*ആദർശ ശാലിയായ*
*പടനായകൻ*
✍🏻 *മുസ്തഫ മച്ചിനടുക്കം*
മഹത്തായ പൈതൃകത്തിന്റെ സര്‍വ സംശുദ്ധിയോടെയും ജീവിച്ച്, ആറുപതിറ്റാണ്ടുകാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന്
പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. സംഘടനയും സമുദായവും പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അസാധാരണമായ നേതൃവൈഭവത്തോടെ, അചഞ്ചലനായി, ധീരചിത്തനായി മുന്നില്‍ നിന്നു നയിച്ചു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍.
പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍പോലും നാട്ടില്‍ ദുര്‍ലഭമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്ര ബിരുദം നേടി കീര്‍ത്തിയാര്‍ജിച്ച ഡോക്ടര്‍ സയ്യിദ് ഹാഷിം ബാഫഖിയുടെ പുത്രനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവിയടക്കം വഹിച്ച്, ദേശീയരാഷ്ട്രീയത്തില്‍ ഖ്യാതി നേടിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീപുത്രനുമായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ആ രണ്ടു മഹനീയ ധാരയുടെയും യഥാര്‍ത്ഥ പ്രതീകമായി. 1930 കളുടെ രണ്ടാംപകുതിയില്‍ ഉപരിപഠനത്തിനായി മക്കയില്‍പോയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിരിച്ചെത്തിയശേഷം 1942ല്‍ രാഷ്ട്രീയരംഗത്ത് സജീവമായി. മുസ്‌ലിം വിദ്യാര്‍ത്ഥി, യുവജന സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.
1967 മുതല്‍ 77 വരെ കേരള നിയമസഭയിലംഗം. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗത്വം മുതല്‍ സംഘടനയുടെ മുന്‍നിര നേതൃത്വത്തില്‍.മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡൻ്റ് ,കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മൂന്നുതവണ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലും മത, സാമൂഹിക വിദ്യാഭ്യാസ സംഘടനാ രംഗങ്ങളിലും നേതൃപദവി.
സംഘടനാ പ്രവര്‍ത്തനമധ്യേ വിമോചന സമരത്തിലും അടിയന്തരാവസ്ഥയിലും ജയില്‍വാസം. സമുദായത്തിനും സംഘടനക്കുമായി ആയുരാരോഗ്യമത്രയും സമര്‍പ്പിച്ചിട്ടും അവകാശവാദങ്ങളില്ലാത്ത, ബഹളമയമായ സംഭാഷണങ്ങളില്ലാത്ത, കളങ്കരഹിതമായ, സൗമ്യദീപ്തമായ സാന്നിധ്യമായിരുന്നു അത്.
വിനയവും ലാളിത്യവും ജീവിതമുദ്രയാക്കിയ ആദര്‍ശശാലിയായ പടനായകനായി ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നാമം. ജീവിതയാത്രയില്‍ ആര്‍ജിച്ച അറിവും അനുഭവങ്ങളും പുതിയ തലമുറകള്‍ക്കായി നിധിപോലെ കൈമാറിയ നേതാവ്.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രശസ്തരായ ജാമാതാക്കളിരുവരും (സയ്യിദ് ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും) അടുത്ത വര്‍ഷങ്ങളിലായി വിടപറഞ്ഞതും ആഗസ്ത് ഒന്നിന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ