ഈ ബ്ലോഗ് തിരയൂ

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഇ. അഹമ്മദ് (78)

ഇ. അഹമ്മദ് (78)

സ്വന്തം ലേഖകൻ February 02, 2017 12:54 AM IST

∙ വ്യാപാരിയായിരുന്ന ഓവിന്റകത്ത് വീട്ടിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി 1938 ഏപ്രിൽ 29നു കണ്ണൂരിൽ ജനിച്ചു. 2008 മുതൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്. 

∙ തലശ്ശേരി ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിൽ പഠനം. 

ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ നേതൃനിരയിൽ. 

∙ 1967ൽ കണ്ണൂർ നിയമസഭാ സീറ്റിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ കണ്ണൂരിൽ പരാജയപ്പെട്ടു. പിന്നീട് 1977ൽ കൊടുവള്ളിയിൽനിന്നും അതിനുശേഷം തുടർച്ചയായി മൂന്നുതവണ താനൂരിൽനിന്നും എംഎൽഎ ആയി. 1982 മുതൽ 1987 വരെ സംസ്ഥാന വ്യവസായ മന്ത്രി. 

∙ 1991ൽ മഞ്ചേരിയിൽനിന്ന് ആദ്യ ലോക്സഭാ പോരാട്ടം. 1991, 1996, 1998, 1999, 2004, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലെത്തി. 1991 മുതൽ 1999 വരെ മഞ്ചേരിയിൽ. 2004ൽ പൊന്നാനിയിൽനിന്നാണു മൽസരിച്ചത്. 2009ലും 2014ലും മൽസരിച്ചത് മഞ്ചേരി പേരുമാറ്റി പുനർനിർണയിക്കപ്പെട്ട മലപ്പുറം മണ്ഡലത്തിൽനിന്ന്. 

∙ 2004ൽ ഒന്നാം യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായി. മുസ്‌ലിം ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രിസ്ഥാനമായിരുന്നു ഇത്. രണ്ടാം യുപിഎ മന്ത്രിസഭയിൽ വിവിധ കാലയളവുകളിലായി റെയിൽവേ, വിദേശകാര്യം, മാനവശേഷി വികസന വകുപ്പുകളിൽ സഹമന്ത്രിയായി. പാർലമെന്ററി അഷുറൻസ് കമ്മിറ്റി, ഫുഡ് മാനേജ്‌മെന്റ് കമ്മിറ്റി ഉൾപ്പെടെ വിവിധ സമിതികളുടെ അധ്യക്ഷനായി.

 ∙ 1991 മുതൽ 2014 വരെയുള്ള വിവിധ കാലങ്ങളിൽ ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഐക്യരാഷ്‌ട്ര സംഘടനയിൽ അഹമ്മദ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ‘ഇന്ത്യാസ് വോയ്‌സ് അറ്റ് യുണൈറ്റഡ് നേഷൻസ്’ എന്ന പുസ്‌തകം. 

∙ കണ്ണൂർ നഗരസഭാധ്യക്ഷൻ (1981–1983), സംസ്‌ഥാന റൂറൽ ഡവലപ്‌മെന്റ് ബോർഡ് ചെയർമാൻ, സിഡ്‌കോ ചെയർമാൻ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചു. വിദ്യാർഥിയായിരിക്കെ ചന്ദ്രിക പത്രത്തിന്റെ ലേഖകനായിരുന്നു. പിന്നീടു ചന്ദ്രികയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായി. 

റെക്കോർഡുകൾ 

∙ ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായ മലയാളി – 3650 ദിവസം. മൻമോഹൻ സിങ്ങിന്റെ ഒന്നാം മന്ത്രിസഭയിൽ 2004 മേയ് 22നു സത്യപ്രതിജ്‌ഞ ചെയ്‌ത അഹമ്മദ് 2009 മേയ് 22 വരെ സഹമന്ത്രിയായിരുന്നു. ആറു ദിവസത്തെ ഇടവേളയ്‌ക്കുശേഷം 2009 മേയ് 28നു വീണ്ടും സഹമന്ത്രിയായ അദ്ദേഹം 2014 മേയ് 26 വരെ ആ സ്ഥാനത്തു തുടർന്നു. 

∙ 2014ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്ന് അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. 

∙ 2004ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനു ലഭിച്ച ഏക സീറ്റ് അഹമ്മദ് ജയിച്ച പൊന്നാനിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ