ഈ ബ്ലോഗ് തിരയൂ

2018, ഏപ്രിൽ 25, ബുധനാഴ്‌ച

മാഹിൻ ശനാട്



മരണമില്ലാത്ത സ്മരണകളുമായി മാഹിന്‍ ശംനാട് ജന്മദിനം 

സാമൂഹ്യമായ പുരോഗതിക്കും വിദ്യാഭ്യാസ നവോത്ഥാനത്തിനും സമൂര്‍ത്തമായ രാഷ്ട്രീയധാരയുടെ പ്രതീകവല്‍ക്കരണത്തിനും ജീവിതമര്‍പ്പിച്ച മാഹിന്‍ ശംനാടിന്റെ ചരിത്രം ഉത്തരദേശത്തുനിന്ന് വേര്‍തിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്നു. മരണമില്ലാത്ത ഓര്‍മ്മകളുമായി ഏപ്രില്‍ 15 ഓടിയെത്തുമ്പോള്‍ ചെമ്മനാട് ഗ്രാമം ജന്മം നല്‍കിയ ഇസ്‌ലാമിന്റെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മിനക്കെട്ട ഈ പ്രതിഭാദനന്റെ ഓര്‍മ്മകളില്‍ നിറയുകയാണ്.
മലബാറിനെ കിടുകിടെ വിറപ്പിച്ച തസ്‌കരവീരനായിരുന്ന ചീപ്പവറാനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനായ മാഹിന്‍ ശംനാടിനെക്കുറിച്ച് ടി.ഉബൈദ് സാഹിബ് എടുത്തുപറഞ്ഞത് നമസ്‌കാരത്തിലും നോമ്പിലും നിഷ്‌കര്‍ഷത പാലിച്ച അദ്ദേഹം റമദാനില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ പള്ളിയിലിരുന്നാലും നാടിന്റെ എല്ലാവശങ്ങളിലും ശ്രദ്ധകൂര്‍പ്പിച്ചു എന്നാണ്.
കാസര്‍കോട് താലൂക്കിലൊരിടത്തും ഹൈസ്‌കൂള്‍ ഇല്ലാത്ത കാലത്ത് ശംനാട് സഹോദരന്മാര്‍ കാളവണ്ടിയില്‍ മംഗലാപുരത്ത് പോയി പഠനം നടത്തിയ ചരിത്രസംഭവം ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പറ്റിയ രീതിയില്‍ ഉബൈദ് സാഹിബ് അവതരിപ്പിച്ചു. സ്‌കൂള്‍ പഠനം ഹറാമാക്കി വിധിക്കപ്പെട്ട നാളുകളില്‍ സര്‍ സയ്യിദ് അഹമ്മദ്ഖാനെ കാഫിറാക്കിയതും അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ച 'കമ്മട്ടി മമ്മിച്ച' മക്കളെ ധൈര്യസമേതം വിദ്യ നുകരാനയച്ചും മൗനനൊമ്പരം കുട്ടികളോട് പങ്കുവെച്ചതും തലമുറകള്‍ക്ക് ആവേശം നല്‍കുന്ന കാസര്‍കോടന്‍ വീരഗാഥ തന്നെയാണ്.
മാഹിന്‍ ശംനാടിന്റെ ജീവിതത്തിന്റെ പ്രൗഢ പ്രതാപങ്ങളുടെ വര്‍ണ്ണാഭമായ കഥകള്‍ തലമുറകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മത-സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവണം. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും സത്യവും ധീരതയും കര്‍മ്മശേഷിയും കരുത്തും നിറഞ്ഞുനില്‍ക്കുന്ന ശബ്ദഘോഷങ്ങള്‍ കാസര്‍കോട്ട് നിന്ന് മുഴങ്ങണം. മഹമൂദ് ശംനാട്, മൗലവി അറബി ശംനാട്, ഹസന്‍ ശംനാട്, അബൂബക്കര്‍ അലി ശംനാട്, അബ്ദുല്ല ശംനാട് തുടങ്ങി ഹാമീദലി ശംനാട് വരെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രം സൃഷ്ടിച്ചതും പൊതുരംഗം ചൈതന്യവത്താക്കിയതും വിസ്മരിക്കാവതല്ല.
മംഗലാപുരം ഗവ. കോളേജില്‍ എഫ്.എ ക്ലാസ് പഠിച്ച ശേഷം സബ് ഇന്‍സ്‌പെക്ടറായ മാഹിന്‍ ശംനാട് 1912ല്‍ ദല്ലി ദര്‍ബാറില്‍ വെച്ച് പ്രശസ്ത സേവനത്തിനുള്ള മെഡലും സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ പ്രശസ്ത സേവനം കണക്കിലെടുത്ത് സഹധര്‍മ്മിണിയെയും ആദരിച്ചു. ശംനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായപ്പോള്‍ 1933ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഖാന്‍ സാഹിബ് സ്ഥാനവും നല്‍കി. മലബാറില്‍ പല സ്ഥലത്തും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ഇരുന്നപ്പോള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി മാംസം വിറ്റ് ജീവിക്കുന്ന സ്ത്രീകളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. വിശേഷദിവസങ്ങളില്‍ താന്തോന്നികളായി നടക്കാന്‍ ആരെയും അനുവദിച്ചില്ല. നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം നാമധാരികളെ അതില്‍ നിന്നും വിലക്കി. കൊലയും കൊള്ളയും നടത്തുന്നവരെ തടയാന്‍ പൊലീസില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി. ബോംബെയില്‍ നടന്ന ഒരു കവര്‍ച്ചാക്കേസിലെ പ്രതികളെ പിടികൂടാന്‍ മദിരാശി ഗവണ്‍മെന്റ് മാഹിന്‍ ശംനാടിനെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിച്ചു. അരയില്‍ കഠാരി തിരുകി ചൂതുകളി നടത്തുന്ന സംഘത്തെ പിടികൂടാന്‍ ശംനാട് കാണിച്ച ധീരതക്ക് മെഡലുകള്‍ നിരവധി ലഭിച്ചു.
മാഹിന്‍ ശംനാട് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം തെക്കന്‍ കര്‍ണാടകയിലെ മുസ്‌ലിംലീഗിന് ത്യാഗമോഹനമായ നേതൃത്വം നല്‍കി. ശംനാടിന്റെ പാരമ്പര്യ മഹത്വത്തെ കെ.എം സീതിസാഹിബ് പ്രശംസിച്ചിട്ടുണ്ട്. തെക്കന്‍ കര്‍ണാടക മുസ്‌ലിംകള്‍ക്ക് പുരാതനകാലം മുതല്‍ കേരളത്തില്‍ നിന്നാണ് പ്രചോദനം ലഭിച്ചതെന്നും കൊടുങ്ങല്ലൂര്‍ ഈ കാര്യത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും സീതിസാഹിബ് രേഖപ്പെടുത്തുന്നു. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വിദ്യാസമ്പന്നരായ യുവാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത് മാഹിന്‍ ശംനാടാണ്. നാട്ടിന്റെ മുക്കുമൂലകളില്‍ ലീഗ് കമ്മിറ്റികളുണ്ടാക്കാന്‍ അനാരോഗ്യം വകവെക്കാതെ അദ്ദേഹം ഓടിനടന്നു. തെക്കന്‍ കര്‍ണാടക ജില്ലാ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് മാഹിന്‍ ശംനാടാണ്. മദിരാശി നിയമസഭയിലെ മുസ്‌ലിംലീഗ് നേതാവും പ്രൊവിന്‍ഷ്യല്‍ ലീഗ് പ്രതിനിധിയുമായ കോട്ടാല്‍ ഉപ്പിസാഹിബിന്റെ സാന്നിധ്യത്തിലാണ് ശംനാട് തിരഞ്ഞെടുക്കപ്പെട്ടത്. 
1949ല്‍ മാഹിന്‍ ശംനാട് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോയപ്പോള്‍ അവശരുടെ ക്ഷേമത്തിനായി ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോട് നഗരം അതിഗംഭീരമായ സ്വീകരണം നല്‍കുകയുണ്ടായി. അദ്ദേഹം അന്ന് ചെയ്ത മറുപടി പ്രസംഗം ഉബൈദ് സാഹിബ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
'എനിക്ക് ഈ യാത്രയില്‍ യാതൊരു ക്ലേശവും ഉണ്ടായിട്ടില്ല. മുണ്ടാങ്കുളത്തുനിന്ന് കാസര്‍കോട്ടേക്ക് വന്ന് മടങ്ങുന്നത് പോലെയേ തോന്നിയിട്ടുള്ളൂ.' കാസര്‍കോട് ടൗണില്‍ നിന്ന് വെറും രണ്ട് നാഴിക ദൂരത്തുള്ള സ്വന്തം ഭവനമാണ് മുണ്ടാങ്കുളം എന്നറിയുമ്പോള്‍ ആ കര്‍മ്മധീരന്റെ ഉദ്ദേശ്യശുദ്ധിയും വിശ്വാസദാര്‍ഢ്യവും ആത്മാര്‍ത്ഥതയും വ്യക്തമാകുന്നു.
അന്ത്യയാത്രയില്‍ മാഹിന്‍ ശംനാട് അത്ഭുതം സൃഷ്ടിച്ചു. ചെമ്മനാട് പള്ളി പുതുക്കിപ്പണിത് ഉദ്ഘാടനദിവസം അസര്‍ നമസ്‌കാരത്തില്‍ അദ്ദേഹം കഥാവശേഷനായി. മറ്റാര്‍ക്കും ലഭിക്കാത്ത തരത്തിലുള്ള അന്ത്യയാത്ര. പള്ളിയില്‍ വെച്ച് മരിച്ച ശംനാട് സാഹിബിന്റെ മയ്യിത്ത് വീട്ടില്‍ കൊണ്ടുവന്ന ശേഷം വീണ്ടും പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചരിത്രഗര്‍ത്തത്തിലേക്ക് ഊളിയിടാനും അമൂല്യമുത്തുകള്‍ വാരിയെടുക്കാനും ഉതകുന്ന ഉജ്ജ്വലഗാഥ ഉത്തരദേശത്തെ എന്നും പുളകമണിയിക്കും.

Kp.    Kunhimoosa@utharadesam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ