2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

എന്‍റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹമ്മദ് സാഹിബ്

എന്‍റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹമ്മദ് സാഹിബ് – ഇ അഹമ്മദിനെ അനുസ്മരിച്ച് മകന്‍ റഈസ്‌ അഹമ്മദ്
അബ്ദുള്‍ സലാം, കൊരട്ടി
FRIDAY, FEBRUARY 1, 2019
38
Shares






ഇ അഹ്‌മദ്‌ സാഹിബ്‌ വിടവാങ്ങിയിട്ട്‌ ഇന്നേക്ക് രണ്ട്‌ വർഷം തികയുന്നു. അഹ്‌മദ്‌ സാഹിബിന്റെ പുത്രൻ റഈസ്‌ അഹ്‌മദുമായി മസ്കറ്റിൽ വെച്ച്‌‌ സംസാരിച്ച ഇന്റർവ്വ്യൂ ഫീച്ചർ –

‘നേതാക്കന്മാരുടെ നേതാവാണ് സീതി സാഹിബ് എന്നാണ് ഉപ്പ എപ്പോഴും പറഞ്ഞിരുന്നത്.’ മസ്കത് മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇ. അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പുത്രൻ റഈസ് അഹ്‌മദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

നേതാവാകുകയും നേതാക്കളെ വാർത്തെടുക്കുകയും ചെയ്‌ത്‌ ഹരിത രാഷ്ട്രീയത്തെ സമൃദ്ധമാക്കിയ കെ. എം. സീതി എന്ന ധിഷണാശാലി തന്നെയാണ് തന്റെ ഉപ്പയെയും സാധ്യമാക്കിയതെന്ന് സൂചിപ്പിക്കുകയായിരുന്നു റഈസ് സാഹിബ്. നിയമപഠനത്തിന് എറണാകുളം ഉപേക്ഷിച്ച് ഉപ്പ തിരുവനന്തപുരം തെരഞ്ഞെടുത്തത് സീതി സാഹിബിന്റെ സാമീപ്യം ആഗ്രഹിച്ചായിരുന്നു.

നിയമപഠനവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാനായിരുന്നു സീതി സാഹിബ് അഹ്‌മദ്‌ എന്ന എം. എസ്. എഫുകാരന് നിർദേശം നൽകിയത്. ദിവസവും ചന്ദ്രികയിലേക്ക് റിപ്പോർട്ടുകൾ ടെലിഗ്രാം ചെയ്യും, അതോടൊപ്പം ക്ലാസിൽ പോവുകയും പഠിക്കുകയും ചെയ്യും; ഇതായിത്തീർന്നു അഹ്‌മദ്‌ സാഹിബിന്റെ ദിനചര്യ.

വൈകുന്നേരങ്ങളിൽ സ്ഥിരമായി സീതി സാഹിബിന്റെ വക ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഉണ്ട്! ‘ഉപ്പാനെക്കൊണ്ട് എല്ലാ ദിവസവും സീതി സാഹിബ് ദി ഹിന്ദു ദിനപത്രം ഉറക്കെ വായിപ്പിക്കും. അതിലെ വാക്കുകളും വാചകങ്ങളുമെല്ലാം ചർച്ച ചെയ്യും.’ സമുദായത്തിന് അനുഗ്രഹമായി മാറിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇ. അഹ്‌മദിന് എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കുകയായിരുന്നു റഈസ്.

കെ. എം. സീതി സാഹിബിന്റെ പിതാവ് മുസ്‌ലിം ഐക്യ സംഘത്തിന്റെ സ്ഥാപകൻ ആയിരുന്ന കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ് ഇതേ ‘ഹിന്ദു സെഷൻ’ തന്റെ പുത്രൻ സീതിക്കുവേണ്ടി കൊടുങ്ങല്ലൂരിലെ അവരുടെ വീട്ടിൽ ചെയ്തിരുന്നതായി ചരിത്രത്തിലുണ്ട്.

അതെ, സമുദായത്തെ മതേതര ആധുനികതയുടെ വെല്ലുവിളികൾ അതിജീവിക്കാൻ പ്രാപ്തമാക്കിയ നേതാക്കൾ തങ്ങൾക്ക് തുടർച്ചകളുണ്ടാക്കാൻ ബോധപൂർവം അധ്വാനിച്ചു; അതിന്റെ ഫലമായി നമുക്ക് ഒരു ഇ. അഹ്‌മദ്‌ സാഹിബ് ഉണ്ടായി!

അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള കൂടുതൽ വർത്തമാനങ്ങൾ കേൾക്കാനാണ് റഈസ്‌ക്കയുടെ മസ്‌കത്തിലുള്ള വീട്ടിൽ പോയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ബി. കോമും ലണ്ടനിൽ നിന്ന് എം. ബി. എയും പൂർത്തിയാക്കിയ റഈസ് ഒമാനിലാണ് വർഷങ്ങളായി ബിസിനസ് ചെയ്യുന്നത്. ‘മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഉപ്പയുടെ പോളിസി.

ഞങ്ങൾ എല്ലാ മക്കൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസാവസരങ്ങളാണ് ലഭിച്ചത്. വായനയും പഠനവും ഉപ്പക്ക് ഒരു ജീവിത സപര്യയായിരുന്നു. ഇംഗ്ലീഷ് ക്ലാസിക്കുകൾ എപ്പോഴും അദ്ദേഹത്തിന്റെ കൂടെ നടന്നു. രാഷ്ട്രീയം അറിവിൽ നിന്ന് ജന്മമെടുക്കണമെന്ന് അദ്ദേഹം വിചാരിച്ചു. വിദേശകാര്യ മന്ത്രിയൊക്കെ ആകുന്നതിന് എത്രയോ മുമ്പു തന്നെ ‘ഫോറിൻ അഫയേഴ്‌സ്’ പോലുള്ള ആനുകാലികങ്ങൾ അദ്ദേഹം സ്ഥിരമായി വായിക്കുമായിരുന്നു.

ആ വായനാശീലം ഞങ്ങൾ മക്കൾക്കെല്ലാവർക്കും പകർന്നുകിട്ടി. ഉപ്പ മിക്കപ്പോഴും എനിക്ക് കത്തയച്ചിരുന്നത് ഇംഗ്ലീഷിൽ ആയിരുന്നു.’ ഉജ്ജ്വലമായ ധൈഷണിക പ്രതാപമുണ്ടായിരുന്ന ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അകം കാണാൻ ഭാഗ്യമുണ്ടായ റഈസ് പറഞ്ഞു.

തീരെ ചെറുപ്പത്തിൽ തന്നെ അഹ്‌മദ്‌ സാഹിബിന്റെ കൂടെ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളുടെ ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ റഈസിന് അവസരമുണ്ടായി. ലീഗ് പ്രഭാഷണങ്ങൾക്കുവേണ്ടി അഹ്‌മദ്‌ സാഹിബ് നിരന്തരം യാത്ര ചെയ്‌തിരുന്ന കാലത്ത് കുട്ടിയായ റഈസ് പല സ്ഥലങ്ങളിലും പ്രസംഗം കേൾക്കാൻ കൂടെപ്പോയി.

ഭാര്യയോടും മക്കളോടും ഒരു തിരക്കിനും തകർക്കാനാവാത്ത അതിവൈകാരികമായ ഇഴയടുപ്പം കാത്തുസൂക്ഷിച്ചിരുന്ന അഹ്‌മദ്‌ സാഹിബിന്റെ വിരൽ പിടിച്ച് മകൻ അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങൾ കേൾക്കാൻ പോയതിൽ അത്ഭുതമൊന്നും ഇല്ലല്ലോ! ‘വയൽ വരമ്പിലൂടെ നടന്നും ജീപ്പിലും കാറിലുമെല്ലാം എന്റെ ബാല്യത്തിൽ അനേകം തവണ ഞാൻ ഉപ്പാന്റെ പ്രസംഗയാത്രയെ അനുയാത്ര ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഉപ്പ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയ കുട്ടിയായ ഞാൻ വേദിയിൽ പ്രസംഗപീഠത്തിന് നേരെ മുന്നിൽ ചെന്ന് ഉപ്പയുടെ നേർക്ക് തിരിഞ്ഞുനിന്ന് പ്രസംഗം വിടർന്ന കണ്ണുകളോടെ നോക്കിനിന്നത് ഓർമയുണ്ട്. പിൽകാലത്ത് ഈ സംഭവം ഇടക്കിടെ അനുസ്‌മരിച്ച് ഉപ്പ കുടുംബസദസ്സുകളിൽ പൊട്ടിച്ചിരിക്കുമായിരുന്നു.’

എം. എൽ. എ ആയിരിക്കെ അഹ്‌മദ്‌ സാഹിബിന്റെ കൂടെ തിരുവനന്തപുരത്ത് ജീവിച്ച വർഷങ്ങൾ റഈസ് ഗൃഹാതുരതയോടെ ഓർത്തു: ‘സി. എച്ചിനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്നണിയിലെ വിവിധ കക്ഷിനേതാക്കൾ തമ്മിൽ നടന്ന ചൂടുപിടിച്ച ചർച്ചകളിൽ ഉപ്പ നിർണായക സാന്നിധ്യമായിരുന്നു.

കേരള രാഷ്ട്രീയം ഒരു മുസ്‌ലിം ലീഗുകാരനെ മുഖ്യമന്ത്രിയാക്കാനൊരുങ്ങിയ അസുലഭമായ ആ മണിക്കൂറുകളിൽ കതകിനു പുറത്ത് ഞങ്ങൾ കുട്ടികൾ ആകാംക്ഷ അടക്കിവെക്കാനാകാതെ നിന്നു.’ സി. എച്ചും അഹ്‌മദ്‌ സാഹിബും തമ്മിലുണ്ടായിരുന്ന ആത്മസൗഹൃദം വിവരിക്കാൻ റഈസിന് വാക്കുകൾ മതിയാകുന്നില്ല. മന്ത്രിമാരായി രണ്ടു പേരും തലസ്ഥാന നഗരിയിൽ താമസിക്കുന്നു.

ഇ. അഹ്‌മദിന്റെ വസതിയിൽ കൂടെക്കൂടെ സി. എച്ച്. മുഹമ്മദ് കോയ കടന്നുവരും. ‘നേരെ അടുക്കളയിലേക്കാണ് സി. എച്ച് പോവുക. ഉമ്മയോട് ഉപ്പയെക്കുറിച്ചടക്കം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. പാത്രങ്ങൾ അനുമതിക്ക് കാത്തുനിൽക്കാതെ തുറന്നു പരിശോധിക്കും. ഭക്ഷണം കഴിക്കും, കഴിച്ച ഭക്ഷണത്തെക്കുറിച്ച് സഹജമായ ശൈലിയിൽ നർമം കലർത്തി അഭിപ്രായങ്ങളും പറയും.

സി. എച്ചിന് ഉപ്പാന്റെ അടുത്തുണ്ടായിരുന്ന സ്വാതന്ത്ര്യം കുട്ടിയായിരിക്കെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.’ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പതിറ്റാണ്ടുകളിൽ മുസ്‌ലിം ലീഗ് വേദികളിൽ കത്തിപ്പടർന്ന രണ്ട് വിദ്യാർത്ഥി പ്രതിഭകളായിരുന്നുവല്ലോ അഹ്‌മദും മുഹമ്മദ് കോയയും. ഒരുമിച്ചുനടന്നുണ്ടായ ആ സൗഹൃദം നിയമസഭാ സഹജീവിതം വഴി കൂടുതൽ പുഷ്‌കലമായതിന്റെ നിറമുള്ള ഓർമകളാണ് റഈസ് പങ്കുവെക്കുന്നത്.

ബാഫഖി തങ്ങൾ ഇ. അഹ്‌മദ്‌ സാഹിബിന്റെ സ്നേഹഭാജനമായിരുന്നു. എല്ലാത്തിനും അഹ്‌മദിന് തങ്ങൾ വേണമായിരുന്നു. കണ്ണൂരിൽ അഹ്‌മദ്‌ സാഹിബ്‌ വെച്ച പുതിയ വീട്ടിൽ ആദ്യ സന്ദർശകനായി സൽകരിക്കപ്പെട്ടത് തങ്ങൾ തന്നെയായിരുന്നു. തങ്ങൾക്ക് മുമ്പ് ആ വീടിന് ആരെയും സ്വീകരിക്കാൻ ആകുമായിരുന്നില്ല.

‘പുതിയ വീട്ടിൽ ബാഫഖി തങ്ങൾ കയറിയത് ഹജ്ജിന് പുറപ്പെടാൻ വേണ്ടി ബോംബെക്ക് പോകുന്നതിന്‌ ഏതാനും ദിവസങ്ങൾ മാത്രം മുമ്പാണ്‌. ഞങ്ങളെ പുതിയ വീട്ടിലാക്കിയ തങ്ങൾ പക്ഷെ പിന്നെ മടങ്ങിവന്നില്ല. ആ ഹജ്ജ് യാത്രയിലാണ് ബാഫഖി തങ്ങൾ മക്കയിൽ വെച്ച് മരണപ്പെടുന്നത്.’ റഈസിന്റെ വാക്കുകൾ മുറിഞ്ഞു.

കോഴിക്കോട്ടെ വലിയങ്ങാടിയിലെ അരിപ്പീടികയിൽ നിന്ന് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഇറങ്ങിവന്ന് മാപ്പിളമാരെക്കൊണ്ട് ഹരിത പതാക മുറുകെപ്പിടിപ്പിച്ച ഇതിഹാസ നായകൻ കേരളത്തിൽ അവസാനമായി നടത്തിയ ഗൃഹസന്ദർശനത്തിന്റെ വികാരസാന്ദ്രമായ ഓർമ്മകൾ!

ഇ. അഹ്‌മദിന് അളവറ്റ ആദരവുണ്ടായിരുന്ന മറ്റൊരാൾ ബി. വി. അബ്ദുല്ലക്കോയ സാഹിബായിരുന്നു. ‘സാമ്പത്തിക ഇടപാടുകളിലും അതിന്റെ കണക്ക് സൂക്ഷിക്കുന്നതിലും ബി. വി കാത്തുസൂക്ഷിച്ചിരുന്ന കാർക്കശ്യത്തെ ഉപ്പ എപ്പോഴും പ്രശംസിക്കുമായിരുന്നു. ഒടുവിൽ ബി. വിയുടെ പൗത്രിയെ എനിക്ക് വധുവായി നിശ്ചയിച്ചു തരികയും ചെയ്തു.’ ന്യൂനപക്ഷ രാഷ്ട്രീയം സംഭാവന ചെയ്ത രണ്ടു യുഗപ്രഭാവരുടെ കുടുംബങ്ങളെ പരസ്‌പരം വിളക്കിച്ചേർത്ത കണ്ണിയായ ചാരിതാർഥ്യത്തോടെ റഈസ് സാഹിബ് പറഞ്ഞു.

‘ഇബ്‌റാഹീം സുലയ്മാൻ സേട്ട് സാഹിബുമായി ഊഷ്മളമായ ബന്ധമാണ് ഉപ്പ കാത്തുസൂക്ഷിച്ചിരുന്നത്. സേട്ട് മുസ്‌ലിം ലീഗിനോട് വിട പറഞ്ഞിട്ടും അവരുടെ വ്യക്തിബന്ധത്തിന് യാതൊരു പോറലുമേറ്റില്ല. കാണുന്നേടത്തുവെച്ചെല്ലാം ഉപ്പയോടുള്ള സ്നേഹം സേട്ട് സാഹിബ് എന്നോടും മറയില്ലാതെ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ കുടുംബവുമായി ഇപ്പോഴും ആ ബന്ധം കാത്തുസൂക്ഷിക്കുന്നു.’

ശൈലികൾ വ്യത്യസ്തമായിരുന്നുവെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശബ്ദമായി പാർലമെന്റിൽ ഇടിമുഴക്കം തീർത്ത രണ്ടു മഹാരഥന്മാർ വഴിപിരിഞ്ഞപ്പോഴും നിലനിർത്തിയ പരസ്പരാദരവിന്റെ ഹൃദയാവർജ്ജകമായ അധ്യായങ്ങൾ റഈസ് അഹ്‌മദിന്റെ വാക്കുകളിലേക്ക് ആവാഹിക്കപ്പെടുന്നു.

ഒരുപക്ഷേ, ഉത്തരേന്ത്യൻ പശ്ചാത്തലമുണ്ടായിരുന്ന ഗുലാം മഹ്‌മൂദ്‌ ബനാത്‌വാലക്കും സേട്ട് സാഹിബിനും ഇടയിൽ ഒരു തനത് മലയാളി മുസ്‌ലിം ലീഗുകാരന്റെ വ്യത്യസ്തമായ വഴി പാർലമെന്റിൽ വെട്ടി എന്നതായിരിക്കും പാർലമെന്റേറിയൻ എന്ന നിലയിൽ അഹ്‌മദ്‌ സാഹിബിന്റെ ഒരു മൗലിക സവിശേഷത.

‘വീട്ടിൽ ഉപ്പ രാഷ്ട്രീയം പറയാറുണ്ടായിരുന്നോ?’ ചോദ്യം റഈസ്‌ സാഹിബിനെ ഗൗരവസ്വരക്കാരനാക്കി. ‘അതെ, പക്ഷെ അതെപ്പോഴും വേറൊരു പ്രതലത്തിൽ ആയിരുന്നു. ഒരു ഇന്റലെക്ച്വൽ പ്ലെയിനിൽ ആയിരുന്നു ഉപ്പ പൊളിറ്റിക്കൽ ഇഷ്യൂസ് ചർച്ച ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് ഉപ്പ എന്നോട് സംസാരിച്ച കാര്യങ്ങൾ ഓർക്കുന്നു.

പള്ളി തകർക്കപ്പെട്ടപ്പോൾ അധികാരത്തിലുള്ള പാർട്ടി എന്ന നിലയിൽ കോൺഗ്രസുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കണമെന്ന് സേട്ട് സാഹിബ് ആവശ്യപ്പെടുന്നു. സാമുദായിക രാഷ്ട്രീയത്തിന് തീവ്രത പോരെന്ന് മുസ്‌ലിം ചെറുപ്പം പൊതുവിൽ ആലോചിക്കുന്നു. പക്ഷെ ഉപ്പയുടെ വീക്ഷണങ്ങൾ അടിയുറച്ചതായിരുന്നു. കോൺഗ്രസിനെ കൂടെ നിർത്തിക്കൊണ്ടുള്ള മോഡറേറ്റ് ആയ ഒരു രാഷ്ട്രീയം വഴിയല്ലാതെ ഫാഷിസത്തെ ചെറുക്കാനാകില്ലെന്ന് ഉപ്പ തീർത്തു പറഞ്ഞു.

ഇപ്പോഴുണ്ടാകുന്ന വികാരത്തള്ളിച്ച ചെറുത്തുനിൽപിനുള്ള നിലം പോലും നഷ്ടപ്പെടുത്തുമെന്നായിരുന്നു ഉപ്പയുടെ പക്ഷം. എന്നോട് ഈ വിഷയം ദീർഘമായി സംസാരിച്ചിരുന്നു. അന്ന് ഉപ്പ നിരന്തരം ചർച്ചകളിലായിരുന്നു; വിവിധ നേതാക്കളെ തന്റെ നിലപാട് ബോധ്യപ്പെടുത്താനുള്ള ചർച്ചകൾ. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ശക്തമായി ആ ലൈനിനെ പിന്തുണച്ചു. അന്ന് ദിനേനയെന്നോണം തങ്ങളും ഉപ്പയും ഫോണിലും നേരിട്ടുമെല്ലാം ദീർഘനേരം സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു; പാതിരാവുകളിൽ പോലും.

ഇന്നിപ്പോൾ ആ നിലപാടായിരുന്നു ശരി എന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നു.’ തീവ്രവാദം സമുദായത്തെ എവിടെയുമെത്തിക്കില്ലെന്ന് തിരിച്ചറിഞ്ഞ അഹ്‌മദ്‌ സാഹിബിലെ ദീർഘദർശിക്ക് കാലം നൽകിയ സമ്മതപത്രം ഉൾകൊള്ളുമ്പോൾ റഈസ്‌ക്കയുടെ മുഖത്ത് അഭിമാനബോധം തളിർക്കുന്നു. ഫാഷിസം മുടിയഴിച്ചു തുള്ളുന്ന സമകാല ഇന്ത്യയിൽ ബാബരി കത്തിനിന്ന തൊണ്ണൂറുകളുടെ തുടക്കം മുസ്‌ലിം സമുദായത്തിന് ഏറ്റവും വലിയ പാഠപുസ്തകമാണെന്ന് ആർക്കാണറിയാത്തത്?!

അഭിമാനബോധമുള്ള മുസ്‌ലിം ആയിരുന്നു അഹ്‌മദ്‌ സാഹിബ്. ഇസ്‌ലാം അദ്ദേഹത്തിന് മറച്ചുവെക്കാനുള്ളതായിരുന്നില്ല. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഉന്നതാധികാര പദവികളിലേക്ക് നിയോഗിക്കപ്പെട്ടപ്പോഴും പരസ്യമായി തന്നെ അഹ്‌മദ്‌ സാഹിബ് തന്റെ മതനിഷ്ഠകൾ ഉയർത്തിപ്പിടിച്ചു. എന്നാൽ അതൊരിക്കലും നമ്മുടെ പൊതുമണ്ഡലത്തിന്റെ സെക്കുലർ ഫേബ്രിക്കിന് ഒരു പരുക്കും ഏൽപിച്ചില്ല.

മതബോധമുള്ള ഇന്ത്യൻ മുസ്‌ലിമിന് മാതൃകാപരമായ രാഷ്ട്രീയ ജീവിതം ഏതറ്റം വരെയും സാധ്യമാണെന്ന് തെളിയിച്ച റോൾ മോഡൽ ആയി അഹ്‌മദ്‌ സാഹിബ് മാറി. കോഴിക്കോട്ടുള്ള വെള്ളിയാഴ്ചകളിലെല്ലാം പട്ടാളപ്പള്ളിയിൽ ഭക്തിപൂർവം ജുമുഅ ഖുതുബ കേട്ടിരിക്കുന്ന ഇ. അഹ്‌മദ്‌ എന്ന കേന്ദ്രമന്ത്രി മതബോധമുള്ള ഏത് മലയാളി മുസ്‌ലിമിനെയാണ് അഭിമാനപുളകിതനാക്കാതിരുന്നിട്ടുള്ളത്!

‘അഞ്ചു നേരത്തെ നമസ്കാരങ്ങളിൽ കണിശക്കാരനായിരുന്നു ഉപ്പ. പുലർച്ചെ എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഫജ്ർ നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണം ചെയ്യും. യാസീൻ, ആയത്തുൽ കുർസിയ്യ്, ആമനർറസൂലു തുടങ്ങിയവ ഉപ്പ എപ്പോഴുമെപ്പോഴും ഓതി. ആയത്തുൽ കുർസിയ്യ് ഉപ്പാന്റെ ഒദ്യോഗിക വസതികളിലടക്കം ചുമരുകളിൽ ഫ്രെയിം ചെയ്‌ത്‌ വെച്ചിരുന്നു.

ഉപ്പ നടക്കുമ്പോൾ ഒരു വശത്തുള്ള ചുമരിലേക്ക് നോക്കി ചുണ്ടനക്കുന്നതെന്താണെന്ന് പലപ്പോഴും സന്ദർശകർക്ക് മനസ്സിലായിരുന്നില്ല. അവിടെ എഴുതിവെച്ച ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുകയായിരിക്കും അദ്ദേഹം.

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെക്കൊണ്ട് വഹിപ്പിക്കല്ലേ’ എന്നും ‘മറവിയുടെയും അബദ്ധത്തിന്റെയും പേരിൽ ഞങ്ങളെ പിടികൂടല്ലേ’ എന്നും അർഥം വരുന്ന ആമനർറസൂലുവിന്റെ ഭാഗങ്ങളെക്കുറിച്ച് ഉപ്പ എപ്പോഴും സംസാരിച്ചു. അധികാരസ്ഥാനങ്ങളിലിരുന്ന് ഉപ്പാക്ക് പ്രാർത്ഥിക്കാനുള്ളത് ആ വചനത്തിൽ ഉണ്ടായിരുന്നു. മക്കയും മദീനയുമായിരുന്നു ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ.

വിദേശയാത്രകളെല്ലാം ജിദ്ദയിൽ ഒരിടവേള ലഭിക്കുന്ന രീതിയിലാണ് വളരെ ബോധപൂർവം തന്നെ അദ്ദേഹം എപ്പോഴും ഷെഡ്യൂൾ ചെയ്തിരുന്നത്. ഹറം സന്ദർശനം ലക്ഷ്യം വെച്ചായിരുന്നു അത്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സ്നേഹം രക്തത്തിലുണ്ടായിരുന്ന ആളാണ് ഉപ്പ.’

പടച്ചവനെയും പ്രാർത്ഥനകളെയും ഖുർആനിനെയും സത്യവിശ്വാസികളെയും മനസ്സിലേറ്റിയ ഒരാളെ കേന്ദ്രമന്ത്രിക്കസേരയിലും ഐക്യരാഷ്ട്രസഭയുടെ പ്രസംഗപീഠത്തിലും വിദേശരാജ്യങ്ങളുടെ അരമനകളിലും വരെ കൊണ്ടുചെന്നെത്തിച്ച് സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള അധികാരസ്വാധീനം വർധിപ്പിക്കുക എന്ന മുസ്‌ലിം ലീഗ് പദ്ധതിയെ സാർത്ഥകമാക്കി അഹ്‌മദ്‌ സാഹിബ് തന്റെ ഇസ്‌ലാമുമായിത്തന്നെ നടന്നു, അധികാരത്തിന്റെ സകല ഇടനാഴികളിലും!

സമുദായമായിരുന്നു അഹ്‌മദ്‌ സാഹിബിന് എല്ലാം. മുസ്‌ലിം ലീഗ് പാർട്ടിയാണ് സമുദായത്തിന്റെ അത്താണിയെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. താനല്ല, പാർട്ടിയാണ് വലുതെന്നും പാർട്ടി സമുദായത്തിന് തുണയാകാൻ നിശ്ചയിച്ച പ്രതിനിധിയെന്നതാണ് തന്റെ പ്രസക്തിയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

‘മുസ്‌ലിം ലീഗിനെ ആരെങ്കിലും വിമർശിക്കുന്നത് കേട്ടാൽ ഉപ്പ ക്ഷുഭിതനാകും. ലീഗ് സമുദായത്തിന് എന്താണെന്ന് സമർത്ഥിച്ച് അവരോട് തർക്കിക്കും. ലീഗ് ഒരുക്കിയ മണ്ണിൽ കാലൂന്നിയും വിരിച്ച പായയിൽ കിടന്നുമാണ് ഈ വിമർശകർ പോലും സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കും.’ ലീഗ് പ്രവർത്തകർ അഹ്‌മദ്‌ സാഹിബിന്റെ ആവേശമായിരുന്നു.

ജനങ്ങൾക്കിടയിൽ നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചു; പ്രോട്ടോക്കോളുകൾ അതിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിച്ചു. പതിറ്റാണ്ടുകൾ പൊതുപ്രവർത്തനം നടത്തിയ ഒരാൾക്ക് ജനങ്ങളിൽ നിന്നകന്ന് ജീവിക്കുക സാധ്യവുമാകില്ലല്ലോ! ‘ലീഗ് അണികൾ ആയിരുന്നു ഉപ്പയുടെ വൈറ്റമിൻ. ആളുകളെ കണ്ടാലല്ല, കാണാതിരുന്നാലാണ് അദ്ദേഹം ക്ഷീണിച്ചിരുന്നത്. ദീർഘമായ ജോലിക്കുശേഷവും ഏതെങ്കിലും പാർട്ടി പ്രവർത്തകർ വന്ന് സംസാരം ആരംഭിച്ചാൽ മറ്റെല്ലാം മറന്ന് അദ്ദേഹം ദീർഘനേരം ആവേശപൂർവം സംഭാഷണത്തിൽ ഏർപ്പെടുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.’

പാർട്ടിക്കും പ്രവർത്തകർക്കും അഹ്‌മദ്‌ സാഹിബ് കൽപിച്ചിരുന്ന വില ഒരിക്കൽ റഈസിന് ശരിക്കും മനസ്സിലായി. അഹ്‌മദ്‌ സാഹിബ് ഒമാൻ സന്ദർശിക്കുന്നു. ഔദ്യോഗിക സന്ദർശനമല്ല. അൽപം വിശ്രമം നൽകാനായി റഈസ് മസ്‌കത്തിലേക്ക് കൊണ്ടുവന്നതാണ്. ‘വിശ്രമമാണല്ലോ ലക്ഷ്യം. അതുകൊണ്ട് വരുന്ന വിവരം ഞാൻ കെ. എം. സി. സി പ്രവർത്തകരെ അറിയിച്ചില്ല.

രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ട് പറയാം, അതുവരെയെങ്കിലും സന്ദർശകർ ഇല്ലാതാകുന്നത് ഉപ്പാക്ക് ആശ്വാസമായിരിക്കും എന്നേ കരുതിയുള്ളൂ. പക്ഷെ വന്നതുമുതൽ ഉപ്പ പ്രവർത്തകരെ കാണാതെ അസ്വസ്ഥനായിത്തുടങ്ങി. ഒടുവിൽ ആരെയും അറിയിച്ചിട്ടില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞ് പറയാമെന്ന് കരുതിയതാണെന്നും ഞാൻ അറിയിച്ചു. പൊടുന്നനെ ഉപ്പ പ്രകോപിതനായി. എന്നെ വഴക്കു പറഞ്ഞു. എന്നെ എന്റെ ആളുകളിൽ നിന്ന് അകറ്റാനാണോ നിങ്ങളെല്ലാം നോക്കുന്നത് എന്ന് കടുപ്പിച്ച് ചോദിച്ചു.

പിന്നീടൊരിക്കലും അങ്ങനെയൊരു അബദ്ധം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല!’ കുടുംബത്തിന്റെ താല്പര്യങ്ങൾ പാർട്ടിക്ക് തടസ്സമാകരുതെന്ന് കർക്കശമായി അഹ്‌മദ്‌ സാഹിബ് തീരുമാനിച്ചത് തന്റെ ജീവിതനിയോഗം എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം. ഒരു ട്രെയിൻ ലേറ്റായാൽ മുതൽ അൽപ സമയം കറന്റ് പോയാൽ വരെ കേന്ദ്രമന്ത്രി എന്ന നിലയിൽ തന്നെ വിളിക്കുന്ന നിഷ്‍കളങ്കരായ മലപ്പുറത്തുകാരുണ്ടെന്ന് ഉപ്പ പറഞ്ഞത് റഈസിന് ഓർമയുണ്ട്. ‘അഭിമാനത്തോട് കൂടിയാണ് അദ്ദേഹം അത് പറഞ്ഞത്. ആരുടെ പ്രതിനിധിയായാണ് താൻ ഡൽഹിയിൽ നിൽക്കുന്നത് എന്ന് അദ്ദേഹത്തിന് എപ്പോഴും ഓർമയുണ്ടായിരുന്നു.’

‘മാ ശാ അല്ലാഹ്, അൽ ഹംദു ലില്ലാഹ്, പതിറ്റാണ്ടുകൾ എന്റെ ഉപ്പ ഉമ്മത്തിനെ സേവിച്ചു.’ ഒറ്റ വാചകത്തിൽ റഈസ്‌ക്കാക്ക് അഹ്‌മദ്‌ സാഹിബിനെ പരിചയപ്പെടുത്താനിഷ്ടം ഇങ്ങനെയാണ്. അതെ, ഉമ്മത്തിനെ സ്നേഹിക്കാനും സേവിക്കാനുമാണ് നമുക്ക് ആളുകളെയാവശ്യമുള്ളത്; അതിന് അധികാരവും സ്വാധീനവും ഭാഷയും നയചാതുരിയും നിയമപരിജ്ഞാനവുമെല്ലാം ഉപയോഗപ്പെടുത്താൻ കഴിയുന്ന പ്രതിഭകളെ. അഹ്‌മദ്‌ സാഹിബിന് അദ്ദേഹത്തേക്കാൾ ഉയരമുള്ള പിൻതുടർച്ചകൾ സൃഷ്ടിക്കാൻ നമുക്കാകുമോ? ആകണമെന്നാണ് കാലം നമ്മുടെ കാതിൽ വലിയ ഊക്കിൽ അടക്കം പറയുന്നത്.

‘ഉപ്പ മനസ്സിൽ ആരോടും വെറുപ്പ് കൊണ്ടുനടന്നില്ല. പറയാനുള്ളത് വെട്ടിത്തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ കോപം ഹൃദയം സുതാര്യമാണെന്നതിന്റെ തെളിവ് മാത്രമായിരുന്നു.’ പറഞ്ഞാൽ തീരുന്നതല്ല വലിയ മനുഷ്യരുടെ സ്വഭാവ സവിശേഷതകൾ. ഒരു ഫ്രെയിമിൽ വരച്ചുതീർക്കാവുന്ന ചിത്രമോ ഒരു പുറത്തിൽ പറഞ്ഞുതീർക്കാവുന്ന കഥയോ അല്ലല്ലോ അഹ്‌മദ്‌ സാഹിബിനെപ്പോലുള്ള ആളുകൾ.

അർധവിരാമങ്ങളിൽ അവസാനിക്കുന്ന ഇത്തരം ദുർബല ശ്രമങ്ങളിൽ നിന്ന് പുതിയ തലമുറയുടെ സിരകളിൽ ഒരു മിന്നായമെങ്കിലും പാഞ്ഞാൽ, അതായിരിക്കും ഈ അഭിമുഖത്തിന്റെ ബാക്കിപത്രം!

ഒ.അബ്ദുൾ റഹ്മാൻ എഴുതന്നു

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ചില രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍

(ജീവിതാക്ഷരങ്ങള്‍-14 / ഒ. അബ്ദുര്‍റഹ്മാന്‍)

മുസ്‌ലിംലീഗിലെ പിളര്‍പ്പില്‍ ഇടപെട്ട ചില അനുഭവങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്. മുസ്‌ലിംലീഗിലെ ഒന്നാമത്തെ പിളര്‍പ്പ് എഴുപതുകളുടെ തുടക്കത്തില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി പൊട്ടിപ്പുറപ്പെട്ടതാണല്ലോ. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മരുമകന്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെ തഴഞ്ഞ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് പാണക്കാട് പൂക്കോയ തങ്ങളെ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയി അവരോധിച്ചത് ഇഷ്ടപ്പെടാതിരുന്ന എം.കെ ഹാജി, സി.പി ചെറിയ മമ്മുക്കേയി, പി.എം അബൂബക്കര്‍, മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍ മുതല്‍ പേര്‍ പാര്‍ട്ടി വിട്ട് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപവത്കരിച്ചതോടെ പിളര്‍പ്പ് പൂര്‍ണമായി. തുടര്‍ന്ന് അരങ്ങേറിയ 'യുദ്ധം' സഭ്യതയുടെയും മാന്യതയുടെയും സകല സീമകളും ലംഘിക്കുന്നതായിരുന്നു. അക്കാലത്ത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബ് കേരളത്തില്‍ വന്ന് ഇരുവിഭാഗം ലീഗ് നേതാക്കളെയും സന്ദര്‍ശിച്ച് സവിസ്തരമായ ചര്‍ച്ചകള്‍ നടത്തി അനുരഞ്ജന സാധ്യതകള്‍ ആരായുകയുണ്ടായി. പക്ഷേ, ഫലം നാസ്തി. ഐ.യു.എം.എല്‍ യു.ഡി.എഫിലും എ.ഐ.എം.എല്‍, എല്‍.ഡി.എഫിലും ഘടകങ്ങളായത് പുനഃസംയോജനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മുസ്‌ലിം ലീഗിന്റെ ഊട്ടി പ്രമേയപ്രകാരമാണെന്ന് യൂനിയന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് അവകാശപ്പെട്ടുവെന്ന് മാത്രമല്ല, അഖിലേന്ത്യ ലീഗിന്റെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനും ലീഗ് ഉദ്യുക്തമായി. '77-ലെ പൊതുതെരഞ്ഞെടുപ്പില്‍ ആരെയും ലോക്‌സഭയിലേക്കയക്കാന്‍ അഖിേലന്ത്യാ ലീഗിന് സാധിച്ചില്ലെങ്കിലും പിന്നീട്  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നു, നാലംഗ അഖിലേന്ത്യാ ലീഗ് അസംബ്ലി പാര്‍ട്ടി നേതാവ് പി.എം അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രിയുമായി. 1987-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് രാഷ്ട്രീയ ലക്ഷ്യത്തോടെ അഴിച്ചുവിട്ട ശരീഅത്ത്‌വിരുദ്ധ കാമ്പയിന്‍ വേണ്ടിവന്നു മുസ്‌ലിംലീഗുകളുടെ പുനരേകീകരണത്തിന്. നിരുപാധികമായിരുന്നു ലീഗുകാരുടെ ലയനം.  

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായിരുന്നു മുസ്‌ലിംലീഗിലെ രണ്ടാം പിളര്‍പ്പ്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥയും കൃത്യവിലോപവുമാണ് ഇന്ത്യന്‍ സെക്യുലരിസത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ക്കാന്‍ ഇടവരുത്തിയതെന്ന സത്യം മുന്‍നിര്‍ത്തി കേരളം ഭരിച്ചിരുന്ന യു.ഡി.എഫുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം വിഛേദിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടത് ചെവിക്കൊള്ളാന്‍ സംസ്ഥാന ഘടകം തയാറായില്ല. ഗുരുവായൂര്‍ മണ്ഡലത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് എം.എല്‍.എ പി.എം അബൂബക്കര്‍ സേട്ടുവിന്റെ ഒപ്പംനിന്ന് നിയമസഭാംഗത്വം രാജിവെച്ചതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോണ്‍ഗ്രസ് കാട്ടിയ നന്ദികേടിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന നിലയിലെങ്കിലും മുസ്‌ലിംലീഗ് യു.ഡി.എഫ് വിടണമെന്ന വികാരത്തോടൊപ്പമായിരുന്നു മാധ്യമവും. മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്നതുകൊണ്ട് അണികളില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം നിന്നു. ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിയെ തോല്‍പിച്ച് സി.പി.എം സ്വതന്ത്രന്‍ പി.ടി കുഞ്ഞുമുഹമ്മദ് നിയമസഭാംഗമായെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ ലീഗ് നേതൃത്വം ഒരുക്കമായിരുന്നില്ല. മാത്രമല്ല, സേട്ട് സാഹിബിനെ ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനാണ് പാര്‍ട്ടിയില്‍ കരുനീക്കം നടന്നത്. അന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം മുഹമ്മദ് ബനാത്ത് വാലയെ വശത്താക്കി നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാനും അദ്ദേഹത്തെ പ്രസിഡന്റാക്കാനുമാണ് പി.കെ കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ സഫലയത്‌നം നടത്തിയത്. ദല്‍ഹിയില്‍ ചേര്‍ന്ന നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സേട്ടിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധത്തെ സേട്ട് സാഹിബ് എതിര്‍ത്തു എന്നതായിരുന്നു ആരോപണങ്ങളില്‍ ഒന്ന്. കുറ്റപത്രം അംഗീകരിക്കപ്പെട്ടു. സേട്ട് സാഹിബിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കി. പകരം ബനാത്ത്‌വാല പ്രസിഡന്റുമായി. എന്നാല്‍, സേട്ടിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയില്ല. അദ്ദേഹത്തെ രക്ഷാധികാരിയായി നിലനിര്‍ത്താനായിരുന്നു നീക്കം. അത് സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍, പി.എം അബൂബക്കറിന്റെ സമ്മര്‍ദംമൂലം സേട്ട് പിന്മാറി. എന്നാല്‍, സേട്ട് സാഹിബിനെ മുസ്‌ലിംലീഗില്‍നിന്ന് പുറത്തുചാടിച്ചത് മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് വ്യാപകമായ പ്രചാരണം നടന്നു. സത്യത്തില്‍ മാധ്യമത്തിനോ ജമാഅത്തിനോ അതിലൊരു പങ്കും ഇല്ലായിരുന്നു. അദ്ദേഹം മുസ്‌ലിംലീഗില്‍ നിന്നു കൊണ്ടുതന്നെ വിശാല സമുദായതാല്‍പര്യങ്ങള്‍ക്കുവേണ്ടി പൊരുതണമെന്ന ഞങ്ങളുടെ അഭിപ്രായം യഥാസമയം അദ്ദേഹത്തെ അറിയിച്ചിരുന്നതാണ്.

മുസ്‌ലിം ലീഗ് പിളര്‍ന്നു. ഇബ്‌റാഹീം സുലൈമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡന്റും പി.എം അബൂബക്കര്‍, എന്‍.എ നെല്ലിക്കുന്ന്, ചെറിയ മമ്മുക്കേയിയുടെ സീമന്ത പുത്രന്‍ എസ്.എ പുതിയവളപ്പില്‍, പി.എം.എ സലാം മുതലായവര്‍ ഭാരവാഹികളുമായി ഇന്ത്യന്‍ നാഷ്‌നല്‍ ലീഗ് നിലവില്‍ വന്നു. അതുമായി ധാരണയിലേര്‍പ്പെടാന്‍ സി.പി.എം തയാറായെങ്കിലും എല്‍.ഡി.എഫിന്റെ ഘടകമാക്കാന്‍ മടിച്ചു. അവരുടെ നിര്‍ദേശപ്രകാരമായിരുന്നു പേരില്‍ മുസ്‌ലിം ചേര്‍ക്കാത്ത മറ്റൊരു ലീഗ് രൂപീകൃതമായതുതന്നെ. പൂര്‍ണമായും മതേതര സ്വഭാവത്തോടു കൂടിയ ഭരണഘടനയാണ് ഐ.എന്‍.എല്‍ അംഗീകരിച്ചതും. ഒരു ഘട്ടത്തില്‍ ഇ.എം.എസ് 'ചിന്ത'യിലെ തന്റെ കോളത്തില്‍, ഗാന്ധിജിയും സേട്ടിനെ പോലുള്ള മതമൗലികവാദി ആയിരുന്നെന്ന് എഴുതിയത് പാര്‍ട്ടിക്കകത്തും പുറത്തും അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായി. ഇടക്ക് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിലെ പി.എം.എ സലാം സ്വതന്ത്ര സ്ഥാനാര്‍ഥിയായി സി.പി.എം പിന്തുണയോടെ ജയിച്ചുവെങ്കിലും പിന്നീട് മുസ്‌ലിംലീഗ്-ഐ.എന്‍.എല്‍ ലയനത്തോടെ അദ്ദേഹവും എന്‍.എ നെല്ലിക്കുന്ന് മുതല്‍ പേരും മാതൃസംഘടനയിലേക്ക് തിരിച്ചുപോയി. പിന്നെയും ബാക്കിയായവരാണ് ഇടതുമുന്നണിയില്‍ ഏറെ വൈകി ഇപ്പോള്‍ പ്രവേശനം നേടിയിരിക്കുന്നത്. സേട്ട് സാഹിബ് ജീവിച്ചിരിക്കുേമ്പാള്‍ തന്നെ മുസ്‌ലിംലീഗിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തെളിഞ്ഞിരുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി ലീഗ് നേതൃത്വവുമായി കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകളില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിന് ടി.കെ അബ്ദുല്ല സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരോടൊപ്പം ഞാനുമടങ്ങിയ സംഘം പരമാവധി സമ്മര്‍ദം ചെലുത്തി. പി.കെ കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി, അബ്ദുസ്സമദ് സമദാനി മുതല്‍ പേരാണ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചത്. മുസ്‌ലിം ലീഗിന് താമസിയാതെ ലഭിക്കാനിടയുള്ള രാജ്യസഭ സീറ്റ് സേട്ടുവിന് നല്‍കാമെന്ന് സമ്മതിച്ചാല്‍ ബാക്കിയൊക്കെ ലളിതമായി പരിഹരിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉടനെ അതിനോട് യോജിച്ചു. എന്നാല്‍, 'അങ്ങനെയൊന്നും ഉറപ്പുനല്‍കാന്‍ ഇപ്പോള്‍ പറ്റില്ല കുഞ്ഞാലിക്കുട്ടീ' എന്ന കൊരമ്പയിലിന്റെ പ്രതികരണം ചര്‍ച്ച വഴിമുട്ടിച്ചു. പിന്നെ കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഞാന്‍ ടി.കെയോട് ചോദിച്ചു; 'അഹമ്മദാജി പറഞ്ഞതിന്റെ പൊരുള്‍ താങ്കള്‍ക്ക് പിടികിട്ടിയോ?' ടി.കെ പറഞ്ഞു: 'ഇല്ല, എന്താണത്?' 'എന്നുവെച്ചാല്‍ അടുത്ത രാജ്യസഭ എം.പി അദ്ദേഹമായിരിക്കും എന്ന്.' അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴൊക്കെ സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണക്കായി സമീപിക്കാറുണ്ടെന്ന് പ്രത്യക്ഷത്തില്‍ എത്ര നിഷേധിച്ചാലും അനിഷേധ്യവസ്തുതയാണ്. പലപ്പോഴും ഉത്തരവാദപ്പെട്ടവര്‍ എന്നെയാണ് വിളിക്കുക. 'മാധ്യമ'ത്തിന്റെ എഡിറ്ററായതുകൊണ്ടാവാം അത്. ഞാന്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെടുകയും നേതാക്കളുമായി സംവദിക്കാനുള്ള സ്ഥലവും തീയതിയും സമയവും നിശ്ചയിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്യും. കോണ്‍ഗ്രസ്സില്‍നിന്ന് എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, എം.ഐ ഷാനവാസ് എന്നിവരും മുസ്‌ലിംലീഗില്‍നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, കെ.പി.എ മജീദ്, അബ്ദുസ്സമദ് സമദാനി തുടങ്ങിയവരുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക. ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് അതത് കാലത്തെ കേരള ഘടകം അമീറുമാരും ടി.കെ അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരും പിന്നെ ഞാനുമുണ്ടാവും. സി.പി.എമ്മില്‍നിന്ന് സി.പി ബാലന്‍ വൈദ്യരാണ് പ്രാരംഭ സംഭാഷണങ്ങള്‍ക്ക് വരുക. പിന്നീട് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എളമരം കരീം തുടങ്ങിയവരുമുണ്ടാകും. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്.ക്യു.ആര്‍ ഇല്യാസ്, സിദ്ദീഖ് ഹസന്‍ എന്നിവരോടൊപ്പം ഞാനും ദല്‍ഹിയിലെ എ.കെ.ജി സെന്ററില്‍ വെച്ച് സി.പി.എമ്മിന്റെ ദേശീയ നേതാക്കളില്‍ എസ്. രാമചന്ദ്രന്‍ പിള്ളയടക്കം ചിലരുമായി സുദീര്‍ഘ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫാഷിസ്റ്റ് മുന്നണിയെ തോല്‍പിക്കാനുള്ള തന്ത്രങ്ങളായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. കൂട്ടത്തില്‍ കേരളത്തില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഈ ചര്‍ച്ചകളുടെയെല്ലാം സംക്ഷിപ്ത റിപ്പോര്‍ട്ട് ജമാഅത്ത് ശൂറയുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുകയും അന്തിമതീരുമാനങ്ങളില്‍ അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തുകയും ചെയ്യും. വോട്ട്ബാങ്ക് എന്ന ഒന്ന് ജമാഅത്തിനില്ല, അഥവാ വളരെ പരിമിതമാണ്. പരിമിത സ്വാധീനം ജമാഅത്ത് പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വേണ്ടി കാമ്പയിനിലൂെട വര്‍ധിപ്പിക്കാനും സംഘടന മെനക്കെടാറില്ല. എന്നിട്ടും ജമാഅത്തിന്റെ പിന്തുണക്കുവേണ്ടി പാര്‍ട്ടികള്‍ നേതൃത്വത്തെ സമീപിക്കാറ് അതിന്റെ ധാര്‍മിക ശക്തി മുന്‍നിര്‍ത്തിയാണ്. 'മാധ്യമ'ത്തിന്റെ പിന്തുണ ഏറെ വിലെപ്പട്ടതായി കരുതപ്പെടാറുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളില്‍ തീര്‍ത്തും നിഷ്പക്ഷമായിരിക്കണം പത്രത്തിന്റെ നിലപാടെന്നത് സുചിന്തിത നയമാണ്. കഴിഞ്ഞേടത്തോളം അത് സത്യസന്ധമായി പാലിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, സംഘ് പരിവാറിനെ പരാജയപ്പെടുത്തുക എന്നതും നയത്തിന്റെ ഭാഗമായതുെകാണ്ട് വാര്‍ത്തയിലെ നിഷ്പക്ഷത കൈയൊഴിക്കാതെത്തെന്ന, മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവന്നിട്ടുണ്ട്.

ആശയപരമായും വീക്ഷണപരമായും നിലപാടുപരമായും സംഘ് പരിവാറിനോടുള്ള മൗലിക വിയോജനം നിലനില്‍ക്കെ അവരില്‍ ചിലരുമായി വ്യക്തിപരമായ അടുപ്പം നിലനിര്‍ത്തിവന്നിട്ടുണ്ട്. മാധ്യമം ആരംഭിച്ച കാലത്ത് കെ.ജി മാരാരായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍. അദ്ദേഹം ഇടക്കിടെ ഡസ്‌കില്‍ വരികയും നര്‍മോക്തി കലര്‍ന്ന സംഭാഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ വ്യക്തിപരമായി കൂടുതല്‍ അടുപ്പം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി രണ്ടാമതും നിയുക്തനായ പി.എസ് ശ്രീധരന്‍പിള്ളയുമായി തന്നെ. താന്‍ അടിയുറച്ച സംഘ് പ്രവര്‍ത്തകനാണെന്ന് തുറന്നുപറയുന്ന പിള്ളക്ക് പക്ഷേ, പരിഭവം ആര്‍.എസ്.എസിലെ ചില കര്‍ക്കശവാദികള്‍  അദ്ദേഹത്തിന്റെ മുസ്‌ലിം-ക്രിസ്ത്യന്‍ സുഹൃദ്ബന്ധങ്ങളെ സംശയിക്കുന്നതിലാണ്. ഒട്ടു വളരെയവസരങ്ങളില്‍ ഞങ്ങള്‍ രാഷ്ട്രീയം, മതം, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം വിവരങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒരേസമയം, പ്രഗത്ഭനായ അഭിഭാഷകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമാണല്ലോ ശ്രീധരന്‍പിള്ള. മുസ്‌ലിം സമൂഹത്തില്‍പോലും സ്വീകാര്യത പരിമിതമായ ഒരു സംഘടനയുടെ പിന്‍ബലമാണ് 'മാധ്യമ'ത്തിനുള്ളതെങ്കിലും അത് ഇത്രയേറെ സ്വാധീനം നേടിയതിന്റെ രസതന്ത്രമാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന വിഷയങ്ങളിലൊന്ന്. പലപ്പോഴും 'മാധ്യമ'ത്തിന്റെ നിലപാടു പേജില്‍ എഴുതിയ അദ്ദേഹത്തിന് പക്ഷേ, പത്രം തുടക്കത്തില്‍ കാണിച്ച ആര്‍ജവം പില്‍ക്കാലത്ത് നഷ്ടപ്പെട്ടു എന്ന അഭിപ്രായമുണ്ട്. മീഡിയവണ്‍ ചാനല്‍ താരതമ്യേന നിഷ്പക്ഷത പുലര്‍ത്തുന്നു എന്ന അഭിപ്രായം പല ബി.ജെ.പി നേതാക്കളും പങ്കുവെക്കുന്നു. ശ്രീധരന്‍പിള്ളയുടെ 'വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ്' എന്ന വേദി പല ചര്‍ച്ചകള്‍ക്കും എന്നെ ക്ഷണിക്കുകയും എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരം അനുവദിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ കൊടിയത്തൂരില്‍ നടത്തിവരുന്ന വാദിറഹ്മ അല്‍ ഇസ്‌ലാഹ് അനാഥശാലയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിലേക്ക് ഒരിക്കല്‍ ശ്രീധരന്‍പിള്ള ക്ഷണിക്കപ്പെട്ടിരുന്നു. സ്ഥാപനത്തെക്കുറിച്ച് വേണ്ടത്ര ചോദിച്ചറിഞ്ഞതിനുശേഷം മതിേപ്പാടെയാണ് അേദ്ദഹം മടങ്ങിയത്. പിന്നീടൊരിക്കല്‍ താന്‍ പ്രതിമാസം ഒരു തുക മറ്റൊരാളുടെ പേരില്‍ അനാഥശാലക്ക് അയച്ചുകൊണ്ടിരുന്നതായി പിള്ള എന്നോട് പറയുകയുണ്ടായി. പക്ഷേ, മിതവാദിയും മതേതരനുമായറിയപ്പെട്ട എ.ബി വാജ്‌പേയിയെപ്പോലും നിശ്ശബ്ദനാക്കാന്‍ സാധിച്ച സംഘ് പരിവാറിന് ശ്രീധരന്‍പിള്ളയെപ്പോലുള്ളവരെ ഹിന്ദുത്വ മുഖ്യധാരയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിച്ചു എന്നതാണ് ഏറ്റവും ഒടുവിലത്തെ അനുഭവം.

ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തേക്ക് കാല്‍വെച്ചതിന്റെ അമ്പതാം വാര്‍ഷികത്തില്‍ (2014) നാട്ടുകാര്‍ ഒരു പൗരസ്വീകരണം ഒരുക്കിയിരുന്നു. ആശയപരമായി ഞാന്‍ നിരന്തരം ഏറ്റുമുട്ടി വന്നവരായിരുന്നു അനുമോദകരില്‍ മുഖ്യാതിഥികള്‍ എന്നതായിരുന്നു ചടങ്ങിന്റെ പ്രസക്തി. ഹമീദ് ചേന്ദമംഗല്ലൂര്‍, എം.എന്‍ കാരശ്ശേരി, പി.എസ് ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ എടുത്തുപറയണം. ഒ. അബ്ദുല്ല, ടി.പി.ചെറൂപ്പ എന്നിവരും ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

(തുടരും)

Comments

സേട്ട് സാഹിബ്

ജീവിതം പോരാട്ടമാക്കിയ സേട്ട് സാഹിബ്

    

 

പി.എ. മഹ്ബൂബ്

ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി അവിശ്രാന്തം യത്‌നിച്ച മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് വിടവാങ്ങിയിട്ട് 12 വര്‍ഷം തികയുകയാണിന്ന്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അമരക്കാരനെന്നനിലയില്‍ ലോക മുസ്‌ലിം വേദികളില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നു അദ്ദേഹം. ഏതു വിഷയത്തിലും സ്വന്തമായ അഭിപ്രായം ഏത് വേദിയിലും പ്രൗഢോജ്വലമായി അവതരിപ്പിക്കുന്ന സേട്ട് സാഹിബ് ലളിത ജീവിതത്തിനുടമയായിരുന്നു. 83 വര്‍ഷം നീണ്ട ജീവിതം ആദര്‍ശ സംരക്ഷണത്തിനായുള്ള നിരന്തര സമരമായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ഖാഇദേമില്ലത്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ അധ്യക്ഷനായിരുന്നു മഹ്ബൂബെ മില്ലത്ത് ഇബ്രാഹിംസുലൈമാന്‍ സേട്ട്. 1973 മുതല്‍ 1994വരെ അദ്ദേഹം തുടര്‍ച്ചയായി അധ്യക്ഷപദവി അലങ്കരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി മുപ്പത്തഞ്ച് വര്‍ഷക്കാലം മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു. 2005 ഏപ്രില്‍ 27ന് ബാംഗ്ലൂരില്‍ ആ സമരജീവിതം അവസാനിച്ചു.
വിദ്യാര്‍ത്ഥികാലം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും തുടങ്ങി. ബന്ധുവും സര്‍വ്വേന്ത്യാ മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സത്താര്‍ സേട്ട് സാഹിബാണ് രാഷ്ട്രീയ ഗുരു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകരണം മുതല്‍ സജീവ പ്രവര്‍ത്തകനായി. മൈസൂര്‍ സിറ്റി എം.എസ്.എഫ്. കണ്‍വീനറായിരിക്കെ 1943ല്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ മലബാര്‍ ജില്ലാ സമ്മേളനത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് സമുന്നത നേതാവായ മഹാനായ കെ.എം. സീതി സാഹിബായിരുന്നു. സത്താര്‍ സേട്ടിന്റെയും മറ്റും നിഴലായി വിദ്യാര്‍ത്ഥി കാലംമുതലേ പ്രവര്‍ത്തിച്ചതിനാല്‍ തലയെടുപ്പുള്ള എല്ലാ നേതാക്കളുമായും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും ഇബ്രാഹിം സുലൈമാന്‍ സേട്ടിന് ചെറുപ്രായത്തിലേ കഴിഞ്ഞു.
1934ല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്ക് മലബാര്‍ ഉള്‍പ്പെട്ട വെസ്റ്റ് കോസ്റ്റ് മണ്ഡലത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെതിരെ മത്സരിച്ച അബ്ദുല്‍ സത്താര്‍ സേട്ട് സാഹിബിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇബ്രാഹിം സുലൈമാന്‍ സേട്ടുണ്ട്. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് രൂപീകരണ സമ്മേളനകാലത്ത് സേട്ട് സാഹിബിന്റെ കുടുംബം മംഗലാപുരത്തായിരുന്നു. സത്താര്‍ സേട്ട് സെന്‍ട്രല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുയര്‍ന്നു. ഇക്കാലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ രാഷ്ട്രീയ പ്രചോദകര്‍ കെ.എം. സീതി സാഹിബും സത്താര്‍ സേട്ടുമായിരുന്നു.
കച്ച് മേമന്‍കുടുംബത്തില്‍ 1922 നവംബര്‍ മൂന്നിന് ബാംഗ്ലൂരിലാണ് ജനനം. വസ്ത്ര വ്യാപാരിയായിരുന്ന മുഹമ്മദ് സുലൈമാന്‍ സേട്ടിന്റെയും തലശ്ശേരി സ്വദേശിനി സൈനബ് ഭായിയുടെയും മകന്‍. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദം നേടിയ പിതാവ് മുഹമ്മദ് സുലൈമാന് ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ പിതാവ് മരണപ്പെട്ടു. ഇതോടെ സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ട ബാല്യമായിരുന്നു. തലശ്ശേരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂര്‍ സെന്റ് ജോസഫ്‌സ് കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്നു.
1943ല്‍ ബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കോലാറിലെ റോബര്‍ട്ട് സണ്‍പെട്ട് കെ.ജി.എഫ്. ഗവ. കോളജ്, മൈസൂരിലെ മേലാപ്പ് മാരെയ് ഗവണ്‍മെന്റ് കോളജ്, ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥരുടെ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു മുഖ്യശ്രദ്ധ. ഇതോടെ താല്‍ക്കാലിക ജോലികള്‍ ഉപേക്ഷിച്ചു.
മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടാണ് മുഴുവന്‍ സമയ രാഷ്ട്രീയ രംഗത്തേക്ക് പ്രേരിപ്പിച്ചത്. ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ വിദ്യാര്‍ത്ഥികാലംമുതലേ ശ്രദ്ധേയനായ പ്രസംഗകനായിരുന്നു. നല്ല സംഘാടനകനുമായിരുന്നു. ബാംഗ്ലൂര്‍ സെന്റ് ജോസഫ്‌സ് കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സെക്രട്ടറി, അഞ്ചുമന്‍ ഇസ്‌ലാഹുല്‍ ലിസാന്‍ (ഉര്‍ദു) സെക്രട്ടറി തുടങ്ങിയ സംഘടനാ നേതൃത്വം വിദ്യാര്‍ത്ഥിയായിരിക്കെ വഹിച്ചു. ഉര്‍ദു കവിതാ സാഹിത്യം, പ്രസംഗ മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടും. വായനയും യാത്രയും വിപുലമായിരുന്നു. ആയിരക്കണക്കിന് വിലപ്പെട്ട പുസ്തകങ്ങളാണ് സേട്ട് സാഹിബിന്റെ സ്വന്തം ലൈബ്രറി ശേഖരത്തിലുള്ളത്.
നീതി നിഷേധത്തിനും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയും സേട്ട് സാഹിബ് ഉയര്‍ത്തിയ ശബ്ദം വേറിട്ടതായിരുന്നു. മുസ്‌ലിം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് ദേശീയ പ്രശ്‌നമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. മറകൂടാതെ വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകാരികമായി അവതരിപ്പിക്കുന്നതിനിടെ എത്രയോ പ്രസംഗ വേദികളില്‍ അദ്ദേഹം ഗദ്ഗദകണ്ഠനായി കണ്ണുനീര്‍ തുടക്കുന്നത് കാണാമായിരുന്നു.
വിശ്രമരഹിതമായിരുന്നു ആ ജീവിതം. ഇന്ത്യന്‍ മുസ്‌ലിംകളുടെ ദുരവസ്ഥക്ക് പരിഹാരത്തിനായി പാര്‍ലമെന്റിലും പ്രധാനമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുമ്പാകെയും അദ്ദേഹം ന്യായയുക്തമായ വാദമുഖങ്ങളില്‍ വിഷയമവതരിപ്പിക്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പൊരുതുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്ന കുതന്ത്രങ്ങള്‍ ഇന്നും സ്വതന്ത്രഭാരതത്തിലും തുടരുകയാണ്. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ഇല്ലാതാക്കി സമസ്ത മേഖലയിലും ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്നതില്‍ അദ്ദേഹത്തിന്റെ മനംനൊന്തു.
നിഷ്‌കളങ്കമായിരുന്നു ആ മനസ്സ്. സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ സേട്ട് സാഹിബിന് ഒന്നും തടസ്സമായില്ല. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1973ലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. മുസ്‌ലിംലീഗ് അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി 21 വര്‍ഷം ഉണ്ടായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി (1960-61), സംസ്ഥാന വൈസ് പ്രസിഡന്റ് (1961-62), ദേശീയ ജനറല്‍ സെക്രട്ടറി (1962-73) എന്നീ ഉത്തരവാദിത്തങ്ങള്‍ക്ക് ശേഷമാണ് ദേശീയ അധ്യക്ഷ പദവിയിലെത്തിയത്. 1994ല്‍ നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ അദ്ധ്യക്ഷനായി.
സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം 1960ലാണ്. 1996വരെ തുടര്‍ച്ചയായി അദ്ദേഹം പാര്‍ലമെന്റംഗമായി സേവനമനുഷ്ഠിച്ചു. 1960 മുതല്‍ ’66വരെ രാജ്യസഭാംഗമായി. 1967 മുതല്‍ പരാജയമറിയാതെ ലോക്‌സഭാംഗമായി. കോഴിക്കോട് മണ്ഡലത്തെയാണ് ആദ്യം പ്രതിനിധീകരിച്ചത് (1967). രണ്ടാംതവണയും ഇതേ മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു (1972). തുടര്‍ന്ന് നാല് തവണ മഞ്ചേരിയെ പ്രതിനിധീകരിച്ചു (1977, 1980, 1984, 1989). അടുത്ത തവണ പൊന്നാനി മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത് (1991). പാര്‍ലമെന്റിലെ നിരവധി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അംഗമായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലന്റ്, ലെബനാന്‍, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലമെന്ററി പ്രതിനിധി സംഘാംഗമായി. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ അംഗം, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ (1965-75) സ്ഥാനങ്ങള്‍ വഹിച്ചു. തിരൂരങ്ങാടി യതീംഖാന മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്‌ലിം മജ്‌ലിസെ മുശാവറ, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട്, ദേശീയോദ്ഗ്രഥന സമിതി എന്നിവയില്‍ സജീവമായിരുന്നു. ചന്ദ്രിക പ്രസാധകരായ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ഡയറക്ടറായിരുന്നു.
അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി, ശരീഅത്ത് സംരക്ഷണ നിയമം, ഷാബാനുകേസ്, ബാബ്‌രി മസ്ജിദ്,പ്രശ്‌നം, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ടാഡ കരി നിയമം, അബ്ദുല്‍നാസര്‍ മഅ്ദനിക്ക് നീതി, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിം ലീഗ് അധ്യക്ഷനെന്ന നിലയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് നടത്തിയ പ്രസംഗങ്ങള്‍ വിഖ്യാതമാണ്.
പഠനവും പൊതുപ്രവര്‍ത്തനവും കര്‍ണാടകയിലും തലശ്ശേരിയിലുമാണ്. മട്ടാഞ്ചേരിയിലെ മറിയം ബീഗത്തെ 1949ല്‍ വിവാഹം കഴിച്ചു. 1952 മുതല്‍ വീടുവെച്ച് കൊച്ചിയില്‍ സ്ഥിര താമസമാക്കി. 1954 മുതല്‍ ’59വരെ എറണാകുളം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. കേരള പിറവിയോടെ 1956ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി കെ.എം. സീതി സാഹിബ്, ബി. പോക്കര്‍ സാഹിബ് ഉള്‍പ്പെടെ അഭിഭാഷകരും മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളുമായവര്‍ എറണാകുളത്ത് താമസമാക്കി. വിമോചന സമരകാലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടും സന്തത സഹചാരിയായ അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ടും എറണാകുളം സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സൈക്കിളിലായിരുന്നു അന്നത്തെ സഞ്ചാരവും രാഷ്ട്രീയ പ്രവര്‍ത്തനവും. ഏറെ സൂക്ഷ്മത പാലിച്ച പൊതുജീവിതമായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വാഹനമോ ഇബ്രാഹിം സുലൈമാന്‍ സേട്ടിനുണ്ടായിരുന്നില്ല. സമുദായത്തെ അത്രയധികം സ്‌നേഹിച്ചു. അന്ത്യംവരെ അന്തസോടെ ജീവിച്ചു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ അന്തസുറ്റ ജീവിതത്തിനായി അദ്ദേഹം കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും അദ്ദേഹം ഉണര്‍ത്തി. അതിനായുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. മക്കളോട് ഇക്കാര്യം അന്ത്യ ദിനങ്ങളിലും ഉണര്‍ത്തുമായിരുന്നു. സേട്ട് സാഹിബിന്റെ മക്കളായ സുലൈമാന്‍ ഖാലിദ് ഇപ്പോള്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. ഇളയ മകന്‍ സിറാജ് സുലൈമാന്‍ സേട്ട് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിമാരിലൊരാളാണ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് മകള്‍ തസ്‌നീം ഇബ്രാഹിം.
മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ വിശ്വവീക്ഷണമായിരുന്നു സേട്ട് സാഹിബിന്റേത്. ഏത് വേദിയിലും തലയെടുപ്പോടെ അദ്ദേഹം നിലകൊണ്ടു. ഗള്‍ഫ് രാഷ്ട്രങ്ങളിലും അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം നിരവധി സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുടെ ഉത്തമസുഹൃത്തായിരുന്നു. വിവിധ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരന് പോലും സ്വന്തം കൈപ്പടയില്‍ മനോഹരമായ ഭാഷകളില്‍ സുദീര്‍ഘമായ കത്ത് എഴുതിക്കൊടുക്കുന്നത് സേട്ട് സാഹിബിന്റെ ശൈലിയായിരുന്നു. രാഷ്ട്രത്തലവന്‍മാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഒരേ ഭാവത്തോടെ അദ്ദേഹം കൈപ്പടയില്‍ എഴുതി നല്‍കും. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ തന്റെ ജീവിത കാലത്തെ എല്ലാ പ്രധാനമന്ത്രിമാരുമായും അടുത്തസൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. ജോണ്‍പോള്‍ മാര്‍പാപ്പയുമായും വിവിധ മതനേതാക്കളുമായും വ്യക്തിസൗഹൃദം പുലര്‍ത്തി.
അദ്ദേഹത്തിന്റെ സൗഹൃദവലയം വിപുലമായിരുന്നു. കൊച്ചുകുട്ടികളോടുപോലും അവരുടെ ഭാഷയില്‍ കളിക്കൂട്ടുകാരനെപോലെ അദ്ദേഹം നിഷ്‌കളങ്കമായി ഇടപെട്ടു.

    

2020, ഫെബ്രുവരി 19, ബുധനാഴ്‌ച

ശുക്കൂർ ഓർമ്മകൾ

*ശുക്കൂർ ഓർമ്മകൾ*


 അരിയിൽ. ശുക്കൂർ 
എന്നരി മുല്ല പൂവിന്റെ ഞെട്ടറ്റു വീഴ്ത്തിയില്ലേ
കാപാലികർ ഞെട്ടറ്റു വീഴ്ത്തിയില്ലേ

ഓർക്കുമ്പോൾ. മനമിന്നും തേങ്ങുകയാണ്
അരിയിൽ. ശുക്കുറ്റിന്റെ ഓർമ്മകളിൽ

നാട്ടിൻ നന്മയായി
വഴി വിളക്കായി
വളർന്നൊരു  പയ്യനല്ലേ
ഓർക്കുന്നു നിന്നെ ഞങ്ങൾ


ശുക്കൂർ ചെയ്ത നന്മകൾ
വൻമരമായിന്ന്
തണൽ വിരിച്ചീടുന്നല്ലോ 
എങ്ങും  കുളിർ ക്കാറ്റ് വീശുന്നല്ലോ.

 ഇല്ലില്ല നിന്നോർമ്മകൾക്ക്
മരണമില്ലല്ലോ
പൊന്നു ശുകൂർ


*Musthafa* *machinadukkam*"

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

കാസറഗോഡിന്റെ ടി.ഇ

കാസര്‍കോട്: തങ്ങള്‍ കാത്തിരുന്ന നേതാവ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ അമരത്തെത്തിയതില്‍ കാസര്‍കോട് ജില്ലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുള്ള ആഹ്‌ളാദം ചെറുതല്ല. എതിരാളികള്‍ പോലും സ്‌നേഹിച്ചുപോവുന്ന സൗമ്യത കൊണ്ട് ടി.ഇ. അബ്ദുല്ല എല്ലാവര്‍ക്കും പ്രിയങ്കരനാണ്. വികസന കാഴ്ചപ്പാടുകളും ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളും കൊണ്ട് വാപ്പയുടെ മകന്‍ തന്നെയെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന മുന്‍ എം.എല്‍.എ. ടി.എ. ഇബ്രാഹിമിന്റെ മകന്‍ ടി.ഇ. അബ്ദുല്ലയെ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗമാണ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. എം.സി. ഖമറുദ്ദീന്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമായി പോയതോടെ പാര്‍ട്ടി വൈസ് പ്രസിഡണ്ടായിരുന്ന ടി.ഇ. അബ്ദുല്ല ആക്ടിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയും ഇന്നലത്തെ യോഗത്തില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. പാരമ്പര്യവും നേതൃഗുണവും കൊണ്ട് എല്ലാവരിലും ഒരുപോലെ മതിപ്പുണ്ടാക്കിയ നേതാവാണ് അറുപത്തിരണ്ടുകാരനായ ടി.ഇ.അബ്ദുല്ല.
ചരിത്ര പഠനം ടി.ഇ. അബ്ദുല്ലക്ക് വല്ലാത്തൊരു ഹരമാണ്. പാര്‍ട്ടി ചരിത്രമായാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമായാലും കാസര്‍കോടിന്റെ കഴിഞ്ഞ കാല ചരിത്രമായാലും എല്ലാം ടി.ഇ.ക്ക് ഹൃദിഷ്ടം. തന്റെ പ്രസംഗങ്ങളിലും സുഹൃത് സംഭാഷണങ്ങളിലുമെല്ലാം ടി.ഇ. അബ്ദുല്ല അവ തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാറുണ്ട്. ടി.ഇ യുടെ പ്രസംഗങ്ങള്‍ ഇടിമുഴക്കമല്ല; എന്നാല്‍ കാതലുകളുടെ കടലിരമ്പമുണ്ടാകും അതില്‍. പ്രസംഗങ്ങളിലോ സംസാരങ്ങളിലോ പരിഹാസ വാക്കുകളുണ്ടാവാറില്ല. കടുത്ത പ്രയോഗങ്ങളുമില്ല. കാര്യഗൗരവതരമായ ചുരുങ്ങിയ വാക്കുകള്‍. അതില്‍ ചരിത്രത്തിന്റെ തിരയടികള്‍ ഉണ്ടാവും. ആവേശ പ്രസംഗമല്ല, ശ്രോതാവിന് പഠിക്കാവുന്ന കാര്യങ്ങളാണ് വേണ്ടതെന്ന് ടി.ഇ. സുഹൃത്തുക്കളെ ഉപദേശിക്കാറുണ്ട്. സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ടി.ഇ. അബ്ദുല്ലക്ക് സി.എച്ചിന്റെ നിരവധി പ്രസംഗങ്ങള്‍ ഹൃദിസ്ഥമാണ്. ഏത് കാര്യവും മറവി തൊടാതെ ഓര്‍ത്തിരിക്കാനുള്ള കഴിവ് ടി.ഇ.ക്ക് കിട്ടിയ മറ്റൊരു വരദാനമാണ്. ഏത് വിഷയമാണെങ്കിലും ആധികാരികമായി സംസാരിക്കാനും കൃത്യമായി കൊല്ലവും ദിവസവും വിവരിച്ച് പറയാനും ഓര്‍മ്മയുടെ ഈ വരദാനം അദ്ദേഹത്തിന് വലിയ അനുഗ്രഹമായിട്ടുണ്ട്. മൂന്ന് തവണ കാസര്‍കോട് നഗരസഭയെ ഭരിച്ച(1994-95, 2000-05, 2010-15) നേതാവെന്ന നിലയില്‍ നഗരഭരണ ചട്ടങ്ങളൊക്കെ അദ്ദേഹത്തിന് പച്ചവെള്ളംപോലെയാണ്. ഏത് ചട്ടങ്ങളും ടി.ഇ. പഠിച്ച് വെക്കും. ഓരോ പദ്ധതികള്‍ ആലോചിക്കുമ്പോഴും ഇത് അദ്ദേഹത്തിന് വലിയ അനുഗ്രഹമാവും. ഒരു നഗരസഭക്ക് ലഭിക്കേണ്ട പദ്ധതികള്‍ എന്തൊക്കെയെന്ന് കൃത്യമായി അറിയുകയും അവ നേടിയെടുക്കുകയും ചെയ്യുന്നതില്‍ അഞ്ചുതവണ കാസര്‍കോട് നഗരസഭാ അംഗമായിരുന്ന ടി.ഇ. വിജയിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ടി.ഇ. അബ്ദുല്ല പിന്നീട് യൂത്ത് ലീഗ് തളങ്കര വാര്‍ഡ് സെക്രട്ടറിയായാണ് പാര്‍ട്ടിയില്‍ സജീവമാവുന്നത്. ദീര്‍ഘകാലം അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഘം അംഗമായിരുന്നു. 1988 മുതല്‍ 90 വരെ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും 1990 മുതല്‍ 97 വരെ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.ഇ. അബ്ദുല്ല ചെറിയൊരു കാലയളവ് ഒഴിച്ചാല്‍ 1997 മുതല്‍ ഇരുപത് വര്‍ഷത്തിലധികമായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിക്കുന്ന ടി.ഇ. അബ്ദുല്ല കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ജ്വലിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഏറെയാണ്. അദ്ദേഹം നഗരസഭാ അധ്യക്ഷനായിരുന്ന കാലത്ത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നഗരസഭാ ലൈബ്രറികളുടെ പുരോഗതിക്കും ഏറ്റവും ഒടുവില്‍ തന്റെ ഉറ്റ മിത്രങ്ങളിലൊരാളായ ഡോ. ടി.പി. അഹ്മദലിയുമായി ബന്ധപ്പെട്ട് നഗരസഭാ ലൈബ്രറിയോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള റഫറന്‍സ് ലൈബ്രറി ഒരുക്കുന്നതിലും നടത്തിയ ശ്രമങ്ങള്‍ ഇക്കൂട്ടത്തില്‍ ചിലത് മാത്രം. ദീര്‍ഘകാലമായി കാസര്‍കോട് സാഹിത്യവേദിയുടെ പ്രവര്‍ത്തക സമിതി അംഗമാണ്.
കാസര്‍കോട് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍, സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്മാരുടെ സംഘടനാ ചെയര്‍മാന്‍, ചേമ്പര്‍ വൈസ് പ്രസിഡണ്ട്, സംസ്ഥാന വികസന കൗണ്‍സില്‍ അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, സംസ്ഥാന കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ട് തുടങ്ങി ടി.ഇ. അബ്ദുല്ല വഹിച്ചതും വഹിക്കുന്നതുമായ സ്ഥാനങ്ങളുടെ എണ്ണം നീണ്ടതാണ്. മുന്‍ എം.എല്‍.എ. ആയിരുന്ന വാപ്പ ടി.എ. ഇബ്രാഹിമിന്റെ പാത പിന്തുടര്‍ന്ന് മക്കളില്‍ രാഷ്ട്രീയത്തില്‍ സജീവമായതും തിളങ്ങിയതും ടി.ഇ. അബ്ദുല്ല മാത്രം. ഉമ്മ: സൈനബ ഹജ്ജുമ്മ. ഭാര്യ: സാറ. മക്കള്‍: ഫാത്തിമത്ത് ഹസീന, ഡോ. സൈനബ സഫ്‌വാന, ഖദീജത്ത് റസീന, ആഷിഖ് ഇബ്രാഹിം.

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

വിശ്വപ്രസിദ്ധനായ ഇ അഹമ്മദ്

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്   അദ്ധ്യക്ഷനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ്  സാഹിബിന്റെ ദേഹവിയോഗത്തിന്റെ മൂന്നാണ്ട്  കുറിക്കുമ്പോൾ.     അഹമ്മദ് സാഹിബിന്റെ മൃതദേഹത്തോട് പോലും  അനാദരവും ക്രൂരതയും കാട്ടിയ ഫാഷിസ്റ്റ് ഭരണകൂടം  ദേശം മുഴുവൻ തങ്ങളുടെ ക്രൂര വിനോദം തുടരുമ്പോൾ അഹമ്മദ് സാഹിബിന്റെ ഓർമ്മകൾക്ക്  പ്രസക്തി വർദ്ധിക്കുകയാണ്
 



ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്   അദ്ധ്യക്ഷനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ്  സാഹിബിന്റെ ദേഹവിയോഗത്തിന്റെ മൂന്നാണ്ട്  കുറിക്കുമ്പോൾ.     അഹമ്മദ് സാഹിബിന്റെ മൃതദേഹത്തോട് പോലും  അനാദരവും ക്രൂരതയും കാട്ടിയ ഫാഷിസ്റ്റ് ഭരണകൂടം  ദേശം മുഴുവൻ തങ്ങളുടെ ക്രൂര വിനോദം തുടരുമ്പോൾ അഹമ്മദ് സാഹിബിന്റെ ഓർമ്മകൾക്ക്  പ്രസക്തി വർദ്ധിക്കുകയാണ്

മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ മഹാരഥന്മാരായിരുന്ന ഖായി ദെ മില്ലത്ത് ,ബാ ഫഖി തങ്ങൾ , കെ.എം സീതി സാഹിബ് , ബി പോക്കർ സാഹിബി ,കോട്ടാൽ ഉപ്പി സാഹിബ്  ,പാണക്കാട് പൂക്കോയ തങ്ങൾ 'സേട്ട് സാഹിബ് ,ബനാത്ത് വാല തുടങ്ങിയവരോടൊപ്പം  പ്രവർത്തിക്കുകയും മഹാനായ സി. എച്ചിന്റെ പ്രിയ്യ സഹപ്രവർത്തകനുമായിരുന്നു അഹമ്മദ് സാഹിബ്

കെ.എം സീതി സാഹിബായിരുന്നു  അക്ഷരാർത്ഥത്തിൽ അദ്ധേഹത്തിന്റെ രാഷ്ട്രീയ ഗുരു     എം.എസ്. എഫിന്റെ പ്രഥമ സംസ്ഥാന ജന സെക്രട്ടറിയിൽ നിന്ന്     മുസ്ലിം ലീഗിന്റെ പ്രഥമ കേന്ദ്ര മന്ത്രി പദവി വരെ     വളർന്ന അഹമ്മദ് സാഹിബ്    അദ്ദേഹത്തിന്റെ ജീവിത വഴികളിലുടനീളം കർമ്മ നൈപുണ്യം കൊണ്ട് അടയാളപ്പെടുത്തലുകൾ നടത്തിയ ചരിത്ര പുരുഷനായിരുന്നു    

അന്താരാഷ്ട്ര വേദികളിൽ. മതേതര ഇന്ത്യയുടെ ഉറച്ച വക്താവും  രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം

ഗുജറാത്തും കോയമ്പത്തൂരും ആ സാമും അടക്കമുള്ള കലാപഭൂമികളിൽ നിർഭയനായി കടന്നു ചെന്ന് അധികാരി വർഗ്ഗത്തിന്റെ     ധിക്കാരത്തിനെതിരെ വിരൽ ചൂണ്ടുകയും പതിത ജനകോടികളുടെ   ആശാ കേന്ദ്രമായി മാറുകയും ചെയ്ത  സമുദായ സ്നേഹിയായിരുന്നു

കണ്ണൂരിൽ. നാടിനേയും നാട്ടാരേയം ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം   മലപ്പുറത്തിന്റെ ' രോദനങ്ങൾക്കറുതി വരുത്തിയ.   ജനപ്രതിനിധിയായിരുന്നു     എന്ന് തന്നെ ' പറയാം


കേരളത്തിന്റെ വ്യവസായ മന്ത്രിയായും
ഗ്രാമവികസന ബോഡിന്റെയും സിഡ്ക്കോ യുടേയും ചെയർമാനായും സംസ്ഥാനത്തിന്റെ വികസനത്തിൽ തന്റേതായ. കയ്യൊപ്പ് ചാർത്തുകയുണ്ടായി

ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിനും റയിൽവേ ബജറ്റിൽ അവകാശവും  ഇടവുമുണ്ടെന്ന് തെളിയിച്ച അദ്ദേഹം മാനവ വിഭവശേഷി മന്ത്രാലയത്തിയെ  വളരെ ചെറിയ കാലയളവിലും കേരളത്തിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്  എന്ന് കാണാം

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മയ്യിത്തിന് മുമ്പിൽ വിങ്ങി പൊട്ടിയ അഹമ്മദ്  സീതി സാഹിബിന്റെ വിയോഗത്തിലും    സങ്കടമക്കാനാവാതെ   പൊട്ടി കരഞ്ഞതും ചരിത്രത്തിൽ കാണാം

ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനം പോലും അപ്രാപ്യമെന്ന് കരുതിയ മുസ്ലിം ലീഗിന്റെ പതാകയേന്തി വിശ്വത്തോളം വളർന്ന അഹമ്മദ്  സാഹിബ്  വരും തലമുറക്ക് കൂടി പ്രത്യാശ നൽകുന്ന ചരിത്രത്തിന്റെ ഉടമയായി നമുക്ക് വായിക്കാം

സർവ്വ ശക്തനായ. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതവും ശോഭനമാക്കട്ടെ എന്ന് പ്രാർത്ഥിക്കാം




മുസ്തഫ മച്ചിനടുക്കം