ഈ ബ്ലോഗ് തിരയൂ

2016, നവംബർ 13, ഞായറാഴ്‌ച

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേ ഇനം

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലെ ആറ് പ്രമേയങ്ങള്‍

10th November 2016

കോഴിക്കോട് നടന്ന   ( നവം 10,11,12) മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍

1

അമേരിക്കന്‍ തെരെഞ്ഞെടുപ്പ് ഫലം ലോകത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയിട്ടുള്ളത്. സാമാധാന കാംക്ഷികളായ എല്ലാവര്‍ക്കും സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഇടമായി ലോകം മാറിയെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ വിദ്യാര്‍ത്ഥികളും ജനങ്ങളും സ്ഥാനാരോഹണങ്ങളുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ ശബ്ദങ്ങള്‍ ട്രംപിന് കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന സൂചനയാണ് നല്‍കുന്നത്. വംശവെറിക്കും സ്ത്രീ വിരുദ്ധതക്കും എതിരായ പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇതിനെ വിലയിരുത്താവുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – കെ.എം അബ്ദുള്‍ ഗഫൂര്‍

 2

ഫാസിസത്തിന്റെ ബാഹ്യലക്ഷണങ്ങളിലൊന്നായ ഉന്‍മൂലന നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥിയായ നജീബിന്റെ തിരോധാനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ വ്യക്തിയെതന്നെ അപ്രത്യക്ഷമാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സംഘ്പരിവാരിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്കെതിരായി നിലപാടെടുക്കുകയും അവരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് നജീബിനെ കാണാതാവുന്നത്. മകനെ തേടി വന്ന ഉമ്മയെ പോലും തെരുവില്‍ വലിച്ചിഴക്കുന്ന പോലീസ് നടപടി മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ ഇന്ത്യക്ക് അപമാനകരവുമാണ്. നജീബിനെ കണ്ടെത്താനുള്ള പ്രക്ഷോഭങ്ങളോട് മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ പ്രതിനിധി സമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

അവതാരകന്‍ – പി.കെ. ഫിറോസ്

 3

ഇരകളുടെ പക്ഷത്ത് നിന്ന് നീതി ഉറപ്പ് വരുത്തേണ്ട പോലീസ് സംവിധാനം പ്രതികളുടെ പക്ഷത്ത് നിന്ന് അനീതിക്ക് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. എസ്.ഡി.പി.ഐ ക്രിമിനലുകളാല്‍ കൊല ചെയ്യപ്പെട്ട വേളത്തെ നസിറൂദ്ദിന്റെ ഘാതകരെയും നാദാപുരത്ത് പട്ടാപകല്‍ സി.പി.എം ക്വൊട്ടേഷന്‍ സംഘത്താല്‍ വധിക്കപ്പെട്ട അസ്‌ലമിന്റെ കൊലപാതകികളെയും സംരക്ഷിക്കുന്ന സമീപനമാണ് കേരള പോലീസ് കൈക്കൊള്ളുന്നത്. രാഷ്ട്രീയ ഉപകരണമാക്കി പോലീസ് സംവിധാനത്തെ മാറ്റി തീര്‍ക്കാനുള്ള മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിന്റെ നീക്കം നിയമവാഴ്ചക്ക് ഭീഷണിയാണെന്ന് ഈ സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – കെ.ടി. അബ്ദുറഹിമാന്‍

4

വര്‍ത്തമാന ഇന്ത്യയില്‍ ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ സ്വത്വ പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഭരണകൂട ഭീകരതയായാലും ഭൂരിപക്ഷ വര്‍ഗിയതയാലും ഇരയാക്കപ്പെടുന്ന ഈ ജനവിഭാഗത്തിന്റെ രാഷ്ട്രീയമായ ഐക്യപ്പെടല്‍ കാലഘട്ടത്തിന്റെ  അനിവാര്യതയാണ്. ദുര്‍ബല ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിന് സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാകരന്‍ – അഷറഫ് മടാന്‍

 5

സമുദായത്തിനകത്തെ പരസ്പര ആശയ സംവാദങ്ങളിലൂടെ വളരുകയും വികസിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിനുള്ളത്. ഇതിന് പ്രതലം ഒരുക്കിക്കൊണ്ട് തന്നെയാണ് സമുദായത്തിന്റെ പുരോഗതിക്കായുള്ള അക്ഷീണ പ്രയത്‌നങ്ങള്‍ മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ളത്.
സുന്നി-സലഫി ചിന്താധാരകളാണ് മുഖ്യമായും ഇവ്വിധം കേരള മുസ്‌ലിംങ്ങള്‍ക്കിടയില്‍ വേരൂന്നിയിട്ടുള്ളത്. ഈ സമവാക്യങ്ങളെ വിവേകപൂര്‍വ്വം സമീപിക്കുവാനും മുന്നോട്ടുള്ള ഗതി ശരിയാംവണ്ണം ഉറപ്പിക്കുവാനുമാണ് കാലം ഇന്ന് ആവശ്യപ്പെടുന്നത്. രണ്ട് ചിന്താധാരകള്‍ക്കപ്പുറം തുണ്ടം തുണ്ടമായി സംഘടനകള്‍ വേര്‍പിരിയുന്നത് നിരാശയോടെ മാത്രമേ നോക്കിക്കാണാനാകൂ. കേട്ടുകേള്‍വിയില്ലാത്ത പുതിയ വെല്ലുവിളികള്‍ തരണം ചെയ്യേണ്ട ഘട്ടത്തിലെങ്കിലും പൊറുക്കാനും മറക്കാനും ഐക്യപ്പെട്ട് മുന്നോട്ട് പോകുവാനും സമുദായത്തിന് ഉള്‍ക്കാഴ്ചയോടെ ദിശാ ബോധം നല്‍കുവാനും സമുദായ നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ടെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – എം.എ സമദ്

 6

സവര്‍ണ്ണാധിപത്യത്തിന്റെ രാഷ്ട്രീയ അജണ്ടയുമായി സംഘ്പരിവാരിന്റെ മൂശയില്‍ വാര്‍ത്തെടുത്ത ഏക സിവില്‍കോഡ് എന്ന ഒളിയാക്രമണം തിരിച്ചറിയുന്നതില്‍ സി.പി.എം പരാജയപ്പെട്ടതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെടുന്നു. ഏക സിവില്‍കോഡ് സാംസ്‌കാരിക ഏകത്വം എന്ന സംഘ് അജണ്ടയുടെ ഭാഗമാണ്. വൈവിധ്യമെന്ന ഇന്ത്യയുടെ സ്വത്വത്തിന് എതിരെയുള്ള യുദ്ധമായി മാത്രമേ ഏക സിവില്‍കോഡിന് വേണ്ടിയുള്ള മുറവിളിയെ കാണാനാവൂ. ഒരേ സമയം സംഘ്പരിവാരിന്റെ ഏകശിലാ സംസ്‌കാരത്തെ വിമര്‍ശിക്കുകയും മറു ഭാഗത്ത് വനിതാ സംഘടനകളെ ഇറക്കി ഏക സിവില്‍ കോഡിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നത് ശുദ്ധ കാപട്യമാണ്. രാജ്യത്ത് നടക്കുന്ന ആസൂത്രിതമായ ഇത്തരം നീക്കങ്ങളെ സി.പി.എം ഇപ്പോഴും മുഖാമുഖം നേരിടാന്‍ മടിക്കുന്നത് ആശയപാപ്പരത്തമാണെന്നും ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

അവതാരകന്‍ – സി.പി.എ അസീസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ