ഈ ബ്ലോഗ് തിരയൂ

2020, ജൂലൈ 14, ചൊവ്വാഴ്ച

കാപഠ്യമറിയാത്ത 'ബി.വി*

*കാപഠ്യമറിയാത്ത 'ബി.വി*





ജൂലൈ 15.  ലീഗ് രാഷ്ടീയത്തിലെ പ്രഗത്ഭരായ 'രണ്ട്  നേതാക്കളുടെ   ജനന മരണങ്ങൾ കൊണ്ട് അനുസ്മരിക്കപ്പെടേണ്ട. ദിനമാണ്   

അതും  രണ്ട് കോയ മാർ എന്നത് കൗതുകകരവുമാകുന്നു


1927 ജൂലൈ 15. മഹാനായ. സി.എച്ചിന്റെ  ജന്മദിനമാണെങ്കിൽ

സി.എച്ചിനെ  കുറിച്ച് ആദ്യം എന്റെ അനുയായിയും ,പിന്നീടെന്റെ സഹപ്രവർത്തകനും ,ശേഷമെന്റ നേതാവുമായിരുന്ന. വ്യക്തിയെന്നു    വിശേഷിപ്പിച്ച  ബി.വി അബ്ദുല്ലക്കോയ 'സാഹിബിന്റെ   മരണവും  ഒരു ജൂലൈ 15 നായിരുന്നു
 ബി.വി. അബ്ദുല്ലക്കോയ  മുസ്ലിം ലീഗില്‍ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും അധ്യക്ഷപദം ഏറെക്കാലം വഹിച്ച ബി.വി സംസ്ഥാന ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലും വൈസ് പ്രസിഡന്‍റ് സ്ഥാനത്തും കുറേക്കാലം ഉണ്ടായ നേതാവാണ്.
 1967 മുതല്‍ 1997 വരെ രാജ്യസഭാംഗമായി വിടവാങ്ങിയതിനു പിറ്റേ വര്‍ഷം 1998 ലാണ് നിര്യാതനായത്. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത എം.പി എന്ന ബഹുമതിയോടെ. 118 സെഷനില്‍ ഹാജരായ ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവ് ഭൂപേശ് ഗുപ്തയുടെ റെക്കോഡാണ് അബ്ദുല്ലക്കോയ മറികടന്നത്.
അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന  ബി.വിയുടെ  വിയോഗത്തിന്റെ ഇരുപത്തിരണ്ട് വർഷം  പിന്നിടുമ്പോൾ , അദ്ദേഹം ഓര്‍മിക്കപ്പെടേണ്ടത് അഴിമതി തീണ്ടാത്ത ഒരു പൊതുജീവിതം കൊണ്ടുനടന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ്.
മുസ്ലിം ലീഗില്‍ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഈ കോഴിക്കോട്ടുകാരന്‍, വളന്‍റിയര്‍ ആയാണ് രംഗപ്രവേശം ചെയ്തത്. കോഴിക്കോട്ടും ആലപ്പുഴയിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈയില്‍ ഒരു ഇംഗ്ളീഷ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ഉദ്യോഗം വഹിക്കവെയാണ് കേരളത്തിലേക്ക് തിരിച്ചുപോന്നത്.
പാര്‍ട്ടിയില്‍ ഒന്നിനു പിറകെ മറ്റൊന്നായി പല സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്ത് എന്തെങ്കിലും പദവികള്‍ നേടാനുള്ള അധികാരമോഹം അദ്ദേഹത്തെ തീണ്ടിയതേ ഇല്ല. എം.എല്‍.എമാരെയും എം.പിമാരെയും തെരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗത്വം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കി നിശ്ചയിച്ച വേളയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കോയയായിരുന്നു. അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്‍റാക്കുന്നതിലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംസ്ഥാന ലീഗ് പ്രസിഡന്‍റാക്കുന്നതിലും ബി.വി വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
കോഴിക്കോട് നഗരസഭയുടെ മേയറാവാനുള്ള നിര്‍ബന്ധം വന്നപ്പോഴും അഹമദ് കുരിക്കളുടെ മരണത്തത്തെുടര്‍ന്ന് കേരള മന്ത്രിസഭയില്‍ അംഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴും ‘ഞാനില്ല’ എന്നുപറഞ്ഞ് മാറുകയാണ് അദ്ദേഹം ചെയ്തത്.
ഒടുവില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ബിസിനസ് രംഗം വിടേണ്ടി വന്നപ്പോഴാണ് 53ാം വയസ്സില്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത്. ന്യൂഡല്‍ഹിയിലെ എം.പി ഫ്ളാറ്റില്‍ അടങ്ങി ഒതുങ്ങി ജീവിച്ച കാലത്തും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന എം.പി എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. വിമാനത്താവളം, റെയില്‍ സൗകര്യം തുടങ്ങിയ കേരളത്തിലെ പ്രശ്നങ്ങള്‍ സഭയില്‍  ഉന്നയിച്ചിരുന്ന അദ്ദേഹം, കേരളത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തിക്കിട്ടാന്‍ പാര്‍ട്ടി അംഗങ്ങളോടൊപ്പം പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയതടക്കം ജനകീയ സമരങ്ങളിലും സജീവമായിരുന്നു 

 . പ്രത്യേക വിവാഹ നിയമം, അലീഗഢ് സര്‍വകലാശാല പ്രശ്നം എന്നിവയില്‍ രാജ്യസഭയിൽ  സജീവമായി ഇടപെട്ടിരുന്ന.  അദ്ദേഹം  ബാങ്ക് ദേശസാത്കരണത്തെയും നാട്ടുരാജാക്കന്മാരുടെ മാലീഖാന്‍ നിരോധിക്കുന്നതിനെയും ' അനുകൂലിക്കുകയും ചെയ്തു.
ദേശീയോദ്ഗ്രഥന സമിതിയിലും ബോഫോഴ്സ് തോക്കിടപാട് അന്വേഷിക്കാനുള്ള പാര്‍ലമെന്‍റിന്റെ സംയുക്ത സമിതിയിലും അംഗമാക്കിക്കൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്‍റ് അദ്ദേഹത്തെ ആദരിച്ചത്. പാര്‍ലമെന്‍റില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാഷ്ട്രപതി ആര്‍. വെങ്കട്ട രാമനും അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്‍കുകയുണ്ടായി.
വിമോചന സമരാനന്തരം അധികാരം ഏറ്റെടുക്കാനുള്ള ഐക്യജനാധിപത്യ മുന്നണിയില്‍ മുസ്ലിം ലീഗ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്നതിലും ബി.വി പ്രധാന പങ്കുവഹിച്ചു. എ.കെ. ഗോപാലനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും പോലുള്ള മാര്‍ക്സിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ വന്ന് ചര്‍ച്ചകള്‍ നടത്തിയാണ് സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയത്. പില്‍ക്കാലത്ത് കെ. കരുണാകരന്റെയും എ.കെ. ആന്‍റണിയുടെയും  നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ബി.വി വഹിച്ച പങ്ക് ചില്ലറയല്ല.
മുസ്ലിം ലീഗിനെ കേരളത്തില്‍ ഒരു പ്രമുഖ ശക്തിയാക്കുന്നതില്‍  തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. വിദ്യാഭ്യാസ രംഗത്തും വാണിജ്യരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി രൂപവത്കരിക്കപ്പെട്ട റിലീഫ് കമ്മിറ്റിയുടെ പ്രധാന അമരക്കാരന്‍ അദ്ദേഹമായിരുന്നു.
മൂന്നു പതിറ്റാണ്ട് ഡല്‍ഹിയില്‍ വാണശേഷം തിരിച്ചുവരുമ്പോള്‍ ആ ഫ്ളാറ്റില്‍ ബാക്കിയായത് തണുപ്പ്കാലത്ത് ധരിക്കാറുള്ള ഒരു ജോടി കമ്പിളി ഉടുപ്പുകളും രണ്ടുമൂന്ന് പുസ്തകങ്ങളും ഒരു ട്രാന്‍സിസ്റ്റര്‍ റോഡിയോയും രാജ്യസഭാംഗങ്ങളുടെ ഒരു ഗ്രൂപ് ഫോട്ടോയും ആയിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും  ബി.വി യുടെ സഹപ്രവർത്തകനുമായിരുന്ന  ഇ. അഹ്മദ്  സാഹിബ്   ഒരനുസ്മരണക്കുറിപ്പില്‍ ' എഴുതിയ തോർക്കുന്നു
   പതിനെട്ട്  സെന്‍റില്‍ ഒതുങ്ങുന്ന ഒരു വീടുമാത്രം ബാക്കിവെച്ച് കടന്നുപോയ ,
കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ജീവിതത്തിൽ.  ഏറെ സൂക്ഷ്മത പാലിക്കുകയും ചെയ്ത നേതാവായിരുന്നു   ബി.വി   

ഖായിദെ മില്ലത്തിനും സേട്ട്സാഹിബിനും ,ബനാത്ത് വാലസാഹിബിനുമൊപ്പം വർഗീയ കലാപങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം സന്ദർശിച്ച്       ആശ്വാസമേകാനും ബി.വി കൂടെയുണ്ടാകുമായിരുന്നു   

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യ മന്ത്രിയും ,ഉപമുഖ്യമന്ത്രിയുമായപ്പോൾ ഏറെ സന്തോഷിച്ച നേതാവായിരുന്നു ബി.വി അബ്ദുല്ല കോയ സാഹിബ് 
സഹപ്രവർത്തകന്റെ വളർച്ചയിൽ  അസൂയയും കുറുമ്പും പ്രകടമാക്കാത്ത  പര്യമെന്തെന്നറിയാത്ത നേതാവായിരുന്നു ബി.വി അബ്ദുല്ലക്കോയ സാഹിബ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ