Tweet
inShare
ബി.എം. ഇല്ലാത്ത മൂന്ന് പതിറ്റാണ്ട്
നാടിന്‍റെ നൊന്പരങ്ങളില്‍ ആകുലപ്പെട്ടിരുന്ന ആ ജനനേതാവിന്‍റെ വിയോഗത്തിന് ഇന്ന് 30 വര്‍ഷം.
ബി.എം എന്ന രണ്ടക്ഷരം കാസര്‍കോടിന്‍റെ ഗര്‍ജ്ജനമായി കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പാണ്.
കുറുക്ക് വഴികളും കുതികാല്‍വെട്ടും അറിയാത്ത, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയവഴി വെട്ടിത്തെളിച്ച ബി.എം അബ്ദുറഹ്മാന്‍റെ ജീവിതം വായിക്കുക എന്നത് മധുരതരമായ ഒരു കാര്യം തന്നെയാണ്.
പഞ്ചായത്തംഗം, നഗരസഭാംഗം, എം.എല്‍.എ, രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വ്യാപാരി, പ്രാസംഗികന്‍ തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലകളില്‍ തിളക്കം ചാര്‍ത്തിയ ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബ് അതിലെല്ലാമുപരി നിഷ്കളങ്കതയും എളിമത്വവും ആരെയും എളുപ്പം കീഴ്പ്പെടുത്തുന്ന പെരുമാറ്റ പ്രഭയും പ്രകടിപ്പിച്ച നല്ലൊരു മനുഷ്യനായിരുന്നുവെന്ന് കാലം പറഞ്ഞുതരുന്നു.
1953ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നെല്ലിക്കുന്ന് വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് വരുന്പോള്‍ ബി.എം അബ്ദുല്‍ റഹ്മാന്‍ വളരെ ചെറുപ്പമായിരുന്നു. അതോടെയാണ് അദ്ദേഹത്തിന്‍റെ പൊതുജീവിതം ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ബി.എം അബ്ദുല്‍ റഹ്മാന്‍ ജനഹൃദയങ്ങളില്‍ വളരുകയായിരുന്നു. ഹൃദ്യമായ ഭാഷയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കാര്യങ്ങള്‍ എറിഞ്ഞുകൊടുക്കാനുള്ള പ്രത്യേകമായൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അദ്ദേഹത്തിന്‍റെ വിസ്മയകരമായ നേതൃത്വ പാടവം എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.കെ. എസ്. സുലൈമാന്‍ ഹാജിയും ടി.പി അബ്ദുല്ലയുമൊക്കെ അദ്ദേഹത്തിന്‍റെ സതീര്‍ത്ഥ്യരായിരുന്നു. ആ കാലത്ത് തന്നെ അദ്ദേഹം സ്കൂള്‍ ലീഡറായി. മുസ്ലിം ഹൈസ്കൂളിലെ പ്രഥമ സ്കൂള്‍ ലീഡറായിരുന്നു അത്. ബി.എമ്മിന്‍റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ഏതെന്നു ചോദിച്ചാല്‍ മുസ്ലിം ഹൈസ്കൂളിലെ ലീഡര്‍ സ്ഥാനം തന്നെയാണെന്ന് കാലം പറയും.
വടക്കന്‍ കേരളത്തില്‍ നല്ലൊരു പ്രാസംഗികരില്ലാതിരുന്ന കാലത്താണ് ആരെയും ആകര്‍ഷിക്കുന്ന ഭാഷാ ശൈലിയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള കരുത്തുമായി ബി.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗ വേദികളിലൂടെ നിറഞ്ഞാടുന്നത്. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഖവി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും സി.കെ.പി ചെറിയ മമ്മുക്കേയിയുമൊക്കെ ബി.എമ്മിന്‍റെ പ്രസംഗം കേട്ട് പ്രശംസിച്ച സന്ദര്‍ഭങ്ങളേറെ.
താഴേക്കിടയിലുള്ള ജനസാമാന്യത്തിന്‍റെ മനസ്സിലായിരുന്നു ബി.എമ്മിന്‍റെ സിംഹാസനം. പല നേതാക്കള്‍ക്കും അവകാശപ്പെടാനാവാത്ത ഒരു ജനകീയത ബി.എമ്മിനെ സ്വീകരിച്ചുവെന്ന് പറയാതിരിക്കാനാവില്ല. സ്ഥാനങ്ങളിലേക്ക് ബി.എമ്മിന് കുറുക്കു വഴികളുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫിലും പിന്നീട് യൂത്ത് ലീഗിലും ട്രേഡ് യൂണിയന്‍ രംഗങ്ങളിലും ലീഗ് രാഷ്ട്രീയത്തിലുമെല്ലാം ധന്യമായ സേവനത്തിന്‍റെ പാതകള്‍ ചവിട്ടിത്താണ്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്തെത്തിയത്.
1970ല്‍ കാസര്‍കോട്ട് മുസ്ലിം ലീഗിന് സ്ഥാനാര്‍ത്ഥിയെ കണ്ടത്തേണ്ടി വന്നപ്പോള്‍ ലീഗ് നേതൃത്വത്തിന് ഒട്ടും ആശയക്കുഴപ്പമുണ്ടാകേണ്ടി വരാത്തത് ബി.എമ്മിന്‍റെ കറകളഞ്ഞ ആത്മാര്‍ത്ഥത മനസ്സിലാക്കിയത് കൊണ്ടാണ്. കാസര്‍കോട് ജില്ലയുടെ ബഹുവിധമായ പ്രശ്നങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചറിഞ്ഞിരുന്നു.
1970ലാണ് ബി.എം അബ്ദുല്‍ റഹ്മാന്‍ ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ആ കാലം നിയമസഭയില്‍ അന്ന് സഹപ്രവര്‍ത്തകനായിരുന്ന കെ.പി രാമന്‍ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു:
'1970ല്‍ കേരള നിയമസഭയില്‍ മുസ്ലിം ലീഗിന്‍റെ 12 മെന്പര്‍മാരില്‍ ഒരാളായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍. എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ ന്യൂ ബ്ലോക്കില്‍ രണ്ടാം നിലയിലെ 36-ാം നന്പര്‍ മുറിയായിരുന്നു എന്‍റേത്. ബി.എമ്മിന്‍റെത് 35-ാം നന്പര്‍ മുറിയും. സെയ്തുമ്മര്‍ ബാഖവി തങ്ങള്‍ വിപ്പും സി.എച്ച് മുഹമ്മദ് കോയ ലീഡറും ചാക്കിരി അഹമ്മദ് കുട്ടി സെക്രട്ടറിയുമായിട്ടുള്ള അന്നത്തെ മുസ്ലിം ലീഗിന്‍റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി ഒരു കുടുംബത്തെപ്പോലെയായിരുന്നു. ആവശ്യത്തിന് മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ബി.എം അബ്ദുല്‍ റഹ്മാനെ ചിലപ്പോഴൊരു ചിന്തകനെപ്പോലെയാണ് ഞാന്‍ കണ്ടിരുന്നത്. നിയമസഭയില്‍ അദ്ദേഹത്തിന്‍റെ കന്നിപ്രസംഗം കഴിഞ്ഞ ഉടനെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തെ അഭിനന്ദിച്ച് ഒരു കുറിപ്പെഴുതി പിന്നിലിരിക്കുകയായിരുന്ന ബി.എമ്മിന് അപ്പോള്‍ തന്നെ കൈമാറിയ രംഗം എനിക്ക് മറക്കാനാവില്ല. ബി.എമ്മിനത് അംഗീകാരത്തിന്‍റെ ഒരനര്‍ഘ സര്‍ട്ടിഫിക്കറ്റായിരുന്നു. നിയമസഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം നേരത്തെ തന്നെ ബി.എം നന്നായി പഠിക്കുമായിരുന്നു. പ്രധാന കാര്യങ്ങള്‍ പ്രത്യേകമായി കുറിച്ച വെക്കുകയും മുതിര്‍ന്ന മെന്പര്‍മാരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. കാസര്‍കോടിന്‍റെ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സന്ദര്‍ഭം കിട്ടുന്പോഴെല്ലാം കനത്ത വാക്കില്‍ തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. ബി.എമ്മിന്‍റെ പ്രസംഗങ്ങളില്‍ ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന വാക്ക് എത്ര തവണ വന്നിട്ടുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിത്തിട്ടപ്പെടുത്താനാവില്ല...- ബി.എമ്മിനെ കുറിച്ച് കെ.പി രാമന്‍റെ ഓര്‍മ്മകള്‍ പിന്നെയും തിരയടിച്ചുയര്‍ന്നു.
നിയമസഭയില്‍ കാസര്‍കോടിന്‍റെ ആവശ്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ചോദിച്ചു വാങ്ങുന്നതില്‍ ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് ഒന്നു വേറെ തന്നെയായിരുന്നു. 1973-74ല്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് 15 പ്രൈമറി സ്കൂളുകള്‍ അനുവദിക്കപ്പെട്ടു. സംസ്ഥാനത്ത് ആകെ അനുവദിച്ചതിന്‍റെ പത്തിലൊന്ന്. ആനുപാതികമായി വളരെയധികം. ജില്ലക്ക് അനുവദിച്ച 15 സ്കൂളുകളില്‍ എട്ടെണ്ണവും കാസര്‍കോട് ഉപജില്ലക്കായിരുന്നു. അങ്ങനെ നോക്കുന്പോള്‍ അനുപാതം വീണ്ടും കൂടി. ഇത് ബി.എം അബ്ദുല്‍ റഹ്മാന്‍റെ മിടുക്ക് കൊണ്ടായിരുന്നുവെന്ന് എഴുത്തുകാരനായിരുന്ന സി. രാഘവന്‍ അനുസ്മരിക്കുകയുണ്ടായി.
1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ടി.എ ഇബ്രാഹിമിനോട് തോറ്റുവെങ്കിലും ടി.എ ഇബ്രാഹിമിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും എം.എല്‍.എയായി.
1985 ഏപ്രില്‍ 4നായിരുന്നു ബി.എം അബ്ദുല്‍ റഹ്മാന്‍റെ നിര്യാണം. രാഷ്ട്രീയ രംഗത്ത് ജ്വലിച്ച് നില്‍ക്കെ ഒരു കൊള്ളിമീന്‍ കണക്കെ മിന്നിമറഞ്ഞ വിയോഗം.
ടി.എ. ഷാഫി ഉത്തരദേശം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ