ്ഞു: ഇത്രയും ഗഹനമായൊരു മാര്‍ക്‌സിസ്റ്റ് വിമര്‍ശനപഠനം മലയാളത്തില്‍ ആദ്യമായി കേള്‍ക്കുകയാണെന്ന്. 
എന്‍.വി അബ്ദുസ്സലാം മൗലവിയാണ് രാഷ്ട്രീയത്തില്‍ തനിക്ക് ഗുരു എന്ന് എം.ഐ തങ്ങള്‍. ചന്ദ്രികയില്‍നിന്നു നാട്ടിലേക്കുള്ള പ്രതിവാര യാത്രകള്‍ അരീക്കോട് വഴിയാക്കും. അബ്ദുസ്സലാം മൗലവിയുമായുള്ള നീണ്ട കൂടിക്കാഴ്ചകള്‍ക്ക്. അത്രയും അറിവുകള്‍ നിറഞ്ഞുനില്‍ക്കുന്ന സാഗരമാണത്. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ മൗലവിയുടെ സ്വാധീനം അപരിമേയമാണ്. 
സി.എച്ച് ആണ് തന്റെ സമസ്ത ജീവിതത്തിലെയും പ്രചോദന കേന്ദ്രമെന്നും. എഴുത്തില്‍, പ്രസംഗത്തില്‍, ചിന്തയില്‍ സി.എച്ച് സ്വാധീനിച്ചിരിക്കുകയാണ്. സി.എച്ച് ഒരു പാഠപുസ്തകമാണ്. ഏറ്റവും ചെറിയവനെ ഏറ്റവും നന്നായി പരിഗണിക്കും. മുഖം നോക്കാതെ ഗുണദോഷിക്കും. ഏതൊരു കാര്യത്തിന്റെ പ്രത്യാഘാതവും ചൂണ്ടിക്കാട്ടും. അദ്ദേഹത്തിന്റെ പ്രചോദനത്താല്‍ വളര്‍ന്നുവന്ന നൂറുകണക്കിനു പ്രതിഭകളുണ്ട്. ഓരോ സംസാരത്തിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എങ്ങനെയിരിക്കണമെന്ന മാര്‍ഗനിര്‍ദേശമായിരിക്കും. അങ്ങനൊരാള്‍ വേറെയില്ല.
ഉത്തരേന്ത്യന്‍ യാത്രകളുടെ കെട്ടഴിച്ചുവെച്ച് ചന്ദ്രികയില്‍ സ്ഥിരമായ കാലം. പാക്കിസ്താനില്‍ വ്യാപാരിയായിരുന്ന സഹോദരീഭര്‍ത്താവ് സി.കെ മുഹമ്മദ്മൗലവിയുടെ ഒരു കത്ത് കിട്ടി. പാക്കിസ്താനിലേക്ക് ഒരു സന്ദര്‍ശനത്തിനു ക്ഷണിച്ചുകൊണ്ട്. അദ്ദേഹവും നല്ല വായനാപ്രിയനായതുകൊണ്ട് മികച്ച ഉര്‍ദു പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞു. മുഗള്‍ ഭരണത്തിന്റെ ശേഷിപ്പുകള്‍ പലതുമുള്ള ലാഹോറും മറ്റും ഒന്നു ചുറ്റിയടിക്കാം. നല്ല കുറെ ചരിത്രപുസ്തകങ്ങളും തരപ്പെടുത്താമെന്ന് മോഹം. ആദ്യ വിദേശയാത്രയുടെ കമ്പത്തില്‍ യൗവനസഹജമായ ആവേശത്തോടെ ലീവിനപേക്ഷിച്ച് ചീഫ് എഡിറ്ററുടെ കാബിനില്‍ സി.എച്ചിനെ ചെന്നുകണ്ടു. എടുത്തടിച്ചപോലെ പറഞ്ഞു: ‘ഇതിനു ലീവ് തരാന്‍ പറ്റില്ല’. യാത്ര തടസ്സപ്പെട്ടതിലെ നൈരാശ്യവുമായിരിക്കുമ്പോള്‍ സി.എച്ച് വിളിപ്പിച്ചു. ലീവനുവദിക്കാത്തതില്‍ വിഷമം തോന്നിയോ എന്നു ചോദിച്ചു. എന്നിട്ടു പറഞ്ഞു: ”ഉത്തരവാദപ്പെട്ട മുസ്‌ലിംലീഗ് പ്രവര്‍ത്തകരാരും പാക്കിസ്താനില്‍ പോകരുത്. ഞാന്‍ പല ലോകരാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ പാക്കിസ്താനില്‍ പോയിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായല്ലാതെ പാക്കിസ്താനിലേക്കു പോകരുതെന്ന് ഖാഇദെമില്ലത്ത് വിലക്കിയിട്ടുണ്ട്. ഖാഇദേമില്ലത്തിന്റെ ഈ നിലപാട് നിരാകരിക്കുക എന്നു പറഞ്ഞാല്‍ മുസ്‌ലിംലീഗിന്റെ തത്വത്തിനെതിരാവുക എന്നാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നെ മുസ്‌ലിംലീഗില്‍ തുടരാനുമാവില്ല.”
സി.എച്ചിയന്‍ പാഠങ്ങളില്‍നിന്നാണ് എം.ഐ തന്റെ നിലപാടുകളുടെ വായ്ത്തല മൂര്‍ച്ചകൂട്ടിയത്. തനിക്കുശരിയെന്നു തോന്നിയത് ആര്‍ജവത്തോടെ തുറന്നുപറഞ്ഞത്. എം.ഐ തങ്ങളുടെ വ്രതശുദ്ധിയുള്ള നിലപാടുകള്‍ക്ക് തന്റെ കാലത്തെ സാരഥികളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അതിനാല്‍തന്നെ കാത്‌കൊടുക്കുകയും ചെയ്തു.
മദ്രസയും പള്ളിദര്‍സുമായി കഴിഞ്ഞ ബാല്യംതൊട്ട് അപൂര്‍വ ഗ്രന്ഥശേഖരങ്ങള്‍ തേടിയുള്ള യാത്രകള്‍ വരെ പിതാവ് കുഞ്ഞിക്കോയ തങ്ങള്‍ നല്‍കിയ വെളിച്ചം എം.ഐ തങ്ങളിലെ കൃത്യനിഷ്ഠയുള്ള വിശ്വാസിയെ രൂപകല്‍പ്പന ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നവരാഷ്ട്രീയ സംസ്‌കാര മുഖങ്ങളായ ചരല്‍ക്കുന്നിലെ ശില്പശാലയിലും ഫലസ്തീന്‍ അഫ്ഗാന്‍ ഐക്യദാര്‍ഢ്യങ്ങളിലും പരശ്ശതം സംഘടനാപദ്ധതികളിലും തങ്ങള്‍ പ്രത്യയശാസ്ത്രപരമായ അടിത്തറയൊരുക്കി. ഭാഷാ സമരം, ശരീഅത്ത് വിവാദം, സംവരണം, നിരീശ്വര പ്രചാരണം തുടങ്ങി മാര്‍ക്‌സിസ്റ്റ് കേന്ദ്രീകൃതവും ബാബരി മസ്ജിദ്, പൗരത്വ പ്രശ്‌നം, ഏകദേശീയത, പൊതു സിവില്‍കോഡ് തുടങ്ങി ഫാസിസ്റ്റ് കേന്ദ്രീകൃതവുമായ ആക്രമണങ്ങളുടെ കുന്തമുനകളെ ചെറുക്കാനും പുരോഗതിയുടെ പടവുകള്‍ തകര്‍ക്കുന്ന തീവ്രവാദത്തിന്റെ വലയില്‍ കുരുങ്ങാതെ സമുദായത്തെ മുഖ്യധാരയില്‍ ചുവടുറപ്പിച്ചുനിര്‍ത്തുന്നതിനും ചിന്താ ബന്ധുരമായ പദ്ധതികളും ആശയ പ്രതിരോധത്തിന്റെ കോട്ടകളും തീര്‍ത്ത ഈ സൈദ്ധാന്തികന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമുടനീളം കൊണ്ടാടപ്പെടും.
പ്രതിസന്ധികളില്‍ തളരാത്ത നേതൃനിരയെ വാര്‍ത്തെടുക്കാന്‍ ഭാവിയുടെ ആകാശങ്ങളില്‍ ഹരിതപതാക ഉയര്‍ന്നുപറക്കാന്‍ എം.ഐ തങ്ങള്‍ നല്‍കിയത് സ്വന്തം ജീവിതം തന്നെയാണ്. 1973ല്‍ സഹയാത്രയാരംഭിച്ച ഭാര്യ ശരീഫ ശറഫുന്നിസ, മക്കള്‍ ശരീഫ നജ്മുന്നിസ, ശരീഫ സബാഹത്തുന്നിസ, സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീന്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്വാഫ്, സയ്യിദ് മുജ്തബ വസീം എന്നിവരെ സ്‌നേഹിച്ചത്‌പോലെ, ചിലപ്പോള്‍ അതിലുമേറെ സമുദായത്തെയും മുസ്‌ലിംലീഗിനെയും സ്‌നേഹിച്ചു എം.ഐ തങ്ങള്‍. ആയിരക്കണക്കിനു പ്രഭാഷണങ്ങളും പരസഹസ്രം പഠനങ്ങളും നിരവധി ഗ്രന്ഥങ്ങളും സമുദായത്തിന് സമ്മാനമായി തന്നു. പകരമൊന്നും തിരിച്ചെടുത്തില്ല. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന പദവി തന്നെ അടിച്ചേല്‍പ്പിക്കപ്പെട്ടപോലെയേയുള്ളൂ ആ ശിരസ്സില്‍.
എം.ഐ തങ്ങള്‍ തന്നെ ഓര്‍മിപ്പിക്കാറുള്ള ആ ഇഖ്ബാല്‍ കവിത ചേര്‍ക്കാം. ‘മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു. വാ, എന്റെ മടിത്തട്ടില്‍ നിനക്ക് ഞാനഭയം നല്‍കാം. മഞ്ഞുതുള്ളി പ്രതിവചിച്ചു. ഇല്ല ചുട്ടുപഴുത്ത മണലില്‍ വീണു നശിക്കുന്നതാണ് നിന്നില്‍ ലയിച്ച് ഇല്ലാതാകുന്നതിനെക്കാള്‍ എനിക്കിഷ്ടം’