ശിഹാബ്തങ്ങള്‍ ഇനി ഓര്‍മയിലെ തണല്‍വൃക്ഷം
By: പി. ബാലകൃഷ്ണന്‍
Published:3 Aug 2009, 03:30 am
മലപ്പുറം: അവര്‍ വാഹനങ്ങളിലും വഴിനടന്നും ഏറെദൂരം സഞ്ചരിച്ച് ആ വീട്ടുമുറ്റത്തെത്തി. മിക്കവരും ദരിദ്രരായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നും ഒടുവില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ എന്ന ലാളിത്യമാര്‍ന്ന ആ മനുഷ്യനുമുമ്പില്‍ എല്ലാ സങ്കടങ്ങളും തുറന്നുപറഞ്ഞു. പലരും കരഞ്ഞു. പക്ഷേ, എല്ലാറ്റിനും അവിടെ പരിഹാരമുണ്ടായിരുന്നു. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് മടങ്ങുക. ഏത് മതസ്ഥര്‍ക്കും ഏത് സാമ്പത്തികസ്ഥിതിയിലുള്ളവര്‍ക്കും ഏതുസമയത്തും വന്ന് മനസ്സിലുള്ളതെല്ലാം തുറന്നുപറയാനും വേദനകള്‍ ഇറക്കിവെക്കാനുമുള്ള അത്താണിയാണ് തങ്ങള്‍ വിടപറഞ്ഞതോടെ നഷ്ടമായത്. ഈ നഷ്ടബോധം നെഞ്ചില്‍പേറുന്നവരാണ് നാടിന്റെ നാനാതുറകളില്‍നിന്നും ഓടിയെത്തി ഞായറാഴ്ച മലപ്പുറത്തിന്റെ വഴികളെ നിറച്ചത്. അക്കൂട്ടത്തില്‍ പണക്കാരനും ദരിദ്രനുമുണ്ടായിരുന്നു. പക്ഷേ, എല്ലാവരും പങ്കുവെക്കുന്നത് ഒരേ നഷ്ടബോധം - എന്തിനും പരിഹാരം കണ്ടെത്താന്‍ എപ്പോഴും സാന്ത്വനമാകാന്‍ ഇനി ശിഹാബ്തങ്ങളില്ല. തങ്ങള്‍ എന്നത് ഒരു വ്യക്തിയായിരുന്നില്ല; വലിയൊരു തണലായിരുന്നു. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട് ഒരു മരുപ്പച്ചയും. സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെപ്പോലെ തിരക്കുള്ള ഒരു നേതാവിനെ കണ്ടുമുട്ടുക പ്രയാസമായിരിക്കും. മതം, രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിരവധി തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയപ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനും കെട്ടുപിണഞ്ഞ തര്‍ക്കങ്ങളില്‍ മാധ്യസ്ഥം വഹിക്കാനും മഹാസമ്മേളനങ്ങള്‍ മുതല്‍ ഗൃഹപ്രവേശംവരെയുള്ള മത, രാഷ്ട്രീയ, കുടുംബ ചടങ്ങുകള്‍ക്ക് ക്ഷണിക്കാനും മസ്ജിദുകള്‍ മുതല്‍ കച്ചവടസ്ഥാപനങ്ങള്‍വരെ ഉദ്ഘാടനംചെയ്യാനും തുറക്കാനുംവേണ്ടി കാത്തുനില്‍ക്കുന്നവര്‍ക്ക് അദ്ദേഹം സമയംകണ്ടെത്തുന്നു. അതേ അവസരത്തില്‍ത്തന്നെ ആധികളുടെയും വ്യാധികളുടെയും ഭാണ്ഡക്കെട്ടുകളുമായി കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുവെന്നത് തങ്ങളിലെ മനുഷ്യസ്‌നേഹം പ്രകടമാക്കുന്നു. അശരണരുടെയും അഗതികളുടെയും ദുഃഖസാന്ദ്രമായ കഥകള്‍ ഒരു യോഗിയുടെ മനസ്സോടെ തങ്ങള്‍ എന്നും കേട്ടുകൊണ്ടിരുന്നു. അവരുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനുള്ള സിദ്ധി പൈതൃകമായി ലഭിച്ചതാണെന്ന് തങ്ങള്‍ വിശ്വസിച്ചു. പിതാവ് പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍ ഉപയോഗിച്ചിരുന്ന അതേ വട്ടമേശയുടെ സമീപത്തിരുന്നാണ് അദ്ദേഹം പാവങ്ങളുടെ കഥ കേട്ടത്. ഈ സമയത്ത് എത്തുന്ന വിശിഷ്ടാതിഥികളെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുക മാത്രമേ അദ്ദേഹം ചെയ്യുമായിരുന്നുള്ളൂ. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സജീവമായിരുന്ന പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ പൂമുഖം പൈതൃകമായി ഇനി പുതിയ തലമുറയ്ക്ക് വഴിമാറുകയാണ്. അശരണരും അഗതികളും മറ്റു വിവിധ തുറകളിലുള്ളവരും ഇനിയും ആ മുറ്റത്തെത്തും. അപ്പോഴും അവരുടെയെല്ലാം മനസ്സില്‍ തങ്ങളെക്കുറിച്ചുള്ള ഓര്‍മകളായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ