ദേശാഭിമാനിയായ സമുദായസേവകന്‍
By: കെ.പി. കുഞ്ഞിമൂസ
Published:2 Aug 2009, 03:30 am
സാമുദായികമൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച തങ്ങള്‍, ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അംബാസഡറായിരുന്നു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. നന്മയുടെ കൂട്ടായ്മയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. പോഷകസംഘടനകളെ സേവനപാതയിലൂടെ ചരിപ്പിക്കാന്‍ ആത്മാര്‍ഥമായി അദ്ദേഹം യത്‌നിച്ചു
മുസ്‌ലിങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും രാഷ്ട്രനിര്‍മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ദേശീയകടമയാണ് മുസ്‌ലിം ലീഗിന് നിര്‍വഹിക്കാനുള്ളതെന്ന് ഉറച്ചുവിശ്വസിച്ച സമാദരണീയനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങള്‍ വസിക്കുന്ന ഇന്ത്യയെപ്പോലുള്ള മഹാരാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗമാണ് ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും മറ്റുനേതാക്കളും കാണിച്ചുതന്നതെന്ന് ആവര്‍ത്തിച്ചുപറയാറുള്ള ശിഹാബ് തങ്ങള്‍, ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് നേതൃസ്ഥാനത്ത് സ്വീകരിച്ചത്. സാംസ്‌കാരികവും വിശ്വാസപരവുമായ വ്യക്തിത്വം നിലനിര്‍ത്താനുള്ള അവകാശം, എല്ലാ പുരോമനരാഷ്ട്രങ്ങളും അംഗീകരിച്ച മൗലികാവകാശമാണെന്ന് സമര്‍ഥിക്കാറുള്ള ശിഹാബ് തങ്ങള്‍ മതേതര, ജനാധിപത്യ വിശ്വാസികളുമായി സഹകരിച്ച് രാഷ്ട്രീയദൗത്യം നിര്‍വഹിക്കാന്‍മുന്‍കൈയടുത്തു. ഏതുകാര്യവും ഏറെ ചിട്ടയോടെയും കൃത്യതയോടെയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ രീതി. ചെറുപ്പംമുതലേ എഴുത്തുകാരനായിരുന്നു തങ്ങള്‍. ഈജിപ്തില്‍ പഠിച്ചുകൊണ്ടിരിക്കെ, ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതാറുള്ള തങ്ങള്‍, പിന്നീട് 'ചന്ദ്രിക'യുടെ നടത്തിപ്പുകാരായ മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ വഹിച്ച സ്ഥാനങ്ങള്‍ ഏറ്റെടുത്ത ശിഹാബ് തങ്ങള്‍ക്ക്, ഭാര്യാപിതാവ് സെയ്ദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ രാഷ്ട്രീയപ്രബുദ്ധത ഏറെ സഹായകമായി. സി.എച്ച്. മുഹമ്മദ്‌കോയയുടെയും ബി.പി. അബ്ദുള്ളക്കോയയുടെയും സ്ഥിരമായ സാന്നിധ്യം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നയരൂപവത്കരണത്തില്‍ ശിഹാബ്തങ്ങള്‍ക്ക് താങ്ങും തണലുമായി. സംഘടനാപിളര്‍പ്പിനുശേഷം വീണ്ടും മുസ്‌ലിം ലീഗ് യോജിച്ചുനിന്നപ്പോള്‍ സെയ്ദ് ഉമര്‍ ബാഫഖി തങ്ങളും കേയി സാഹിബും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഉപദേശങ്ങള്‍ അദ്ദേഹം തേടി. ശിഹാബ് തങ്ങളുടെ ഈജിപ്തിലെ സഹപാഠികളായി ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. മാലിയിലെ മന്ത്രിയായ ഫാത്തുള്ള ജമീല്‍ എന്ന സഹപാഠി ക്ഷണിച്ചതനുസരിച്ച് മാലിദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ അന്ന് 'ചന്ദ്രിക' അസിസ്റ്റന്റ് എഡിറ്ററായിരുന്ന, യു.എ. ബീരാന്‍ സാഹിബിനെ കൂടെ കൊണ്ടുപോയി. കയ്‌റോവിലെ മറ്റൊരു സതീര്‍ഥ്യനായിരുന്ന ബര്‍മ സ്വദേശി ജമാല്‍, മാലിയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നപ്പോഴാണ് സന്ദര്‍ശനം. മാലി പ്രസിഡന്റ് മഖ്മൂല്‍ അബ്ദുള്‍ ഖയൂമും വിദേശകാര്യമന്ത്രി ജമീലും കേരളം സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാന്‍ തങ്ങള്‍ കൊച്ചിയിലെത്തി. ചരിത്രകുതുകിയായ തങ്ങള്‍, എവിടെയെത്തിയാലും ചരിത്രശകലങ്ങള്‍ പെറുക്കിയെടുക്കുന്നതില്‍ വലിയ തത്പരനായിരുന്നു. സലാലയിലും കുവൈത്തിലും ചരിത്ര സ്മാരകങ്ങളിലും മ്യൂസിയത്തിലും മണിക്കൂറുകള്‍ തങ്ങള്‍ ചെലവഴിക്കുമായിരുന്നു. അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രം ചികഞ്ഞുകൊണ്ട് അദ്ദേഹം കണ്ണൂരില്‍ പഠനപര്യടനംതന്നെ നടത്തിയിട്ടുണ്ട്. അറബി, ഉറുദു ഭാഷകളുടെ നിലനില്പിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. സാമുദായികമൈത്രിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച തങ്ങള്‍, ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അംബാസഡറായിരുന്നു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു. നന്മയുടെ കൂട്ടായ്മയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. പോഷകസംഘടനകളെ സേവനപാതയിലൂടെ ചരിപ്പിക്കാന്‍ ആത്മാര്‍ഥമായി അദ്ദേഹം യത്‌നിച്ചു. പൂര്‍വികര്‍ കൂട്ടായ്മയിലൂടെ ചൊരിഞ്ഞ ചിന്തയുടെ കനലുകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം. സ്നേഹവികാരങ്ങളുടെ പിന്‍ബലത്തോടെ വിനയാന്വിതനായി ചുമതലകള്‍ നിര്‍വഹിച്ച തങ്ങളെ, ഉദ്ഘാടനത്തിനു കിട്ടാന്‍ സ്ഥാപനങ്ങളും വ്യക്തികളും പാണക്കാട്ട് തമ്പടിച്ചിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ക്ക് തങ്ങള്‍ അവതാരികകള്‍ എഴുതിയിട്ടുണ്ട്. മണ്‍മറഞ്ഞ വ്യക്തികളെക്കുറിച്ച് തങ്ങള്‍ എഴുതിയ അനുസ്മരണലേഖനങ്ങള്‍ മുഴുക്കെ അവരുടെ ശ്രദ്ധേയമായ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നവയായിരുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വൈദേശികാധിപത്യത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ അര്‍പ്പിച്ച രക്തത്തിന്റെ അളവും ത്യാഗത്തിന്റെ ആഴവും വിവരണാതീതമാണെന്ന് പുതിയ തലമുറയെ അദ്ദേഹം ബോധവാന്മാരാക്കി. വിഭജനത്തെത്തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ആത്മധൈര്യം ചോര്‍ന്നുപോയതും അതിശക്തമായ അപകര്‍ഷബോധവുമായി ജനപഥം അലക്ഷ്യമായി നീങ്ങിയതും പാഠമാക്കി ആത്മധൈര്യവും ചൈതന്യവും നല്‍കി അവരെ ദേശീയജീവിതത്തിന്റെ ധാരയിലേക്ക് കൈപിടിച്ചാനയിച്ച മുസ്‌ലിം ലീഗിന്റെ നേതൃത്വം, ശ്രമകരവും ക്ലേശപൂര്‍ണവുമായ ഒരു ദൗത്യമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ദേശീയജീവിതത്തിന്റെ ധാരയില്‍നിന്ന് ഒറ്റപ്പെടാതെ അഭിമാനവും അന്തസ്സുമുള്ള ഒരു സമൂഹമായി ന്യൂനപക്ഷത്തെ മുന്നോട്ടു നയിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. സ്വദേശസ്നേഹവും സമുദായസ്നേഹവും ഒരിക്കലും കൂട്ടിമുട്ടാത്തരണ്ടു നേര്‍രേഖകളായിരുന്നു എന്നദ്ദേഹം തെളിയിച്ചു. സ്വതന്ത്രഭാരത്തില്‍, വിശിഷ്യാ കേരളത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തിയെ ന്യായീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലും അദ്ദേഹം പ്രിയങ്കരനായിരുന്നു. ദേശാഭിമാനിയായ സമുദായസേവകനാണ് തങ്ങളുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ