ഈ ബ്ലോഗ് തിരയൂ

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പ്രതിഭാധനനായ ബീരാന്‍സാഹിബ്

turday, November 12, 2011

പ്രതിഭാധനനായ ബീരാന്‍സാഹിബ്

 (1925 മാർച്ച് 9 – 2001 മേയ് 31) 

സര്‍ഗധനനായ രാഷ്ട്രീയക്കാരന്‍ കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ബഹുമുഖ പ്രതിഭയുടെ പ്രഭാപൂരം പരത്തിയ ഉജ്വല വ്യക്തിത്വത്തിനുടമയായിരുന്ന യു.എ. ബീരാന്‍ സാഹിബിന്റെ വേര്‍പാടിന്  ഒരു ദശാബ്ദം പൂര്‍ത്തിയായി.ഉജ്വലനായ രാഷ്ട്രീയ നേതാവ്, പ്രതിഭാധനനായ എഴുത്തുകാരന്‍, അജയ്യനായ ഭരണകര്‍ത്താവ്, ധിഷണാശാലിയായ ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍.... ബീരാന്‍ സാഹിബിന്റെ പ്രതിഭയുടെ മിന്നലാട്ടം തൊട്ടറിഞ്ഞ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകള്‍ ഏറെയാണ്. തീക്ഷ്ണാനുഭവങ്ങളുടെ കനല്‍പഥങ്ങള്‍ കടന്നുവന്ന ബാല്യവും പട്ടാളക്യാമ്പിലെ പരുക്കന്‍ ജീവിതവും ചാര്‍ത്തിക്കൊടുത്ത നിസ്സംഗഭാവവുമായി ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയുടെ നേതൃനിരയിലെത്തിയ അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന് മുസ്ലിംലീഗ് സമ്മാനിച്ച സമഗ്ര സംഭാവനതന്നെയായിരുന്നു. ഇടക്കാലത്ത് മുസ്ലിംലീഗ് വിട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഭാഗമായെങ്കിലും ബീരാന്‍ സാഹിബിന്റെ ജീവിതത്തിന്റെ സിംഹഭാഗവും മുസ്ലിംലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിക്കുവേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടത്. സംസാരശേഷിപോലും നഷ്ടപ്പെട്ട അവസാന നാളുകളില്‍ ബീരാന്‍ സാഹിബിന്റെ ഹൃദയം തുടിച്ചത് മുസ്ലിംലീഗില്‍ തിരിച്ചെത്താനായിരുന്നു. സ്പഷ്ടമല്ലാത്ത വാക്കുകളില്‍ അക്കാലങ്ങളിലൊക്കെയും അദ്ദേഹം ഓര്‍ത്തെടുത്തത് മുസ്ലിംലീഗിനെയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളേയുമൊക്കെയായിരുന്നു. അന്ത്യനാളുകളിലൊന്നില്‍ ശിഹാബ് തങ്ങള്‍ കാണാന്‍ വന്നപ്പോള്‍ ബീരാന്‍ സാഹിബിന്റെ കണ്ണുകളില്‍നിന്നൊഴുകിയ അണമുറിയാത്ത ബാഷ്പധാരയില്‍ എല്ലാമടങ്ങിയിരുന്നു. മുസ്ലിംലീഗുകാരനായിത്തന്നെ മരിക്കണമെന്ന ബീരാന്‍സാഹിബിന്റെ അദമ്യമായ മോഹം പൂവണിയുകയായിരുന്നു. ഇടക്കാലത്ത് ലീഗ് വിട്ടുപോയ എെ.എന്‍.എല്‍. മാതൃസംഘടനയില്‍ തിരിച്ചെത്തിയ വേളയിലാണ് ബീരാന്‍ സാഹിബ് മണ്‍മറഞ്ഞതിന്റെ പത്താമാണ്ട് കടന്നുവരുന്നത്. ജീവിച്ചിരുന്നുവെങ്കില്‍ ഈ പുന:സ്സമാഗമത്തില്‍ ഏറെ സന്തോഷിക്കുക അദ്ദേഹമായിരിക്കും. രാഷ്ട്രീയത്തിന്റെ ഊഷരഭൂമികളില്‍ സര്‍ഗശേഷി കൈമോശം വരുന്നവര്‍ക്കിടയില്‍ ബീരാന്‍സാഹിബ് വ്യത്യസ്തനായിരുന്നു. രാഷ്ട്രീയഭരണ രംഗങ്ങളിലെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും അദ്ദേഹം എഴുത്തും വായനയും കൈവിട്ടില്ല. യാത്രാവേളകളില്‍പോലും പുസ്തകങ്ങള്‍ കൂട്ടുപോയി. പരന്ന വായനയായിരുന്നു ധിഷണാശാലിയായ ആ മനുഷ്യന്റെ കരുത്ത്. നേടാനാവാതെപോയ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗിരിശൃംഗങ്ങളെ ആഴമേറിയ വായനകൊണ്ടദ്ദേഹം കീഴടക്കി. കഥകളും ജീവചരിത്രങ്ങളും യാത്രാവിവരണങ്ങളുമൊക്കെയായി സാഹിത്യമേഖലയില്‍ രചനാവൈഭവത്തിന്റെ രജതരേഖകള്‍ ചാലിച്ചുചാര്‍ത്തി ബീരാന്‍സാഹിബിന്റെ തൂലിക. കുപ്പിവളകള്‍ (1958), മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (1966), നജീബിന്റെ ആത്മകഥ (1971), അറബ് രാജ്യങ്ങള്‍, റഷ്യ, മാലി (1986), അറബ് രാജ്യങ്ങളും യൂറോപ്പും (1989), നാസറിന്റെ ആത്മകഥ, ട്യൂട്ടര്‍ (1988), വിഭജനത്തിന്റെ വിവിധ വശങ്ങള്‍ (1995) തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. "ഇന്‍തിഫാദ' പോലുള്ള കവിതകള്‍ രചിച്ച ബീരാന്‍ സാഹിബ് നല്ലൊരു കവിയായിരുന്നെന്ന കാര്യം ഒരുപക്ഷേ ഏറെപേര്‍ക്കുമറിയില്ല. സ്വന്തം ആത്മകഥ എഴുതി പൂര്‍ത്തിയാക്കാന്‍ പക്ഷേ ബീരാന്‍ സാഹിബിന് കഴിയാതെപോയി. 1997ല്‍ ആത്മകഥാ രചനക്ക് തുടക്കംകുറിച്ചെങ്കിലും. ഏറെ താമസിയാതെ രോഗശയ്യയിലായി. മൂന്ന് ദശാബ്ദകാലത്തെ ജീവിത ചിത്രം അദ്ദേഹം ആത്മകഥയില്‍ കോറിയിട്ടു. ചന്ദ്രികയില്‍ സഹപത്രാധിപരാവുന്നതുവരെയുള്ള ജീവിതരേഖ. ബാക്കിയെഴുതുംമുമ്പ് ബീരാന്‍സാഹിബിനെ രോഗം കീഴടക്കി. അതോടെ ആത്മകഥാ രചന പാതിവഴിയില്‍ നിന്നുപോയി. 1970ല്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍നിന്നും വിജയിച്ച് ബീരാന്‍സാഹിബ് ആദ്യമായി നിയമസഭയിലെത്തി. 1977ല്‍ താനൂരിനെയും 1980ല്‍ മലപ്പുറത്തെയും 1982ല്‍ തിരൂരിനെയും 1991 ല്‍ തിരൂരങ്ങാടിയെയും അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചു. എെ.എന്‍.എല്‍. രൂപീകരണത്തെത്തുടര്‍ന്ന് തിരൂരങ്ങാടി എം.എല്‍.എ.യായിരിക്കെ അദ്ദേഹം രാജിവെച്ചു. 1978ല്‍ സി.എച്ച്. മുഹമ്മദ്കോയാ സാഹിബിന്റെ രാജിയെത്തുടര്‍ന്ന് ബീരാന്‍സാഹിബ് വിദ്യാഭ്യാസമന്ത്രിയായി. ഒമ്പത് മാസം. 1982ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായി. പട്ടാളജീവിതം സമ്മാനിച്ച അടുക്കും ചിട്ടയുമായിരുന്നു ജീവിതത്തിലുടനീളം ബീരാന്‍സാഹിബ് പുലര്‍ത്തിപോന്നത്. പുറമെക്ക് പരുക്കനെന്ന് തോന്നുന്ന ആ മുഖഭാവംപോലും പട്ടാളജീവിതത്തിന്റെ ബാക്കിപത്രമാവാം. പക്ഷേ ആ പരുക്കന്‍ പ്രകൃതത്തിനുള്ളിലും ആര്‍ദ്രമായൊരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

Chandrika News      യു.എ. ബീരാൻ സാഹിബിന്റെ      വേർപാടി സ്റ്റ   പത്താം  വാർഷിക   ദിനത്തിൽ  പ്ര സിദ്ധി കരിച്ചത്     (    ബഷിർ  പുളിക്കോട്ടൂർ  നോട്   കടപ്പാട് )

(

1 അഭിപ്രായം: