ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 28, ബുധനാഴ്‌ച

കുഞ്ഞാപ്പ ദേശീയ രാഷ്ട്രീയത്തിലേയ്ക്ക്

ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി കുഞ്ഞാലിക്കുട്ടി. ഇനി ഇന്ദ്രപ്രസ്ഥത്തിന്റെ വലിയ രാഷ്ട്രീയത്തിലേക്ക്‌

പ്രത്യേക ലേഖകന്‍APRIL 17, 2017, 12:20:00 PM

   

പതിറ്റാണ്ടുകള്‍ നീണ്ട കേരളരാഷ്ട്രീയത്തിലെ കുപ്പായമഴിച്ചു വെച്ച് ഡല്‍ഹിയിലേക്കുള്ള വണ്ടി പിടിക്കുകയാണ് പ്രതിപക്ഷ ഉപനേതാവും മുസ്്‌ലിംലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 171038 വോട്ടിന്റെ കൂറ്റന്‍ വിജയവുമായി ലോക്‌സഭയിലെത്തുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജീവിതരേഖ.

ചെറുപ്പം തൊട്ടേ കൊടപ്പനക്കല്‍ തറവാട്ടില്‍

കടലുണ്ടിപ്പുഴയുടെ കരയില്‍ പാണ്ടിക്കടവത്ത് തറവാട്ടില്‍ 1951 ജൂണ്‍ ഒന്നിന് ജനനം. പിതാവ് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജി, മാതവ് കൂളിപ്പിലാന്‍ പാത്തുമ്മക്കുട്ടി. 
കൊടപ്പനക്കല്‍ തറവാടുമായി കുടുംബത്തിനുള്ള അടുത്ത ബന്ധമാണ് കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ആ ബന്ധം പിതാമഹാന്മാരുടെ കാലം തൊട്ടേയുള്ളതാണ്. പിതാമഹന്‍ കുഞ്ഞാലിക്കുട്ടി ഹാജിയും അദ്ദേഹത്തിന്റെ സഹോദരരന്‍ കുട്ടി മുഹമ്മദ് ഹാജിയുമെല്ലാം കൊടപ്പനക്കലെ തങ്ങള്‍ കുടുംബവുമായി അഭേദ്യ ബന്ധം സൂക്ഷിച്ചു. കൊടപ്പനക്കലില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലെയെല്ലാം പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചു. പൂക്കോയ തങ്ങളായിരുന്നു സ്‌കൂളിലെ രക്ഷിതാവ്. 

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തോല്‍വി

വേങ്ങര സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം ഫാറൂഖ് കോളജില്‍ പ്രീഡിഗ്രി പഠനം. അവിടെ യൂണിയന്‍ സെക്രട്ടറിയായി മത്സരിച്ചു. ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം. ആ ജയം പിന്നീട് രാഷ്ട്രീയത്തിലും കൂടെപ്പോന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലായിരുന്നു ബി.കോം. ഡിഗ്രിക്കു പഠിക്കുമ്പോള്‍ മുസ്്‌ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ കോളജ് പ്രസിഡണ്ടായി. അക്കാലത്ത് തന്നെ തെരഞ്ഞെടുപ്പിലെ ആദ്യ പരാജയവും രുചിച്ചു. കെ.എസ്.യു എതിര്‍ ചേരിയിലും എസ്.എഫ്.ഐയും എം.എസ്.എഫും മറുചേരിയിലും നിന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. ഒമ്പത് വോട്ടിനായിരുന്നു അടിയറവ്. 
1973ല്‍ ഡിഗ്രി പാസായ. ശേഷം നാട്ടിലെത്തി. യുവജനവിഭാഗമായ യൂത്ത് ലീഗായിരുന്നു പീന്നീടുള്ള തട്ടകം. വൈകാതെ യൂത്ത് ലീഗിന്റെ മലപ്പുറം മണ്ഡലം പ്രസിഡണ്ടായി. 


ഭാഷാ സമരത്തിലെ പങ്ക്

1980ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായതോടെയാണ് മുഴുസമയ രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനുമായി. അക്കാലത്ത് നായനാര്‍ മന്ത്രിസഭ അധികാരത്തിലിരിക്കവെ നടന്ന അറബി ഭാഷാ സമരവേളയില്‍ നേതൃപരമായ പങ്കുവഹിച്ചു. അറബി ഭാഷയ്‌ക്കെതിരെ വിവേചനപരമായ സമീപനം കാണിക്കുന്നുവെന്ന ആരോപിച്ച് സമാധാനപരമായി മലപ്പുറം കലക്ടറേറ്റ് പിക്കറ്റ് ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 


നിയമസഭയിലേക്ക്

1982ലായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്ന്. പോള്‍ ചെയ്ത 67.51% വോട്ടും (35464 വോട്ട്) നേടിയാണ് മലപ്പുറം കുഞ്ഞാലിക്കുട്ടിയെ വരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി അഖിലേന്ത്യാ ലീഗിലെ എം. മുഹമ്മദ് ഷാഫിക്ക് 13500 വോട്ടേ കിട്ടിയുള്ളൂ.
1987ലെ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി ജയിച്ചു. 63.08% ശതമാനം വോട്ടു നേടിയായിരുന്നു വിജയം. തോല്‍പ്പിച്ചത് ഐ.സി.എസ് സ്ഥാനാര്‍ത്ഥി എന്‍.അബൂബക്കറിനെ. കുഞ്ഞാലിക്കുട്ടിക്ക് 48641 ഉം അബൂബക്കറിന് 18698 ഉം വോട്ടു ലഭിച്ചു. 
1991ല്‍ മലപ്പുറത്ത് നിന്ന് കളം മാറി കുറ്റിപ്പുറം മണ്ഡലത്തിലെത്തി. ഇവിടെ നിന്ന് 2001 വരെ തുടര്‍ച്ചയായി മൂന്നു തവണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 91ല്‍ സി.പി.ഐ.എമ്മിലെ വി.പി സക്കരിയ്യയെയും 96ല്‍ ഐ.എന്‍.എല്ലിനെ ഇബ്രാഹിം ഹാജി മയ്യേരിയെയും 2001ല്‍ ആര്‍.എസ്.പിയിലെ കെ. ഇബ്രാഹിം കുട്ടിയെയുമാണ് തോല്‍പ്പിച്ചത്. 
1991ല്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1991-95 കാലത്തെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായി. തുടര്‍ന്നു വന്ന എ.കെ ആന്റണി മന്ത്രസഭയിലും അതേ വകുപ്പു തന്നെ കൈകാര്യം ചെയ്തു. കേരളത്തില്‍ ആദ്യമായി വ്യവസായ നയം രൂപീകരിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. 
ഇതിനിടെയായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസ്. കേസില്‍ ആരോപണ വിധേയനായ അദ്ദേഹത്തെ 2005ല്‍ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കി. തെളിവുകളില്ലെന്ന്് ചൂണ്ടിക്കാട്ടി 2006ല്‍ സുപ്രീംകോടതിയും കേസ് തള്ളി. 


ആദ്യത്തെ വീഴ്ച

2006ലെ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗില്‍ നിന്ന് രാഷ്ട്രീയപാഠം പഠിച്ച കെ.ടി ജലീല്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരിനിറങ്ങി. കേരളം ഉടനീളം ആകാംക്ഷയോടെ നോക്കിനിന്ന മത്സരത്തില്‍ ജലീല്‍ തന്റെ മുന്‍ നേതാവിനെ മലര്‍ത്തിയടിച്ചു. വിമാനചിഹ്നത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി ഗോദയിലിറങ്ങിയ ജലീല്‍ 64207 വോട്ടു നേടി. (49.93% വോട്ടുകള്‍). കുഞ്ഞാലിക്കുട്ടിക്ക് 43.1 ശതമാനത്തോടെ 55426 വോട്ടേ നേടാനായുള്ളൂ. അപ്പോഴേക്കും കുഞ്ഞാലിക്കുട്ടി മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിലെ അധിപനായി മാറിയിരുന്നു. 

വേങ്ങരയിലേക്ക് കളംമാറുന്നു 

മണ്ഡല പുനര്‍നിര്‍ണയത്തോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്ക് കളം മാറിച്ചവിട്ടി. ദുര്‍ബലനായ എതിരാളികളെയാണ് 2011ലും 2016ലും അദ്ദേഹത്തിന് എതിരിടേണ്ടി വന്നത്. 2011ല്‍ ഐ.എന്‍.എല്ലിലെ കെ.പി ഇസ്മാഈലിനെയും 2016ല്‍ സി.പി.എമ്മിലെ അഡ്വ.പി.പി ബഷീറിനെയും തോല്‍പ്പിച്ചു. അറുപത് ശതമാനത്തില്‍ കൂടുതല്‍ വോട്ടാണ് ഇരുപോരാട്ടത്തിലും അദ്ദേഹത്തിനു ലഭിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴെല്ലാം മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു. 


ഇന്ദ്രപ്രസ്ഥത്തിലേക്ക് 

2017 ഫെബ്രുവരിയില്‍ ചെന്നൈയില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് നിര്‍വാഹക സമിതി യോഗം കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇദ്ദേഹത്തെ രംഗത്തിറക്കുക എന്ന ലക്ഷ്യം കൂടി ഈ സ്ഥാനാരോഹണത്തിന് പിന്നിലുണ്ടായിരുന്നു. ലീഗിലെ മൂന്നു തലമുറയ്‌ക്കൊപ്പം രാഷ്ട്രീയം കണ്ട കുഞ്ഞാലിക്കുട്ടിയെ ഡല്‍ഹിയിലേക്ക് പറഞ്ഞയക്കുന്നതിന്റെ രാഷ്ട്രീയം എന്താണെന്ന് ഇനിയും വ്യക്തതയില്ലെങ്കിലും ഇന്ദ്രപ്രസ്ഥത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ശോഭിക്കാനാവുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

 

   1,ഇബ്രാഹിം സുലൈമാന്‍ സേട്ടിനും മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കുമൊപ്പം  2,കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും കുട

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ